ഇസ്രയേലിലെ വിമാനത്താവളത്തിൽ മിസൈലാക്രമണം; വിമാന സര്‍വീസുകള്‍ റദ്ദാക്കി എയര്‍ ഇന്ത്യ

ന്യൂഡല്‍ഹി: ഇസ്രയേലിലെ ബെന്‍ ഗുറിയോൺ വിമാനത്താവളത്തിന് നേരെ യെമനിലെ ഹൂതികൾ നടത്തിയ മിസൈലാക്രമണത്തിന് പിന്നാലെ വിമാന സര്‍വീസുകള്‍ റദ്ദാക്കി എയര്‍ ഇന്ത്യ. ഡല്‍ഹിയില്‍ നിന്ന് ഇന്ന് ടെല്‍ അവീവിലേക്ക് പുറപ്പെട്ട വിമാനം അബുദാബിയിലേക്ക് വഴിതിരിച്ചുവിട്ടു. മെയ് ആറ് വരെ ടെല്‍ അവീവിലേക്കും തിരിച്ചുമുള്ള എല്ലാ സര്‍വീസുകളും റദ്ദാക്കിയതായും എയര്‍ ഇന്ത്യ അറിയിച്ചു. യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷ മുന്‍നിര്‍ത്തിയാണ് ഇത്തരത്തിലൊരു തീരുമാനമെടുത്തതെന്ന് എയര്‍ ഇന്ത്യ അറിയിച്ചു.

ഇന്ന് ഡല്‍ഹിയില്‍ നിന്ന് പുറപ്പെട്ട എയര്‍ ഇന്ത്യയുടെ എഐ139 വിമാനം ടെല്‍ അവീവില്‍ ഇറങ്ങുന്നതിന് ഒരു മണിക്കൂര്‍ മുമ്പാണ് മിസൈല്‍ ആക്രമണം ഉണ്ടായത്. ഇതേ തുടർന്ന് ജോര്‍ദാന്റെ ആകാശ പരിധിയില്‍ നിന്നാണ് വിമാനം തിരിച്ച് പറന്നത്. യെമനില്‍ നിന്ന് ഹൂതി വിമതര്‍ തൊടുത്തുവിട്ട ബാലിസ്റ്റിക് മിസൈല്‍ ഇസ്രയേലിലെ ബെന്‍ ഗുറിയോണ്‍ വിമാനത്താവളത്തില്‍ പതിച്ചിരുന്നു. മിസൈലാക്രമണത്തില്‍ ആറോളം പേര്‍ക്ക് പരിക്കേറ്റതായാണ് വിവരം.

അതേസമയം, ആക്രമണത്തെ തുടര്‍ന്ന് വിവിധ വിമാന കമ്പനികള്‍ ഇസ്രയേലിലേക്കുള്ള സര്‍വീസുകള്‍ റദ്ദാക്കിയിരുന്നു. ആക്രമണത്തെ തുടർന്ന് ബെന്‍ ഗുറിയോണ്‍ വിമാനത്താവളം ഒരു മണിക്കൂറോളം അടച്ചിട്ടിട്ടെങ്കിലും പ്രവര്‍ത്തനം വീണ്ടും പുനരാരംഭിച്ചിട്ടുണ്ട്. വിമാനത്താവളത്തിലേക്കുള്ള പ്രവേശന റോഡിനോട് ചേര്‍ന്നുള്ള പൂന്തോട്ടത്തിലാണ് മിസൈല്‍ പതിച്ചതെന്നാണ് റിപ്പോര്‍ട്ട്.

Leave a Reply

Your email address will not be published. Required fields are marked *