മാമ്പഴ സീസണ്‍ തുടങ്ങി, ആരോഗ്യ ലക്ഷ്യങ്ങള്‍ അറിഞ്ഞു കഴിക്കാം

മാമ്പഴ സീസൺ തുടങ്ങിയതോടെ വഴിയോര കച്ചവടങ്ങളും സജീവമായി. കണ്ണിമാങ്ങ മുതൽ മധുരമൂറുന്ന മാമ്പഴങ്ങൾ വരെ പല വരികളിലായി അടുക്കിവെച്ചിട്ടുണ്ടാവും. സീസണൽ ഫ്രൂട്ടിന് പുറമേ രോ​ഗ പ്രതിരോധശേഷിക്കും കുടലിന്റെ ആരോ​ഗ്യത്തിനും ഊർജ്ജം നിലനിർത്താനും മാമ്പഴം ബെസ്റ്റാണ്. ചിലർക്ക് പഴുത്ത മാങ്ങയോടാണ് പ്രിയം മറ്റു ചിലർച്ച് പച്ചമാങ്ങയോടും. ഇവ രണ്ടിനും വ്യത്യസ്തമായ ആരോ​ഗ്യ​ഗുണങ്ങളാണ് ഉള്ളത്.

എന്നാൽ പച്ചമാങ്ങയാണോ പഴുത്ത മാങ്ങയാണോ പോഷക​ഗുണങ്ങളിൽ കേമന്‍ എന്ന് ചോദിച്ചാല്‍, ഇത് വ്യക്തിഗത ഭക്ഷണ മുൻഗണനകൾ, ആരോഗ്യ ലക്ഷ്യങ്ങൾ, പോഷകാഹാര ആവശ്യകതകൾ എന്നിവയെ ആശ്രയിച്ചിരിക്കുന്നു. പഴുത്ത മാമ്പഴങ്ങളെ അപേക്ഷിച്ച് പച്ചമാങ്ങയിൽ വിറ്റാമിൻ സിയും അസിഡിറ്റിയും നാരുകളും കൂടുതല്‍ അടങ്ങിയിട്ടുണ്ട്. ഇത് ദഹനപ്രക്രിയ മെച്ചപ്പെടുത്താന്‍ സഹായിക്കും. കൂടാതെ ഗട്ട് മൈക്രോബയോമിനെ പിന്തുണയ്ക്കുന്നു. ഇതിൽ അടങ്ങിയ വിറ്റാമിൻ സി പ്രതിരോധ ശേഷി വർധിപ്പിക്കും. കാൻസർ, ഹൃദയ സംബന്ധമായ അസുഖങ്ങൾ തുടങ്ങിയ വിട്ടുമാറാത്ത രോഗങ്ങളിൽ നിന്ന് സംരക്ഷിക്കാൻ സഹായിക്കുന്ന ആൻ്റിഓക്‌സിഡൻ്റും ആൻറി-ഇൻഫ്ലമേറ്ററി ഗുണങ്ങളും പച്ചമാങ്ങയ്‌ക്കുണ്ട്.

ബീറ്റാ കരോട്ടിൻ പോലുള്ള ചില ആൻ്റിഓക്‌സിഡൻ്റുകളാൽ സമ്പന്നമാണ് പഴുത്ത മാങ്ങ, ഇതാണ് അവയ്‌ക്ക് ഓറഞ്ച്-മഞ്ഞ നിറം നൽകുന്നത്. കരോട്ടിനോയിഡുകൾ പ്രായവുമായി ബന്ധപ്പെട്ട മാക്യുലർ ഡീജനറേഷൻ, ചിലതരം കാൻസറുകളിൽ നിന്നുമെല്ലാം സംരക്ഷിക്കാൻ സഹായിക്കുന്ന ശക്തമായ ആൻ്റിഓക്‌സിഡൻ്റുകളാണ്. പഴുത്ത മാമ്പഴത്തിൽ ഉയർന്ന വിറ്റാമിൻ എ അടങ്ങിയിട്ടുണ്ട്, ആരോഗ്യകരമായ കാഴ്ച, രോഗപ്രതിരോധ പ്രവർത്തനം, ചർമ്മത്തിൻ്റെ ആരോഗ്യം എന്നിവ നിലനിർത്തുന്നതിന് അത്യാവശ്യമാണ്. എന്നിരുന്നാലും പഴത്ത മാങ്ങയിൽ പ്രകൃതിദത്ത പഞ്ചസാരയുടെ അളവു വളരെ കൂടുതലായിരിക്കും.

Leave a Reply

Your email address will not be published. Required fields are marked *