ഓപ്പറേഷന്‍ സിന്ദൂര്‍ വിജയത്തിൽ അഭിനന്ദിച്ച് ഇസ്രയേല്‍; ഭീകരതക്കെതിരായ പോരാട്ടത്തില്‍ ഇന്ത്യയ്‌ക്കൊപ്പം

പഹല്‍ഗാം ഭീകരാക്രമണത്തിന് മറുപടിയായി നടത്തിയ ഓപ്പറേഷന്‍ സിന്ദൂറിന്റെ വിജയത്തിൽ ഇന്ത്യയെ പ്രശംസിച്ച് ഇസ്രയേല്‍. ഭീകരതക്കെതിരായ പോരാട്ടത്തില്‍ ഇന്ത്യയ്‌ക്കൊപ്പമെന്ന് ഇസ്രയേല്‍ കൂട്ടിച്ചേർത്തു. ഇസ്രായേല്‍ പ്രതിരോധ മന്ത്രാലയ ഡയറക്ടര്‍ ജനറല്‍ മേജര്‍ ജനറല്‍ അമീര്‍ ബറാം ഇന്ത്യയുടെ പ്രതിരോധ സെക്രട്ടറി രാജേഷ് കുമാര്‍ സിങ്ങുമായി ഫോണില്‍ സംസാരിക്കുകയും ഓപ്പറേഷന്‍ സിന്ദൂറിന്റെ വിജയത്തിൽ അഭിനന്ദിക്കുയും ചെയ്തു. മുന്‍പും ഇസ്രയേല്‍ ഭീകരതയ്‌ക്കെതിരെ ഇന്ത്യയ്‌ക്കൊപ്പമുണ്ടാകുമെന്ന് പ്രതികരിച്ചിരുന്നു.

ഇരുരാജ്യങ്ങളും തമ്മിലുള്ള പ്രതിരോധരംഗത്തെ ബന്ധം ദൃഢപ്പെടുത്തുമെന്ന് ഇന്ത്യയും ഇസ്രയേലും വ്യക്തമാക്കി.തങ്ങളുടെ ഔദ്യോഗിക എക്‌സ് ഹാന്‍ഡിലിലൂടെ പ്രതിരോധമന്ത്രാലയമാണ് സംഭാഷണത്തിന്റെ വിശദാംശങ്ങള്‍ പങ്കുവച്ചത്. കശ്മീരിലെ പഹല്‍ഗാമില്‍ വിനോദസഞ്ചാരികള്‍ ഉള്‍പ്പെടെ 26 പേരെ കൊലപ്പെടുത്തിയ ഭീകരാക്രമണത്തിന് മറുപടിയായാണ് ഇന്ത്യ പാകിസ്താനിലെ 9 ഭീകരകേന്ദ്രങ്ങള്‍ ലക്ഷ്യംവച്ച് ഓപ്പറേഷന്‍ സിന്ദൂര്‍ എന്ന പേരില്‍ പ്രത്യാക്രമണം നടത്തിയത്.

സിന്ദൂര്‍ ദൗത്യം വ്യത്യസ്ത യുദ്ധമുറകള്‍ക്ക് എതിരായ സൈനിക പ്രതികരണമായാണ് നടപ്പിലായത്.നൂര്‍ ഖാന്‍, റഹീം യാര്‍ഖാന്‍ വ്യോമ താവളങ്ങള്‍ തകര്‍ത്തത് കൃത്യതയുടെ തെളിവാണെന്ന് കേന്ദ്ര സര്‍ക്കാര്‍ കൂട്ടിച്ചേർത്തു. ശത്രു ഡ്രോണുകളെ ഫലപ്രദമായി തകര്‍ക്കാന്‍ തദ്ദേശീയമായി വികസിപ്പിച്ച ‘ആകാശ്’ വ്യോമ പ്രതിരോധ സംവിധാനത്തിന് കഴിഞ്ഞുവെന്നും, വിദേശ നിര്‍മ്മിത നൂതന ആയുധങ്ങള്‍ ഉപയോഗിച്ചിട്ടും പാകിസ്ഥാനെക്കാള്‍ ഇന്ത്യയുടെ തദ്ദേശീയ സാങ്കേതികവിദ്യകള്‍ മികവു പുലർത്തിയെന്നും കേന്ദ്രം പറഞ്ഞു.

ഓപ്പറേഷന്‍ സിന്ദൂര്‍ ആസൂത്രണം ചെയ്യാന്‍ പത്ത് ഉപഗ്രഹങ്ങളാണ് ദൗത്യത്തിൽ ഉപയോഗിച്ചത്. പരമ്പരാഗത പെച്ചോര മിസൈല്‍, ലോവര്‍ എയര്‍ ഡിഫന്‍സ് തോക്കുകള്‍ തുടങ്ങിയ വ്യോമപ്രതിരോധ സംവിധാനങ്ങൾ ദൗത്യത്തിന് ഉപയോഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *