കൊൽക്കത്തയിലെ സാൾട്ട് ലേക്ക് സ്റ്റേഡിയത്തില്‍ രാത്രി 7:30 ഇരുടീമുകളും ഏറ്റുമുട്ടും
കൊൽക്കത്ത: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്ബോള്‍ 11-ാം പതിപ്പിന് ഇന്ന് കലാശക്കൊട്ട്. കിരീട പോരാട്ടത്തിൽ മോഹൻ ബഗാൻ സൂപ്പർ ജയന്‍റ്‌സ് ബെംഗളൂരു എഫ്‌സിയെ നേരിടും. കൊൽക്കത്തയിലെ സാൾട്ട് ലേക്ക് സ്റ്റേഡിയത്തില്‍ രാത്രി 7:30 ഇരു ടീമുകളും ഏറ്റുമുട്ടും. കൊൽക്കത്തയിലെ സോൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ മോഹൻ ബാഗാൻ സൂപ്പർ ജയന്റ്‌സും ബെംഗളൂരു എഫ്സിയും തമ്മിൽ ഏറ്റുമുട്ടുമ്പോൾ ജയം ആർക്കൊപ്പം എന്ന് അറിയാനുള്ള കാത്തിരിപ്പിലാണ് ഫുട്ബോൾ ആരാധകർ. ഐഎസ്‌എൽ ചരിത്രത്തിൽ അഞ്ചാം തവണയാണ് മോഹൻ ബഗാൻ ടൂർണമെന്‍റ് ഫൈനലിൽ കളിക്കുന്നത്. രണ്ടാം കിരീടം ലക്ഷ്യമിട്ടാണ് ബഗാന്‍ ഇന്നത്തെ മത്സരത്തിനിറങ്ങുന്നത്.
എന്നാല്‍ 2023 ലെ ഫൈനലിൽ എംബിഎസ്‌ജിയോട് തോറ്റതിന് പ്രതികാരം ചെയ്യാനാണ് ബെംഗളൂരു ലക്ഷ്യമിടുന്നത്. സീസണില്‍ രണ്ടുതവണ മുഖാമുഖം വന്നപ്പോള്‍ ഓരോ ജയംവീതം ഇരുടീമുകളും നേടി. ഫറ്റോർഡ സ്റ്റേഡിയത്തിൽ നടന്ന രണ്ടാം പാദ സെമിഫൈനലിൽ ഗോവയെ 2-1ന് പരാജയപ്പെടുത്തി ബിഎഫ്‌സി 3-2ന് അഗ്രഗേറ്റ് വിജയം നേടിയാണ് ഫൈനലില്‍ പ്രവേശിച്ചത്. അതേസമയം സെമിഫൈനലിൽ ലാലെങ്മാവിയ റാൾട്ടെയുടെ ടോപ് കോർണർ സ്ട്രൈക്ക് ജാംഷഡ്പൂരിനെ 3-2ന് അഗ്രഗേറ്റ് അടിസ്ഥാനത്തിൽ പരാജയപ്പെടുത്തിയതോടെ മോഹൻ ബഗാൻ എസ്‌ജി കിരീടപ്പോരിലേക്കെത്തി.