മെറ്റ പ്രതിരോധ രംഗത്തേക്ക് ; ജീവനക്കാരന്‍റെ സ്റ്റാർട്ടപ്പുമായി കൈകോർത്ത് സക്കർബർഗ്.

സൈനികര്‍ക്ക് വേണ്ടി മിക്‌സഡ് റിയാലിറ്റി ഹെഡ്‌സെറ്റ് നിര്‍മിക്കാനുള്ള പദ്ധതിയുമായി മെറ്റ. ഇതിന്റെ ഭാഗമായി ഡിഫന്‍സ് സാങ്കേതിക വിദ്യാ സ്റ്റാര്‍ട്ടപ്പായ ആന്‍ഡുറിലുമായി മെറ്റ പങ്കാളിത്തം പ്രഖ്യാപിച്ചു. ഓഗ്മെന്റഡ് റിയാലിറ്റി, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് എന്നിവയുള്ള കണ്ണടകള്‍, ഗോഗിള്‍, വൈസര്‍ പോലുള്ളവ നിര്‍മിക്കാനാണ് ഇവര്‍ ലക്ഷ്യമിടുന്നത്. ആന്‍ഡുറിലിന്റെ ഡേറ്റ അനലറ്റിക്‌സ് പ്ലാറ്റ്‌ഫോമായ ലാറ്റിസും ഇതിനായി ഉപയോഗപ്പെടുത്തും.ഭാവിയിലെ കംപ്യൂട്ടിങ് പ്ലാറ്റ്‌ഫോമുകള്‍ക്ക് വേണ്ടി എഐ, എആര്‍ സാങ്കേതിക വിദ്യകള്‍ വികസിപ്പിക്കുന്നതിനായി കഴിഞ്ഞ ഒരു ദശാബ്ദമായി മെറ്റ ചിലവഴിച്ചു. 2017 ല്‍ ഫേസ്ബുക്കില്‍ നിന്ന് പുറത്താക്കപ്പെട്ട പാല്‍മര്‍ ലക്കീയാണ് ആന്‍ഡുറിലിന്റെ സ്ഥാപകന്‍ എന്നത് ശ്രദ്ധേയമാണ്. മെറ്റയുടെ കീഴിലുള്ള വിര്‍ച്വല്‍ റിയാലിറ്റി സ്റ്റാര്‍ട്ടപ്പായ ഒക്യുലസിന്റെ സഹസ്ഥാപകരില്‍ ഒരാള്‍ കൂടിയാണ് പാല്‍മര്‍ ലക്കീ. 2014 ലാണ് അന്നത്തെ ഫേസ്ബുക്ക് ഒക്യുലസിനെ ഏറ്റെടുത്തത്.വീണ്ടും മെറ്റയ്‌ക്കൊപ്പം പ്രവര്‍ത്തിക്കുന്നതില്‍ സന്തോഷമുണ്ടെന്ന് ആന്‍ഡുറില്‍ സ്ഥാപകന്‍ പാല്‍മര്‍ ലക്കീ പറഞ്ഞു.ഒക്യുലസ് വിര്‍ച്വല്‍ റിയാലിറ്റി സാങ്കേതിക വിദ്യയുമായി ബന്ധപ്പെട്ട ഒരു കേസില്‍ ഫേസ്ബുക്കിന് ശക്തമായ തിരിച്ചടി നേരിടുകയും ഇതിന് പിന്നാലെ 2014 ലെ യുഎസ് തിരഞ്ഞെടുപ്പില്‍ ട്രംപിന് അനുകൂലമായി മീമുകള്‍ പ്രചരിപ്പിച്ച ഒരു ഓണ്‍ലൈന്‍ ട്രോള്‍ ഗ്രൂപ്പിനെ രഹസ്യമായി സഹായിച്ചതിന് വിമര്‍ശനം നേരിടുകയും ചെയ്തതിന് പിന്നാലെയാണ് ലക്കീ ഫേസ്ബുക്കില്‍ നിന്ന് പുറത്താക്കപ്പെടുന്നത്.2014 ലെ തിരഞ്ഞെടുപ്പില്‍ സിലിക്കണ്‍ വാലിയില്‍ ട്രംപിനെ പരസ്യമായി പിന്തുണ നല്‍കുന്ന സ്ഥാപനങ്ങള്‍ വിരളമായിരുന്നു. അന്ന് പാല്‍മര്‍ ലക്കി ട്രംപിനെ പിന്തുണയ്ക്കുന്ന നിലപാട് സ്വീകരിച്ചതിനെ തുടര്‍ന്ന് കമ്പനിയിലെ ഒരു വിഭാഗം പ്രതിഷേധിക്കുകയും ചെയ്തു.ഇന്ന് മെറ്റയുള്‍പ്പടെയുള്ള സിലിക്കണ്‍ വാലിയിലെ പ്രമുഖ കമ്പനികളെല്ലാം ഡൊണാള്‍ഡ് ട്രംപിന് വഴങ്ങുന്ന നിലപാടുകള്‍ സ്വീകരിച്ചുവരികയാണ്.ഫേസ്ബുക്ക് വിട്ടതിന് ശേഷമാണ് ലക്കിയും മറ്റ് പങ്കാളികളും ചേര്‍ന്ന് കാലിഫോര്‍ണിയ ആസ്ഥാനമാക്കി ആന്‍ഡുറില്‍ ആരംഭിക്കുന്നത്. യുദ്ധ രംഗത്ത് തീരുമാനങ്ങളെടുക്കുന്നതിന് സഹായിക്കുന്ന വിവരങ്ങള്‍ തത്സമയം സംയോജിപ്പിക്കാന്‍ ശേഷിയുള്ളതാണ് ആന്‍ഡുറിലിന്റെ ലാറ്റിസ് സോഫ്റ്റ്‌വെയര്‍.

Leave a Reply

Your email address will not be published. Required fields are marked *