യെമനിൽ വധശിക്ഷ വിധിക്കപ്പെട്ട നിമിഷ പ്രിയയുടെ ശിക്ഷ മാറ്റിവച്ചതിൽ പ്രതികരണവുമായി കാന്തപുരം എപി അബൂബക്കർ മുസ്ലിയാർ.
ഈ വിഷയത്തിൽ ഇടപെട്ടത് മനുഷ്യൻ എന്ന നിലയിലാണെന്ന് കാന്തപുരം പ്രതികരിച്ചു. കാന്തപുരം എപി അബൂബക്കർ മുസ്ലിയാർ യെമനിലെ മതപണ്ഡിതരുമായി ചർച്ച നടത്തിയിരുന്നു.
മനുഷ്യന് വേണ്ടി ഇടപെടണമെന്നാണ് യെമനിലെ മതപണ്ഡിതരോട് ആവശ്യപ്പെട്ടത് എന്ന് അദ്ദേഹം പറഞ്ഞു. അതേസമയം ദയാധനം സമാഹരിക്കാനുള്ള ഉത്തരവാദിത്തം ചാണ്ടി ഉമ്മൻ ഏറ്റെടുത്തിട്ടുണ്ടെന്നും കാന്തപുരം പറഞ്ഞു. തുടർന്നും വിഷയത്തിൽ ഇടപെടും. പ്രധാനമന്ത്രിയുടെ ഓഫീസിനെ ഇക്കാര്യം അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം യെമനിലെ ജനതയ്ക്ക് സ്വീകാര്യരായ മുസ്ലിം പണ്ഡിതരെയാണ് താൻ ബന്ധപ്പെട്ടതെന്ന് കാന്തപുരം വ്യക്തമാക്കി. അവർ ആ രാജ്യത്തെ മുഴുവൻ ജനങ്ങളും സ്വീകരിക്കുന്ന ആളുകളാണെന്നും അദ്ദേഹം വ്യക്തമാക്കി. യെമൻ പൗരൻ തലാലിനെ കൊലപ്പെടുത്തിയ കേസിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുകയാണ് നിമിഷ പ്രിയ.വധശിക്ഷ നടപ്പാക്കാൻ മണിക്കൂറുകൾ മാത്രം ശേഷിക്കെയാണ് വിധി നീട്ടിവെച്ചത്.