കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡിന് ദേവസ്വത്തിലെ നിയമനങ്ങൾ നടത്താൻ അധികാരമില്ല, ഒൻപതാം വകുപ്പ് റദ്ദാക്കി ഹൈക്കോടതി

കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡിന് (കെഡിആർബി) ഗുരുവായൂർ ദേവസ്വത്തിലെ നിയമനങ്ങൾ നടത്താനാകില്ലെന്ന് ഹൈക്കോടതി. ഗുരുവായൂർ ദേവസ്വം മാനേജിങ് കമ്മിറ്റിക്കാണ് നിയമനാധികാരമെന്ന് ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. നിയമനം നടത്താൻ ഗുരുവായൂർ മാനേജിങ് കമ്മിറ്റിക്ക് അധികാരംനൽകുന്ന 1978-ലെ ഗുരുവായൂർ ദേവസ്വം നിയമത്തിലെ 19-ാം വകുപ്പിനാണ് നിയമസാധുത.ഇത് മറികടക്കുന്ന ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് നിയമത്തിലെ ഒൻപതാം വകുപ്പ് ഭരണഘടനാവിരുദ്ധമാണെന്ന് വിലയിരുത്തി കോടതി റദ്ദാക്കി. ഇത് കൂടാതെ പുതിയ നിയമനങ്ങൾക്കായുള്ള ദേവസ്വം റിക്രൂട്ടുമെന്റ് ബോർഡിന്റെ നിലവിലെ വിജ്ഞാപനങ്ങളും റദ്ദാക്കി. അതേസമയം, റിക്രൂട്ട്‌മെന്റ് ബോർഡ് ഇതുവരെ നടത്തിയ നിയമനങ്ങൾക്ക് സാധുതയുണ്ടായിരിക്കുമെന്നും കോടതി വ്യക്തമാക്കി.ദേവസ്വം മാനേജിങ് കമ്മിറ്റി നിയമാനുസൃതമായി പുതിയ വിജ്ഞാപനം പുറപ്പെടുവിച്ച് നിയമനനടപടികൾ ആരംഭിക്കണം. സുതാര്യമായ നിയമനപ്രക്രിയ ഉറപ്പാക്കാൻ ഹൈക്കോടതി പ്രത്യേക സമിതിയെയും നിയോഗിച്ചു. റിട്ട. ജസ്റ്റിസ് പി.എൻ. രവീന്ദ്രൻ അധ്യക്ഷനായ സമിതിയിൽ ദേവസ്വം അഡ്മിനിസ്‌ട്രേറ്റർ, അഡ്വ. കെ. ആനന്ദ് എന്നിവരാണ് അംഗങ്ങൾ.

Leave a Reply

Your email address will not be published. Required fields are marked *