ഭൂമിക്ക് പുറത്ത് എവിടെയെങ്കിലും ജീവനുണ്ടോ? ഇതറിയാൻ നിരവധി പരീക്ഷണങ്ങൾ ആണ് നമ്മുടെ ശാസ്ത്ര ലോകത്ത് നടത്തിവരുന്നത്. ബഹിരാകാശത്തെ ഓരോ സംഭവങ്ങളും നിരീക്ഷിച്ച് ആണ് ഇത് നടത്തുക എന്നത് പ്രത്യേകിച്ച് പറയേണ്ടതില്ലലോ? അന്യഗ്രഹങ്ങളിൽ ജീവന്റെ സാന്നിദ്ധ്യമുണ്ടോ എന്നറിയാൻ അവർ ശ്രമിച്ചുകൊണ്ടേയിരിക്കുന്നു . എന്നാൽ ഇതുവരെയും അത്തരത്തിലൊന്ന് കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. അതേസമയം ഇത് സംബന്ധിച്ച മറ്റു പലവിവരങ്ങളും അറിയാനായിട്ടുണ്ട്. അത്തരത്തിലൊന്നാണ് ശനി ഗ്രഹത്തെ സംബന്ധിച്ചുള്ളത്. സൗരയൂഥത്തിൽ വലയങ്ങളുള്ള വമ്പൻ ഗ്രഹമാണ് ശനി എന്നറിയാമല്ലോ? ശനിക്ക് നിരവധി ഉപഗ്രഹങ്ങളുണ്ട്. ഇവയിൽ ആറാമത് വലിയ ഉപഗ്രഹമാണ് എൻസിലാഡസ്. ഈ ഉപഗ്രഹത്തിൽ ജീവന് നിലനിന്നുപോകാൻ സാദ്ധ്യതയുണ്ടാകാം എന്നാണ് ഗവേഷകരുടെ കണക്കുകൂട്ടൽ.
എൻസലാഡസിലെ സമുദ്രത്തിൽ ദ്രവജലവും, ചില കെമിക്കലുകളും, ഹൈഡ്രജനും കാർബണും നൈട്രജനും ഓക്‌സിജനും ഫോസ്‌ഫറസും സൾഫറും അടങ്ങിയിട്ടുണ്ടെന്നാണ് അനുമാനം. മറ്റൊരു കാര്യം എന്തെന്നാൽ ജലമുള്ളയിടത്ത് ജീവന് സാദ്ധ്യതയുണ്ടാകാം എന്ന് ശാസ്‌ത്രലോകം കരുതുന്നു. അതിനാൽ ഇവിടെ പര്യവേക്ഷണത്തിനായി ഒരു റോബോട്ടിനെ തയ്യാറാക്കിയിരിക്കുകയാണ് നാസ. എൻസലാഡസിലെ ഉപരിതലത്തിലെ കട്ടിയേറിയ മഞ്ഞിനെ മുറിച്ച് ജീവന്റെ സാദ്ധ്യത കണ്ടെത്തുകയാണ് ലക്ഷ്യം.
ഇതിനായി നാസയുടെ ജെറ്റ് പ്രൊപ്പൽഷൻ ലബോറട്ടറി (ജെപിഎൽ) ആണ് എക്‌സോബയോളജി എക്‌സ്റ്റന്റ് ലൈഫ് സർവേയർ (ഇഎൽസ്) എന്ന റോബോട്ടിനെ തയ്യാറാക്കിയത്.ഒരു പാമ്പിന്റെ രൂപത്തിലുള്ള റോബോട്ടാണ് ഇഎൽസ്. 16 അടി നീളം വരെയുള്ള ഇത് കട്ടിയേറിയ എൻസലാഡസിലെ ഐസ് പാളിയെ തുരക്കാൻ കഴിയുന്നതാണ്. വെള്ളത്തിനടിയിലും ഇഎൽസിന് നീങ്ങാനാകും. 220 പൗണ്ടാണ് ഈ നീളൻ റോബോട്ടിന്റെ ഭാരം.

റോബോട്ടിന്റെ തലഭാഗത്തിൽ എൻസലാഡസിന്റെ പ്രതലത്തിന്റെ 3ഡി മാപ്പിംഗ് നടത്താൻ ഇതിനാകും. ഈ ഉപഗ്രഹത്തിന്റെ പ്രതലസമ്മർദ്ദം അളക്കാനുള്ള സംവിധാനം ഇതിലുണ്ട്. കാനഡയിലെ ജാസ്‌പർ ദേശീയോദ്യാനത്തിലെ അതബാസ്‌കയിൽ ഇതിന്റെ പരീക്ഷണം നടന്നുകഴിഞ്ഞു. ജീവന്റെ തെളിവുകളെ കണ്ടെത്താൻ ഇഎൽസിന് കഴിയുമെന്ന് തന്നെയാണ് നാസയിലെ ഗവേഷകർ കരുതുന്നത്.