ജയിലർ-2: രജനീ കാന്തിനൊപ്പം വമ്പൻ താരനിര; നെൽസൺ ചിത്രത്തിന്റെ പുതിയ അപ്ഡേറ്റ് പുറത്ത്

രജനീകാന്ത് ആരാധകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ജയിലർ-2. ആദ്യഭാ​ഗത്തിലേതുപോലെ വിവിധ ഭാഷകളിൽ നിന്ന് വലിയ താരങ്ങളാണ് അണിനിരക്കുന്നത്. ഇപ്പോഴിതാ ജയിലർ-2 മായി ബന്ധപ്പെട്ട് ചിത്രത്തിന്റെ പുതിയ വിവരങ്ങൾ പുറത്തുവന്നിരിക്കുകയാണ്. തെലുങ്കിലെ സൂപ്പർതാരങ്ങളിലൊരാളായ നന്ദമൂരി ബാലകൃഷ്ണ ചിത്രത്തിന്റെ ഭാ​ഗമാകും എന്നതാണ് പുറത്ത് വരുന്ന വിവരം.

ജയിലർ-2 ൽ ഒരു സുപ്രധാന വേഷത്തിൽ അഭിനയിക്കാൻ ബാലകൃഷ്ണ സമ്മതിച്ചുവെന്ന് ചിത്രവുമായി ബന്ധപ്പെട്ട അടുത്തവൃത്തങ്ങളെ ഉദ്ധരിച്ച് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. സംവിധായകൻ നെൽസൺ കഥാപാത്രത്തേക്കുറിച്ച് പറഞ്ഞ വിവരണം ബാലകൃഷ്ണയ്ക്ക് ഇഷ്ടമായെന്നും സൂപ്പർതാരത്തിന്റെ ഭാ​ഗങ്ങൾ ഉടൻ ചിത്രീകരിക്കുമെന്നും അവർ വ്യക്തമാക്കി. ബാലകൃഷ്ണയുടെ രം​ഗങ്ങൾ ആരാധകർക്ക് ഏറ്റെടുക്കുമെന്ന് അടുത്തവൃത്തങ്ങൾ പ്രതികരിച്ചു.

നെൽസൺ സംവിധാനം ചെയ്ത രജനീകാന്ത് ചിത്രം ജയിലർ പുറത്തിറങ്ങിയത് 2023-ലാണ്. ഇന്ത്യയെമ്പാടും വലിയ ഹിറ്റായ ചിത്രത്തിലെ ഒരു വേഷത്തിലേക്ക് ബാലകൃഷ്ണയെ പരി​ഗണിച്ചിരുന്നെന്ന് റിലീസിന് ശേഷം ഒരു തമിഴ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ നെൽസൺ പറഞ്ഞിരുന്നു. അദ്ദേഹത്തിന്റെ കഥാപാത്രത്തെ തിരക്കഥയിൽ ശരിയായി രൂപകൽപ്പന ചെയ്യാനും ഉൾക്കൊള്ളിക്കാനും സാധിക്കാത്തതുകൊണ്ട് ആ കഥാപാത്രം ഉപേക്ഷിക്കുകയായിരുന്നെന്നും നെൽസൺ പറഞ്ഞിരുന്നു.

ആദ്യഭാ​ഗത്തിലെ ശിവരാജ്കുമാർ ചെയ്ത വേഷം രണ്ടാം ഭാ​ഗത്തിലുമുണ്ടാവും. മലയാളത്തിൽ നിന്ന് മോഹൻലാൽ, ഫഹദ് ഫാസിൽ, സുരാജ് വെഞ്ഞാറമ്മൂട് തുടങ്ങിയവരും ജയിലർ-2ൽ ഉണ്ടാവുമെന്നും സൂചനയുണ്ട്. കേരളത്തിലാണ് ചിത്രത്തിന്റെ ആദ്യഘട്ട ഷൂട്ടിങ് നടന്നത്. ലൊക്കേഷനിൽ തുറന്ന വാഹനത്തിലെത്തി ആരാധകരെ അഭിസംബോധന ചെയ്യുന്ന രജനീകാന്തിന്റെ ദൃശ്യങ്ങൾ നേരത്തേ വൈറലായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *