ഹൃദയത്തെ ഇനി അടുത്തറിയാം; എന്താണ് ഏട്രിയൽ അരിത്‌മിയ?

ഹൃദയത്തിന്റെ പ്രവർത്തനത്തെ നിരീക്ഷിക്കുന്ന ഇസിജിയിൽ ഉപയോഗിക്കാൻ കഴിയുന്ന പുതിയ ലെഡ് സിസ്റ്റം റൂർക്കേല എൻഐടിയിലെ ഗവേഷകർ വികസിപ്പിച്ചെടുത്തിരിക്കുകയാണ്. മരണത്തിനു കാരണമായേക്കാവുന്ന ഏട്രിയൽ അരിത്‌മിയ എന്ന രോഗം കൃത്യതയോടെ കണ്ടെത്താൻ ഏട്രിയൽ ലെഡ് സിസ്റ്റം(എൽഎസ്) എന്ന് പേരിട്ടിരിക്കുന്ന ഇത് സഹായിക്കുമെന്നും ശാസ്ത്രജ്ഞർ അഭിപ്രായപ്പെടുന്നു.

ഇസിജി എന്നാൽ ശരീരത്തിന്റെ പലഭാഗങ്ങളിൽ ഘടിപ്പിച്ച ഇലക്ട്രോഡുകൾ വഴി ഹൃദയത്തിന്റെ വൈദ്യുതതരംഗങ്ങളെ റെക്കോഡുചെയ്യുന്ന പ്രക്രിയയാണ് . ഇതിൽ ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇലക്ട്രോഡുകൾ ഘടിപ്പിച്ച് അളന്നെടുക്കുന്ന വൈദ്യുതതരംഗ പാറ്റേണുകളെ ലെഡ് എന്നാണ് വിളിക്കുന്നത്.ഈ ഇലക്ട്രോഡുകൾ വ്യക്തമായ സിഗ്നൽ ലഭിക്കുന്നതിനായി ശരീരത്തിൽ സ്ഥാപിക്കുന്ന പ്രക്രിയയാണ് ലെഡ് പ്ലേസ്‌മെന്റ് . ഹൃദയത്തിന്റെ മുകൾഭാഗത്തെ അറകളായ ഏട്രിയത്തിൽനിന്നുണ്ടാകുന്ന ക്രമരഹിത മിടിപ്പായ ഏട്രിയൽ അരിത്‌മിയകളെ വേഗത്തിൽ തിരിച്ചറിയാൻ ഇലക്ട്രോഡുകൾ ഘടിപ്പിക്കുന്ന പുതിയരീതിയാണ് കണ്ടെത്തിയിരിക്കുന്നത്.എഎൽഎസിലൂടെ സാധാരണ ഇസിജിയിൽ വ്യക്തമായി കാണാനാകാത്ത ഹൃദയത്തിന്റെ ‘പി- തരംഗങ്ങളെ’ (വൈദ്യുത തരംഗങ്ങളിൽ ഒന്ന്) കണ്ടെത്താനാകും.

എഎൽഎസ് നിലവിലുള്ള ഇസിജി ഉപകരണങ്ങൾ മാറ്റാതെതന്നെ ഉപയോഗിക്കാൻ കഴിയും. പഠനത്തിന് സർക്കാരിന്റെ അനുസന്ധൻ നാഷണൽ ഫൗണ്ടേഷനിൽനിന്ന് സാമ്പത്തിക പിന്തുണ ലഭിച്ചിരുന്നു.അന്താരാഷ്ട്ര ജേണലുകളായ ബയോമെഡിക്കൽ സിഗ്നൽ പ്രോസസിങ് ആൻഡ് കൺട്രോൾ, മെഡിക്കൽ ഹൈപ്പതിസിസ്, ഫിസിക്കൽ ആൻഡ് എൻജിനിയറിങ് സയൻസസ് ഇൻ മെഡിസിൻ എന്നീ ജേണലുകളിൽ പഠനം പ്രസിദ്ധീകരിച്ചു. പേറ്റന്റിന് അപേക്ഷിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *