ചത്തീസ്ഗഡിൽ അറസ്റ്റിലായ മലയാളി കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷയിൽ ബിലാസ്പുരിലെ എൻഐഎ കോടതി ശനിയാഴ്ച വിധി പറയും
അതേസമയം ജാമ്യാപേക്ഷയെ ഛത്തീസ്ഗഡ് സർക്കാർ എതിർത്തതായാണ് വിവരം. മനുഷ്യക്കടത്ത് ആരോപിച്ച് അറസ്റ്റിലായ കന്യാസ്ത്രീകൾ സമർപ്പിച്ച ജാമ്യ അപേക്ഷയിൽവാദം പൂർത്തിയായി. ഉത്തരവ് റിസർവ് ചെയ്ത് വച്ചിട്ടുണ്ടെന്നും കോടതി അറിയിച്ചു.
അതേസമയം സംസ്ഥാനസർക്കാർ ജാമ്യാപേക്ഷയെ എതിർക്കില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ നേരത്തെ അറിയിച്ചിരുന്നു. എന്നാൽ ഇതിന് വിപരീതമായാണ് പ്രോസിക്യൂഷൻ കോടതിയിൽ ജാമ്യാപേക്ഷയെ എതിർത്തത്. കേസ് അന്വേഷണം പ്രാഥമിക ഘട്ടത്തിലാണെന്നും കോടതിയെ സർക്കാർ അറിയിച്ചു. ഇതോടെ കന്യാസ്ത്രീകൾ ഇന്നും ജയിലിൽ തുടരേണ്ടി വരും.
വിശദമായ വാദമാണ് ഇന്നു കോടതിയിൽ നടന്നത്. എന്നാൽ പ്രോസിക്യൂഷൻ പരസ്യമായ എതിർപ്പ് കോടതിയിൽ ഉന്നയിച്ചിട്ടില്ലെന്ന് പുറത്തുവന്ന മലയാളി അഭിഭാഷകൻ അറിയിച്ചു. കഴിഞ്ഞയാഴ്ച അറസ്റ്റിലായ സിസ്റ്റർ വന്ദന ഫ്രാൻസിസും പ്രീതി മേരിയും ദുർഗ് സെൻട്രൽ ജയിലിലാണ്.