കമല്‍ഹാസൻ- മണി രത്നം കോമ്പോ; തഗ് ലൈഫിലെ ആദ്യ ​ഗാനം റിലീസ് ചെയ്തു

37 വര്‍ഷങ്ങള്‍ക്ക് ശേഷം കമൽഹാസനും മണി രത്നവും ഒന്നിക്കുന്ന ‘ത​ഗ് ലൈഫ്’ ലെ ആദ്യ ​ഗാനം റിലീസ് ചെയ്തു. ‘ജിങ്കുച്ചാ’ എന്ന ​ഗാനത്തിന് കമൽ ഹാസനാണ് വരികൾ എഴുതിയിരിക്കുന്നത്. എ ആർ റഹ്‌മാൻ ഈണം നൽകിയ ഗാനം പാടിയിരിക്കുന്നത് വൈശാലി സാമന്ത്, ആദിത്യ ആർകെ, ശക്തിശ്രീ ഗോപാലൻ തുടങ്ങിയവർ ചേർന്നാണ്.

സാന്യ മൽഹോത്ര, സിലമ്പരശൻ, കമൽഹാസൻ തുടങ്ങിയവരെയും വീഡിയോയിൽ കാണാം. ചിത്രം ജൂൺ 5 ന് തിയേറ്ററുകളിലേക്കെത്തും.തൃഷ, അഭിരാമി, നാസര്‍ തുടങ്ങിയവര്‍ക്കൊപ്പം ചിത്രത്തിലെ മറ്റൊരു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ചിമ്പുവാണ്. ചിത്രം നിര്‍മ്മിക്കുന്നത് കമല്‍ ഹാസന്‍റെ രാജ്കമല്‍ ഫിലിംസിനൊപ്പം മണി രത്നത്തിന്‍റെ മദ്രാസ് ടാക്കീസും ഉദയനിധി സ്റ്റാലിന്‍റെ റെഡ് ജയന്‍റ് മൂവീസും ചേര്‍ന്നാണ്.

ജയം രവി, തൃഷ, ദുല്‍ഖര്‍ സല്‍മാന്‍, അഭിരാമി, നാസര്‍ എന്നിങ്ങനെ വലിയ താരനിര ഉണ്ടാവുമെന്ന് ടൈറ്റിലിനൊപ്പം ഔദ്യോഗിക പ്രഖ്യാപനം വന്ന സിനിമയും കൂടിയാണിത്. എന്നാല്‍ ഡേറ്റ് പ്രശ്നത്തെ തുടര്‍ന്ന് ദുല്‍ഖറും ജയം രവിയും പിന്നീട് ചിത്രത്തില്‍ നിന്ന് പിന്മാറുകയായിരുന്നു. ദുല്‍ഖറിന് പകരമാണ് പിന്നീട് ചിമ്പു എത്തിയത്.ആക്ഷന് പ്രാധാന്യമുള്ള ഗ്യാങ്സ്റ്റര്‍ ഡ്രാമ ചിത്രം ആയിരിക്കും തഗ് ലൈഫ് എന്നാണ് വിവരം. രംഗരായ ശക്തിവേല്‍ നായ്ക്കര്‍ എന്ന കഥാപാത്രമായാണ് കമല്‍ ഹാസന്‍ ചിത്രത്തിലെത്തുന്നത്. മണി രത്‌നത്തിനൊപ്പം സംഗീതസംവിധായകൻ എ ആർ റഹ്‌മാനും എഡിറ്റർ ശ്രീകർ പ്രസാദും ഈ ചിത്രത്തിലും ഒരുമിക്കുന്നുണ്ട്. ഛായാഗ്രാഹണം രവി കെ ചന്ദ്രന്‍.

അശോക് സെല്‍വന്‍, അലി ഫസല്‍, പങ്കജ് ത്രിപാഠി, സാന്യ മല്‍ഹോത്ര, ജോജു ജോര്‍ജ്, ജിഷു സെന്‍ഗുപ്ത, ഐശ്വര്യ ലക്ഷ്മി, രോഹിത് ഷറഫ്, വൈയാപുരി തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പിആർഒ – വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

Leave a Reply

Your email address will not be published. Required fields are marked *