കേരളത്തിലെ 140 മണ്ഡലങ്ങളിൽ എൽഡിഎഫ് ഏറ്റവും കൂടുതൽ ആത്മവിശ്വാസം പ്രകടിപ്പിക്കുന്ന 30 ‘ഷുവർ സീറ്റുകൾ’ എടുത്താൽ അതിൽ ഏറ്റവും മുൻനിരയിലുണ്ടാകും റാന്നി. അതെ, അവിടെയാണ് ‘MLA ഫാക്ടർ’ അതിന്റെ പൂർണ്ണരൂപത്തിൽ പ്രവർത്തിക്കുന്നത്. അഡ്വ. പ്രമോദ് നാരായണൻ എന്ന പേര് ഇന്ന് റാന്നിയിൽ വെറുമൊരു എംഎൽഎയുടേതല്ല, അതൊരു വികസന ബ്രാൻഡാണ്. യുഡിഎഫിനെ സംബന്ധിച്ചിടത്തോളം റാന്നി എന്നത് ഒരു കീറാമുട്ടിയാണ്, അഥവാ ഒരുകാലത്തും കീഴടക്കാൻ കഴിയാത്ത ഒരു ബാലികേറാമലയാണ്! ഈ മല കയറാൻ കോൺഗ്രസിനുള്ളിൽ തന്നെ ആറോളം പേരാണ് ഇപ്പോൾ കടിപിടി കൂടുന്നത്. ഒരാൾ പണം വാരിയെറിഞ്ഞ് പിആർ വർക്ക് നടത്തുന്നു, മറ്റൊരാൾ ഹൈക്കമാൻഡിൽ ചരടുവലിക്കുന്നു, വേറൊരാൾ പാരമ്പര്യത്തിന്റെ പേരിൽ സീറ്റിനായി മുറവിളി കൂട്ടുന്നു.
പഴകുളം മധു മുതൽ ആരോൺ ബിജിലി വരെയുള്ള ആറ് പേർ കോൺഗ്രസിനെ കുഴപ്പത്തിലാക്കുമ്പോൾ, മറുഭാഗത്ത് പ്രമോദ് നാരായണൻ തന്റെ വികസനക്കുതിപ്പിലൂടെ റാന്നിയെ ലോകനിലവാരത്തിലേക്ക് ഉയർത്തുകയാണ്. എന്താണ് അവിടെ സംഭവിക്കുന്നത്…റാന്നിയുടെ മണ്ണിൽ നിന്നും നേരിട്ടുള്ള ഈ പൊളിറ്റിക്കൽ എക്സ്പ്ലെയ്നറിലേക്ക് എല്ലാവർക്കും സ്വാഗതം!
കേരള രാഷ്ട്രീയത്തിൽ എപ്പോഴും ചർച്ച ചെയ്യപ്പെടുന്ന ഒന്നാണ് ‘ഇടതുകോട്ടകൾ’. പക്ഷേ, ഇത്തവണ എൽഡിഎഫ് കണക്കുകൂട്ടുന്നത് രാഷ്ട്രീയത്തിനപ്പുറം വ്യക്തിപ്രഭാവം കൊണ്ട് ജയിക്കാവുന്ന 30 സീറ്റുകളെക്കുറിച്ചാണ്. ഭരണവിരുദ്ധ വികാരം ഉണ്ടായാൽ പോലും എംഎൽഎയുടെ ജനപിന്തുണ കൊണ്ട് മാത്രം ജയിക്കാവുന്ന സീറ്റുകൾ. ആ പട്ടികയിൽ റാന്നി ഒന്നാം സ്ഥാനത്ത് വരാൻ കാരണങ്ങൾ പലതാണ്.
റാന്നി ഒരു കാലത്ത് ഇടതിന്റെ ഉറച്ച മണ്ണായിരുന്നു. 25 വർഷം രാജു എബ്രഹാം അവിടെ ഭരിച്ചു. രാജു എബ്രഹാം മാറിയപ്പോൾ യുഡിഎഫ് കരുതിയത് ആ കോട്ട തകരുമെന്നാണ്. പക്ഷേ, അവിടേക്കാണ് കേരള കോൺഗ്രസ് എമ്മിന്റെ പ്രതിനിധിയായി പ്രമോദ് നാരായണൻ വരുന്നത്
. വന്ന നാൾ മുതൽ ഇന്നുവരെ റാന്നിയുടെ ഓരോ മുക്കിലും മൂലയിലും പ്രമോദ് എന്ന വികസന നായകന്റെ കയ്യൊപ്പുണ്ട്. ജനങ്ങൾക്കിടയിൽ അദ്ദേഹം ഉണ്ടാക്കിയെടുത്ത വിശ്വാസം യുഡിഎഫിന് തകർക്കാൻ കഴിയുന്നതിലും അപ്പുറമാണ്. ഇതുകൊണ്ടാണ് റാന്നി കോൺഗ്രസിന് ഒരു ബാലികേറാമലയാകുന്നത്.
പ്രമോദ് നാരായണനെ നേരിടാൻ ഒരു ഒറ്റക്കെട്ടായ സ്ഥാനാർത്ഥിയെ കണ്ടെത്താൻ യുഡിഎഫിന് കഴിയുന്നില്ല എന്നതാണ് അവരുടെ ഏറ്റവും വലിയ പരാജയം. റാന്നിയിൽ സീറ്റിനായി കടിപിടി കൂടുന്ന ആ ആറ് പേരെ നമുക്ക് വിശദമായി പരിശോധിക്കാം.
യുഡിഎഫിൽ ഇപ്പോൾ ഏറ്റവും കൂടുതൽ ബഹളമുണ്ടാക്കുന്നത് പഴകുളം മധുവാണ്. കെ.സി. വേണുഗോപാലിന്റെ അതിവിശ്വസ്തൻ. കെ.സിക്ക് വേണ്ടി എന്തും ചെയ്യാൻ തയ്യാറുള്ള ഒരാൾ. യുഡിഎഫ് അധികാരത്തിൽ വന്നാൽ കെ.സിയെ മുഖ്യമന്ത്രിയാക്കാൻ പിന്തുണയ്ക്കുന്ന ഒരു ‘ശിങ്കിടി’യായി നിയമസഭയിൽ എത്തുക എന്നതാണ് പഴകുളത്തിന്റെ ലക്ഷ്യം.
ഇദ്ദേഹം റാന്നിക്കാരനല്ല. പക്ഷേ, ചില യൂട്യൂബർമാരെയും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാരെയും കൂട്ടി പ്രമോദ് നാരായണനെതിരെ വ്യാജ ആരോപണങ്ങൾ ഉന്നയിച്ചുകൊണ്ട് ഇദ്ദേഹം വലിയ ക്യാമ്പയിൻ നടത്തുന്നു. “റാന്നിയെ ഞാനിങ്ങെടുക്കുവാ” എന്ന് പഴകുളം സ്വയം പറഞ്ഞു നടക്കുന്നത് റാന്നിക്കാർ തമാശയോടെയാണ് കാണുന്നത്. വികസനം കൊണ്ട് മറുപടി പറയുന്ന പ്രമോദിനെ സോഷ്യൽ മീഡിയ അറ്റാക്കുകൾ കൊണ്ട് തോൽപ്പിക്കാമെന്നത് പഴകുളത്തിന്റെ വെറും സ്വപ്നം മാത്രമാണ്.
മുൻ എംഎൽഎയുടെ മകൻ എന്ന പേരിൽ കഴിഞ്ഞ തവണ മത്സരിച്ച ആളാണ് റിങ്കു. പക്ഷേ, പരാജയത്തിന് ശേഷം അദ്ദേഹം ജനങ്ങളിലേക്ക് ഇറങ്ങിച്ചെന്നിട്ടില്ല. മനോരമ സർവ്വേയിൽ പോലും റിങ്കുവിന്റെ ഈ നിഷ്ക്രിയത്വം വലിയ രീതിയിൽ വിമർശിക്കപ്പെട്ടു. പ്രമോദ് നാരായണൻ ഓരോ ദിവസവും പുതിയ പദ്ധതികളുമായി ജനങ്ങൾക്കിടയിൽ നിൽക്കുമ്പോൾ, വീട്ടിലിരിക്കുന്ന റിങ്കുവിന് റാന്നിയിൽ ഇനി സ്ഥാനമില്ലെന്ന് കോൺഗ്രസുകാർ തന്നെ പറയുന്നു.
കോൺഗ്രസിലെ ഏറ്റവും മുതിർന്ന നേതാക്കളിൽ ഒരാൾ. പടിഞ്ഞാറൻ റാന്നിയിൽ നല്ല സ്വാധീനമുണ്ട്. സ്ഥാനാർത്ഥിയാകാൻ ഏറ്റവും യോഗ്യൻ ജയ വർമ്മയാണെന്ന് ഒരു വിഭാഗം പ്രവർത്തകർ വിശ്വസിക്കുന്നു.
പക്ഷേ, അദ്ദേഹത്തെ വെട്ടിച്ച് പഴകുളം മധുവിനെപ്പോലെയുള്ളവർ സീറ്റ് വാങ്ങാൻ നോക്കുന്നത് കോൺഗ്രസിൽ വലിയ പൊട്ടിത്തെറിക്ക് കാരണമാകും. പ്രമോദിന്റെ ജനപിന്തുണയെ നേരിടാൻ ജയ വർമ്മയ്ക്ക് കഴിയുമോ എന്നതും രാഷ്ട്രീയ കേന്ദ്രങ്ങൾ ഉറ്റുനോക്കുന്നു.
യൂത്ത് കോൺഗ്രസ് നേതാവായ ശ്യാംജിക്ക് യുവാക്കൾക്കിടയിൽ ചില സ്വാധീനങ്ങളുണ്ടെന്ന് അവകാശപ്പെടുന്നുണ്ടെങ്കിലും കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ ഒരു സീറ്റ് പോലും നേടാൻ അദ്ദേഹത്തിനായില്ല. സ്വന്തം വാർഡിൽ പോലും സ്വാധീനമില്ലാത്ത ഒരാൾ എങ്ങനെ ഒരു മണ്ഡലത്തെ പ്രതിനിധീകരിക്കും എന്ന ചോദ്യം പ്രസക്തമാണ്. റാന്നിയിലെ സ്വാധീനമുള്ള കുടുംബത്തിൽ നിന്നുള്ള വ്യക്തി. പക്ഷേ, വെറും കുടുംബപ്പേര് കൊണ്ട് മാത്രം വോട്ട് കിട്ടുന്ന കാലം കഴിഞ്ഞു എന്ന് കോൺഗ്രസ് തിരിച്ചറിയുന്നില്ല. വികസനം കാണിച്ചു തരുന്ന പ്രമോദിന് മുന്നിൽ റെജിയുടെ പാരമ്പര്യം നിഷ്പ്രഭമാണ്. ജില്ലാ പഞ്ചായത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടെങ്കിലും ഒരു എംഎൽഎയ്ക്ക് വേണ്ട ഗൗരവമോ പക്വതയോ ഇദ്ദേഹത്തിനില്ലെന്നാണ് പാർട്ടിയിലെ തന്നെ സംസാരം. നേരെ ചൊവ്വേ സംസാരിക്കാൻ പോലും കഴിയാത്ത ഒരാളെ പ്രമോദ് നാരായണനെപ്പോലൊരു ‘പ്രഗത്ഭ വാഗ്മി’ക്കെതിരെ നിർത്തുന്നത് ആത്മഹത്യാപരമാണെന്ന് റാന്നിയിലെ കോൺഗ്രസുകാർ തന്നെ പറയുന്നു.
ഇവിടെയാണ് നാം പ്രമോദ് നാരായണൻ എന്ന നേതാവിനെ കുറിച്ച് കൂടുതൽ സംസാരിക്കേണ്ടത്. എന്തുകൊണ്ടാണ് റാന്നിക്കാർ അദ്ദേഹത്തെ ഇത്രയധികം സ്നേഹിക്കുന്നത്? പ്രമോദ് നാരായണന്റെ ഓരോ പ്രവൃത്തിയിലും ഒരു കൃത്യമായ പ്ലാനിംഗ് ഉണ്ട്. റാന്നിയെ വെറുമൊരു ഗ്രാമമായല്ല, മറിച്ച് ഒരു ആഗോള ടൂറിസം-കാർഷിക ഹബ്ബായാണ് അദ്ദേഹം കാണുന്നത്.
ടൂറിസം വിപ്ലവം: പമ്പാ തീരങ്ങളെ മനോഹരമാക്കിയും, ടൂറിസ്റ്റ് സർക്യൂട്ടുകൾ സ്ഥാപിച്ചും അദ്ദേഹം റാന്നിയെ ലോക ഭൂപടത്തിൽ എത്തിച്ചു.
ഹൈടെക് വിദ്യാലയങ്ങൾ: ഗവൺമെന്റ് സ്കൂളുകളെ വിദേശ രാജ്യങ്ങളിലെ സ്കൂളുകളേക്കാൾ മികച്ചതാക്കാൻ അദ്ദേഹം മുൻകൈയെടുത്തു.
കാർഷിക മാതൃക: റബ്ബർ കർഷകർ നേരിടുന്ന പ്രശ്നങ്ങളിൽ നേരിട്ട് ഇടപെടുകയും, അവർക്കായി മൂല്യവർദ്ധിത ഉൽപ്പന്നങ്ങൾ നിർമ്മിക്കാനുള്ള പദ്ധതികൾ കൊണ്ടുവരികയും ചെയ്തു.
രാത്രി പന്ത്രണ്ട് മണിക്ക് വിളിച്ചാലും ഫോൺ എടുക്കുന്ന, പ്രശ്നങ്ങളിൽ നേരിട്ട് ഇടപെടുന്ന ഒരു ജനകീയ നായകനാണ് പ്രമോദ്. വികസന പദ്ധതികൾ നടപ്പിലാക്കുമ്പോൾ ഒരു വിവേചനവും അദ്ദേഹം കാണിക്കാറില്ല. ഈ ജനകീയതയാണ് അദ്ദേഹത്തിന്റെ കരുത്ത്. പ്രമോദ് നാരായണൻ കാണുന്ന സ്വപ്നം റാന്നിയെ കേരളത്തിലെ നമ്പർ വൺ മണ്ഡലമാക്കുക എന്നതാണ്. ആ സ്വപ്നത്തോടൊപ്പം നിൽക്കാൻ റാന്നിക്കാർ തയ്യാറാണ്.
