അറിയാം റാഗിയുടെ ഗുണങ്ങൾ

ഇന്ത്യയിൽ ധാരാളമായി കൃഷി ചെയ്യുന്ന ധാന്യമാണ് റാഗി. കർണാടകയാണ് റാഗി ഉൽപാദനത്തിൽ മുൻപന്തിയിലുള്ള സംസ്ഥാനം. മറ്റു ധാന്യങ്ങളെ അപേക്ഷിച്ച് മാംസ്യവും ധാതുക്കളും ഏറ്റവും കൂടുതൽ അടങ്ങിയിട്ടുള്ള റാഗിക്ക് പഞ്ഞപ്പുല്ല് എന്നും മുത്താറി എന്നും പേരുകളുണ്ട്.മറ്റ് അന്നജാഹാരങ്ങളിൽ ഇല്ലാത്ത അമിനോ ആസിഡുകൾ–ഐസോല്യൂസിൻ, മെഥിയോനൈൻ, ഫിനൈൽ അലനൈൻ– ഇവ റാഗിയിലുണ്ട്. കാൽസ്യത്തിന്റെയും പൊട്ടാസ്യത്തിന്റെയും കലവറയാണ് ഈ ചെറു ധാന്യം. ഇരുമ്പ് ധാരാളമായി അടങ്ങിയിട്ടുള്ളതിനാൽ ഹീമോഗ്ലോബിൻ കൗണ്ട് കുറഞ്ഞവർക്ക് ഇതു നല്ലതാണ്.

ജീവകം സി പ്രത്യേകിച്ചും വിറ്റമിൻ ബി6, ഫോളിക് ആസിഡ് എന്നിവ റാഗിയിലുണ്ട്. ഡയറ്ററി ഫൈബറും നാരുകളും പോളിഫിനോളും ധാരാളമായി അടങ്ങിയിട്ടുള്ളതിനാൽ ആന്റിഓക്സിഡന്റ്, ആന്റിഡയബറ്റിക്, ആന്റി മൈക്രോബിയൽ ഗുണങ്ങൾ ഇതിനുണ്ട്.ട്യൂമറുകൾ, രക്തക്കുഴലുകൾ ചെറുതാകുകയും കട്ടികൂടുകയും ചെയ്യുന്ന അതിറോസ്ക്ലീറോസിസ് ഇവയിൽ നിന്നൊക്കെ റാഗി സംരക്ഷണം നൽകുന്നുണ്ട്. കൊഴുപ്പ് വളരെ കുറഞ്ഞതാകയാൽ റാഗി വളരെ വേഗം ദഹിക്കുന്നു. അതുകൊണ്ടുതന്നെ കുഞ്ഞുങ്ങൾക്ക് ആദ്യഭക്ഷണമായി റാഗികുറുക്ക് കൊടുക്കുന്നു. എന്നാൽ മുതിർന്നവർ റാഗി ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് കുറവാണ്. റാഗിയുടെ ഗുണങ്ങൾ അറിഞ്ഞാൽ എല്ലാവരും ഈ കുഞ്ഞൻ ധാന്യത്തെ പതിവായി ഭക്ഷണത്തിൽ ഉൾപ്പെടുത്തുമെന്ന കാര്യത്തിൽ സംശയം വേണ്ട.

വണ്ണം കുറയ്ക്കാൻ

വിശപ്പിനെ കുറയ്ക്കുന്ന ട്രൈറ്റോഫാൻ എന്ന അമിനോ ആസിഡ് റാഗിയിലുണ്ട്. അരിയിലും മറ്റ് ധാന്യങ്ങളിലും ഉള്ളതിനെക്കാളും വളരെയധികം നാരുകൾ ഇതിലടങ്ങിയിരിക്കുന്നു. കൊഴുപ്പ് വളരെ കുറഞ്ഞ ഒരു ധാന്യമാകയാൽ ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർ ഇത് തീർച്ചയായും കഴിക്കേണ്ടതാണ്. നാരുകൾ ധാരാളമായി അടങ്ങിയതിനാൽ കുറച്ച് കഴിക്കുമ്പോൾ തന്നെ വയർ നിറഞ്ഞതു പോലെ തോന്നുകയും കൂടുതൽ കാലറി അകത്താക്കുന്നത് തടയുകയും ചെയ്യുന്നു.

എല്ലുകൾക്ക്

റാഗിയിൽ ധാരാളം കാൽസ്യം അടങ്ങിയിരിക്കുന്നു. കാൽസ്യത്തോടൊപ്പം ജീവകം ഡിയും ഉള്ളതിനാൽ ഇത് എല്ലുകൾക്ക് ശക്തി നൽകുന്നു. കുട്ടികളിൽ എല്ലുകളുടെ വളർച്ചയ്ക്കും വികാസത്തിനും സഹായിക്കുന്നു. അതുപോലെ മുതിർന്നവരിൽ എല്ലുകളുടെ ആരോഗ്യം നിലനിർത്തുകയും ചെയ്യുന്നു. പതിവായി റാഗി കഴിച്ചാൽ എല്ലുകൾക്ക് ഒരു പ്രശ്നവും ഉണ്ടാകില്ലെന്നു മാത്രമല്ല പൊട്ടൽ ഉണ്ടാകാനുള്ള സാധ്യതയും കുറയ്ക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *