മയക്കുമരുന്ന് കടത്ത് ചെറുക്കുന്നതിനായി സഹായിക്കാമെന്ന പേരില്‍ യുഎസ് സൈന്യത്തെ അയയ്ക്കാനുള്ള പ്രസിഡൻ്റ് ഡോണള്‍ഡ് ട്രംപിൻ്റെ നീക്കം തടഞ്ഞ് മെക്സിക്കൻ പ്രസിഡൻ്റ് ക്ലോഡിയ ഷെയിൻബോം.
ട്രംപ് തന്നെ കഴിഞ്ഞ ദിവസം ഫോണില്‍ വിളിച്ചതായി ക്ലോഡിയ അറിയിച്ചു. അതിർത്തിയിലൂടെയുള്ള മയക്കുമരുന്ന് കടത്ത് കടത്തുന്നത് തടയാനായി യുഎസിന് മെക്സിക്കോയെ സഹായിക്കാനാകുമെന്നും ഇതിനായി സൈന്യത്തെ വിട്ടുതരാമെന്നും ട്രംപ് ഫോണിലൂടെ അറിയിച്ചെന്ന് ക്ലോഡിയ പറഞ്ഞു.
യുഎസ് സൈന്യത്തെ ഇങ്ങോട്ടേക്ക് അയയ്ക്കേണ്ടതില്ല.ഈ പ്രദേശം പവിത്രമാണ്, പരമാധികാരം പവിത്രമാണ്, പരമാധികാരം വിൽപ്പനയ്ക്കുള്ളതല്ല, ഇവിടെ പരമാധികാരം സ്നേഹിക്കപ്പെടുകയും സംരക്ഷിക്കപ്പെടുകയും ചെയ്യുന്നു.ഇരു രാജ്യങ്ങൾക്കും ഒരുമിച്ച് പ്രവര്‍ത്തിക്കാൻ കഴിയുമെങ്കിലും മെക്സിക്കൻ പ്രദേശത്ത് അമേരിക്കൻ സൈന്യത്തിൻ്റെ സാന്നിധ്യം ആവശ്യമില്ല എന്ന് ഞാൻ പറഞ്ഞു.- എന്നായിരുന്നു ക്ലോഡിയയുടെ പറഞ്ഞത്. മെക്സിക്കയിൽ കൂടുതൽ യുഎസ് സൈന്യത്തിന് പ്രസിഡൻ്റ് അനുമതി നൽകുമെന്ന് കഴിഞ്ഞ ദിവസം വാള്‍ സ്ട്രീറ്റ് ജേര്‍ണല്‍ റിപ്പോർട്ട് ചെയ്തിരുന്നു. ഇതിന് പിന്നാലെ കൂടിയാണ് ക്ലോഡിയയുടെ ഭാഗത്ത് നിന്നും ഈ റിപ്പോര്‍ട്ടിന്മേല്‍ നേരിട്ടൊരു പ്രതികരണം എത്തിയത്.