ജഗതിയുടെ മാസ് തിരിച്ചുവരവ്; ‘വല’ യുടെ ടീസര്‍ എത്തി

കൊച്ചി: മലയാള സിനിമയിലെ ഹാസ്യ സാമ്രാട്ട് ജഗതി ശ്രീകുമാറിന്‍റെ തിരിച്ചുവരവ് എന്ന നിലയില്‍ പ്രഖ്യാപന സമയത്ത് തന്നെ ശ്രദ്ധ നേടിയ ‘വല’ സിനിമയുടെ ആദ്യ അപ്ഡേഷന്‍ എത്തിയിരിക്കുകയാണ്. ഒരു അപകടത്തെ തുടര്‍ന്ന് സിനിമ രംഗത്ത് നിന്നും പൂര്‍ണ്ണമായും വിട്ടു നില്‍ക്കുന്ന ജഗതി ശ്രീകുമാര്‍ അതിനിടയില്‍ സിബിഐ 5 എന്ന ചിത്രത്തില്‍ മാത്രമാണ് പ്രത്യക്ഷപ്പെട്ടത്. എന്നാല്‍ വര്‍ഷങ്ങള്ക്ക് ശേഷം ഒരു പ്രധാന വേഷത്തിലെത്തുകയാണ് താരം ചിത്രത്തിൽ എന്നാണ് ആദ്യ ദൃശ്യങ്ങള്‍ നല്‍കുന്ന സൂചന.

പ്രൊഫസര്‍ അമ്പിളി അഥവ അങ്കിള്‍ ലൂണ. ആര്‍ എന്ന കഥപാത്രമായാണ് ജഗതി ചിത്രത്തിലെത്തുന്നത്. കൂടാതെ ഗഗാനചാരിയിലെ കഥാപാത്രത്തെ ഓര്‍മ്മിപ്പിക്കുന്ന അനാര്‍ക്കലി മരയ്ക്കാറിന്‍റെ കഥാപാത്രം ടീസറിലുണ്ട്. ചിത്രത്തില്‍ ജഗതിയുടെ ശബ്ദം തന്നെയാണ് ഉപയോഗിച്ചിരിക്കുന്നത് എന്നത് മറ്റൊരു പ്രത്യേകതയാണ്. ‘അനിയാ നില്‍’ എന്ന ഡയലോഗോടെ ടീസറില്‍ കഥാപാത്രങ്ങളെ പരിചയപ്പെടുത്തുന്നത് ജഗതിയുടെ ശബ്ദമാണ്.

‘ഗഗനചാരി’ എന്ന ചിത്രത്തിലൂടെ മലയാള സിനിമ ഇതുവരെ കാണാത്ത ഒരു ജോണര്‍ പരിചയപ്പെടുത്തിക്കൊടുത്ത സംവിധായകന്‍ അരുണ്‍ ചന്തുവിന്റെ വരാനിരിക്കുന്ന ചിത്രമാണ് ‘വല’. സയന്‍സ് ഫിക്ഷന്‍ മോക്യുമെന്ററിയായ ഗഗനചാരിക്ക് ശേഷം പുതുമയുള്ള പ്രമേയവും കഥാപശ്ചാത്തലവും, സോംബികളുമായാണ് വല എന്ന പുതിയ ചിത്രമെത്തുന്നത്.

ഭൂമിയില്‍ നിന്നും പുറത്തേക്ക് വളര്‍ന്ന നിലയിലുള്ള ചുവപ്പന്‍ പേശികളുമായാണ് ‘വല’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍. നേരത്തെ തന്നെ ചിത്രത്തിന്റെ രസകരമായ അനൗണ്‍സ്‌മെന്റ് വീഡിയോയും അണിയറ പ്രവർത്തകർ പുറത്തുവിട്ടിരുന്നു. കോമഡി കൂടി കലര്‍ന്നായിരിക്കും മലയാളത്തിന്റെ സോംബികള്‍ എത്തുക എന്ന സൂചനയായിരുന്നു ടീസർ നല്‍കിയ സൂചന. അണ്ടർഡോഗ്സ് എന്റര്‍ടെയ്ന്‍മെന്റ്‌സ് നിര്‍മിക്കുന്ന ചിത്രത്തിന്‍റെ സഹനിർമ്മാണം ലെറ്റേഴ്‌സ് എന്റര്‍ടെയ്ന്‍മെന്റാണ്. തിരക്കഥയൊരുക്കുന്നത് ടെയ്‌ലര്‍ ഡര്‍ഡനും അരുണ്‍ ചന്തുവും ചേര്‍ന്നാണ്. ഛായാഗ്രഹണം സുര്‍ജിത് എസ് പൈ, എഡിറ്റിംഗ് സിജെ അച്ചു, സംഗീതം ശങ്കര്‍ ശര്‍മ്മ, വിഎഫ്എക്സ് മേരാക്കി, മേക്കപ്പ് ആര്‍ജി വയനാടന്‍, വസ്ത്രാലങ്കാരം ബ്യൂസി ബേബി ജോണ്‍, സൗണ്ട് ഡിസൈന്‍ ശങ്കരന്‍ എ എസ്, സിദ്ധാര്‍ത്ഥന്‍ എന്നിവര്‍ നിര്‍വ്വഹിക്കുന്നു. ഫൈനല്‍ മിക്സ് വിഷ്ണു സുജാഥന്‍, ക്രിയേറ്റീവ് ഡയറക്ടര്‍ വിനീഷ് നകുലന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ പ്രശാന്ത് നാരായണന്‍.

Leave a Reply

Your email address will not be published. Required fields are marked *