മെറ്റ എഐയുടെ സ്വന്തം ആപ്പ് പുറത്തിറങ്ങി: വോയ്സ് ചാറ്റും ഇമേജ് ജനറേഷനും സൗജന്യമായിമെറ്റ എഐയുടെ പ്രത്യേക ആപ്പ് അവതരിപ്പിച്ചു. മെറ്റ, ലാമ കോൺ ഡെവലപ്പർ കോൺഫറൻസിന്റെ ഉദ്ഘാടന വേദിയിലാണ് മെറ്റ എഐയുടെ പ്രത്യേക ആപ്പ് അവതരിപ്പിച്ചത്. ഇതുവരെ മെറ്റയുടെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയും പ്രത്യേക വെബ്‌പേജിലൂടെയും ലഭ്യമായിരുന്ന മെറ്റ എഐ ചാറ്റ്ബോട്ട് ഇനി ഒരു സ്വതന്ത്ര ആപ്പായി ഉപയോഗിക്കാൻ കഴിയും.
ചാറ്റ്‌ജിപിടി, പെർപ്ലെക്സിറ്റി, ഗ്രോക്ക് എന്നിവയ്ക്ക് സമാനമായി രൂപകൽപ്പന ചെയ്ത ഈ എഐ അസിസ്റ്റന്റ് ആപ്പ് ഗൂഗിൾ പ്ലേ സ്റ്റോറിലും ആപ്പിൾ ആപ്പ് സ്റ്റോറിലും ലഭ്യമാണ്.മെറ്റ എഐ ആപ്പിന്റെ ഫീച്ചറുകൾ ഉപയോഗിക്കാൻ ഉപഭോക്താക്കൾക്ക് ഒരു അക്കൗണ്ട് ആവശ്യമാണ്.
ഇൻസ്റ്റാഗ്രാം അക്കൗണ്ട് ഉപയോഗിച്ച് എളുപ്പത്തിൽ തുടങ്ങാം. അതെസമയം ചാറ്റ്‌ജിപിടിയിലേയും പെർപ്ലെക്സിറ്റി ആപ്പിലേയും പോലുള്ള സബ്‌സ്ക്രിപ്ഷൻ മോഡലുകൾ മെറ്റ എഐ നിലവിൽ അവതരിപ്പിച്ചിട്ടില്ല, അതിനാൽ ആപ്പ് സൗജന്യമായി ഉപയോഗിക്കാൻ കഴിയും.ആപ്പുമായി ടെക്സ്റ്റ്, ശബ്ദം തുടങ്ങിയവ വഴി സംവദിക്കാം. ചിത്രങ്ങൾ സൃഷ്ടിക്കാനുള്ള സൗകര്യവും വെബ് സെർച്ച് ഫീച്ചറും ഇതിൽ ലഭ്യമാണ്. മെറ്റ റേ-ബാൻ ഗ്ലാസുകളെ മെറ്റ എഐ ആപ്പുമായി ബന്ധിപ്പിക്കാനും കഴിയും.