സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിച്ചു. വോട്ടെടുപ്പ് ഡിസംബർ 9നും 11നും തീയതികളിലായി രണ്ട് ഘട്ടങ്ങളിലായി നടക്കും. വോട്ടെണ്ണൽ ഡിസംബർ 13-ന് നടത്തും.സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ. ഷാജഹാൻ പ്രഖ്യാപനം നടത്തി .
ഒന്നാം ഘട്ടം ഡിസംബർ 9-ന് നടക്കും. ഈ ഘട്ടത്തിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലെ വോട്ടർമാരാണ് ബൂത്തിലേക്ക് പോകുന്നത്. രണ്ടാം ഘട്ടം ഡിസംബർ 11-ന് നടക്കും, ഇതിൽ തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് വോട്ടെടുപ്പ് നടക്കുക.
തെരഞ്ഞെടുപ്പ് തീയതികൾ പുറത്തുവന്നതോടെ രാഷ്ട്രീയ പാർട്ടികൾ സ്ഥാനാർഥി പട്ടികകൾ അന്തിമപ്പെടുത്താനുള്ള നീക്കങ്ങൾ ശക്തമാക്കിയിരിക്കുകയാണ്. തിരഞ്ഞെടുപ്പ് കമ്മീഷൻ ഉടൻ തന്നെ നാമനിർദേശ പത്രിക സമർപ്പിക്കൽ, പിന്മാറ്റം, പ്രചാരണ സമയം തുടങ്ങിയ വിശദവിവരങ്ങളും പുറപ്പെടുവിക്കും.മാതൃകാ പെരുമാറ്റച്ചട്ടം നിലവിൽ വന്നതായി തിരഞ്ഞെടുപ്പ് കമ്മീഷണർ അറിയിച്ചു. വ്യാജവാർത്തകൾ നിരീക്ഷിക്കുന്നതിനായി പ്രത്യേക സമിതി രൂപീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. തദ്ദേശ തെരഞ്ഞെടുപ്പിനായുള്ള അന്തിമ വോട്ടർ പട്ടിക നവംബർ 14-ന് പ്രസിദ്ധീകരിക്കും. വോട്ടെടുപ്പ് രാവിലെ 7 മുതൽ വൈകിട്ട് 6 വരെ നടത്തുമെന്ന് കമ്മീഷണർ അറിയിച്ചു.
കാലാവധി പൂര്‍ത്തിയായിട്ടില്ലാത്ത മട്ടന്നൂര്‍ ഒഴികെയുള്ള 1199 തദ്ദേശസ്ഥാപങ്ങളിലേക്കാണ് വോട്ടെടുപ്പ് നടക്കാന്‍ പോകുന്നത്. വാര്‍ഡുവിഭജനത്തിനുശേഷം ആകെ 23,612 വാര്‍ഡുകളാണുള്ളത്. മുന്‍പ് 21,900 ആയിരുന്നു. മട്ടന്നൂരിലെ 36 ഒഴിവാക്കി 23,576 വാര്‍ഡുകളിലേക്കാണ് വോട്ടെടുപ്പ് നടക്കേണ്ടത്.
