രാഷ്ട്രീയനേട്ടങ്ങൾക്കായി തൃശൂർ പൂരം കലക്കാനായി ഗൂഢാലോചന നടന്നെന്നു മൊഴി നൽകി റവന്യു മന്ത്രി കെ രാജൻ. എ ഡി ജി പി എം ആർ അജിത് കുമാറിനെതിരെയും മന്ത്രി മൊഴി നൽകിയിട്ടുണ്ട്.ദേവസ്വങ്ങളുമായി സിറ്റി പോലീസ് കമ്മീഷണർ അടക്കമുള്ളവരുടെ ഭാഗത്തുനിന്ന് പ്രശ്നങ്ങൾ ഉണ്ടായിരുന്നു.അക്കാര്യം എം ആർ അജിത്കുമാറിന്റെ ശ്രദ്ധയിൽപെടുത്തിയിരുന്നു. ഉന്നത ഉദ്യോഗസ്ഥൻ എന്ന നിലയിൽ സ്ഥലത്ത് ഉണ്ടാകണം എന്ന് അറിയിച്ചിരുന്നു.
ഉണ്ടാകുമെന്നു അദ്ദേഹം ഉറപ്പുനല്കിയിരുന്നതായും മന്ത്രിയുടെ മൊഴിയിൽ പറയുന്നു.എന്നാൽ പൂരം കലക്കിയ സംഭവത്തിനു ശേഷം പല തവണ വിളിച്ചിട്ടും അജിത്കുമാർ ഫോൺ എടുത്തില്ലെന്നും തിരിച്ചു വിളിക്കുകയോ ചെയ്തില്ലെന്നും മൊഴിയിലുണ്ട്. എന്നാൽ ഈ സംഭവങ്ങൾക്ക് ശേഷം അദ്ദേഹം സ്വകാര്യ യാത്രയിലായിരുന്നു എന്ന് പിന്നീട് അന്വേഷിച്ചപ്പോൾ അറിയാൻ സാധിച്ചിരുന്നതായും മന്ത്രിയുടെ മൊഴിയിൽ പറയുന്നുണ്ട്.
പെരുമാറ്റച്ചട്ടം നിലനിന്നിരുന്നതിനാൽ ജനപ്രതിനിധികൾ എന്ന നിലയിൽ പല കാര്യങ്ങളിലും ഇടപെടുന്നതിന് പരിമിതികൾ ഉണ്ടായിരുന്നു. ഈ സാഹചര്യം മുതലാക്കി ചില ഗൂഢാലോചനകൾ നടന്നെന്ന് മൊഴിയിൽ പറയുന്നു.ബുധനാഴ്ച രാത്രിയാണ് മന്ത്രിയുടെ മൊഴി എടുത്തത്.പ്രത്യേക അന്വേഷണ സംഘത്തിന്റെ തലവൻ തോംസൺ ജോസാണ് മന്ത്രിയുടെ മൊഴിയെടുത്തത്.