നമ്മുടെ മുഖ്യമന്ത്രി പിണറായി വിജയൻ ഇടയ്ക്കിടെ ഓരോ അന്താരാഷ്ട്ര വിഷയങ്ങൾ എടുത്തിടും. കേൾക്കുമ്പോൾ തോന്നും ലോകം മുഴുവൻ നിയന്ത്രിക്കുന്നത് അദ്ദേഹമാണെന്ന്! ഇപ്പോഴത്തെ ഏറ്റവും പുതിയ കണ്ടെത്തൽ എന്താണെന്നോ? ഇന്ത്യയിലെ ഊർജ്ജ പ്രതിസന്ധിക്ക് കാരണം മോദി സർക്കാർ അമേരിക്കയ്ക്ക് മുന്നിൽ മുട്ടുമടക്കിയതാണത്രേ. ഇതിന്റെ തെളിവായി അദ്ദേഹം പറയുന്നത് 2006-ലെ ഏതോ ഒരു പഴയ പൈപ്പ്ലൈൻ കഥയാണ്.കേൾക്കുമ്പോൾ വലിയ ഗൗരവമുള്ള കാര്യമാണെന്ന് തോന്നും. എന്നാൽ, ഇതിന്റെ പിന്നിലെ വാസ്തവം എന്താണ്? മുഖ്യമന്ത്രി പറയുന്ന കാര്യങ്ങളിൽ എത്രത്തോളം സത്യമുണ്ട്? നമുക്കിത് വിശദമായി തന്നെ ഒന്ന് പരിശോധിക്കാം.
2006-ൽ നടന്ന ഇന്ത്യ-ഇറാൻ പൈപ്പ്ലൈൻ വിഷയമാണ് മുഖ്യമന്ത്രിയുടെ പ്രധാന ആയുധം. അന്ന് അത് നടന്നില്ല, അതുകൊണ്ട് ഇന്ന് പ്രതിസന്ധിയുണ്ടായി എന്നാണ് അദ്ദേഹത്തിന്റെ വാദം. എന്നാൽ ഒരു കാര്യം ആലോചിച്ചു നോക്കൂ, പാകിസ്ഥാനിലൂടെ കടന്നുവരേണ്ട ഒരു പൈപ്പ്ലൈൻ എത്രത്തോളം സുരക്ഷിതമായിരിക്കും? അയൽരാജ്യവുമായുള്ള ബന്ധം വഷളാകുമ്പോൾ നമ്മുടെ ഊർജ്ജ സുരക്ഷ അപകടത്തിലാവില്ലേ? ദൂരക്കാഴ്ചയോടെ എടുത്ത തീരുമാനങ്ങളെ ഇന്ന് ‘അമേരിക്കൻ സമ്മർദ്ദം’ എന്ന് വിളിച്ച് പരിഹസിക്കുന്നത് രാഷ്ട്രീയ ലാഭം ലക്ഷ്യമിട്ട് മാത്രം ആണ് അതിൽ ഒരു സംശയവും വേണ്ട
മുഖ്യമന്ത്രിപിണറായ് വിജയൻ കുറച്ച് പഴയ ഓർമ്മകൾ മാത്രമേ ഉള്ളൂ എന്ന് തോന്നുന്നു. 2006-ലെ കാലമല്ല ഇത്. ഇന്ന് ഭാരതം നയിക്കുന്നത് നരേന്ദ്ര മോദിയാണ്. അമേരിക്ക കണ്ണുരുട്ടിയാൽ പേടിച്ച് പിന്മാറുന്ന ആ പഴയ കാലമൊക്കെ എന്നേ കഴിഞ്ഞുപോയി. ഇറാൻ പൈപ്പ്ലൈൻ പാകിസ്ഥാനിലൂടെ വരണമെന്ന് പറയുമ്പോൾ അതിന്റെ സുരക്ഷയെക്കുറിച്ച് ആലോചിക്കാനുള്ള സാമാന്യ ബുദ്ധി കേന്ദ്ര സർക്കാരിനുണ്ട്. പാകിസ്ഥാൻ എപ്പോൾ പൈപ്പ്ലൈൻ പൂട്ടും എന്ന് പേടിച്ച് ഇരിക്കാനാണോ നമ്മൾ ഇത്രയും പണം മുടക്കുന്നത്? അതിനെയാണോ മുഖ്യമന്ത്രി ‘അമേരിക്കൻ പേടി’ എന്ന് വിളിച്ച് പരിഹസിക്കുന്നത്.
ഇനി, അമേരിക്കയ്ക്ക് നമ്മൾ കീഴ്പ്പെട്ടു എന്ന് പറയുന്ന മുഖ്യമന്ത്രി ഒന്ന് കണ്ണുതുറന്ന് നോക്കണം. റഷ്യ-ഉക്രൈൻ യുദ്ധം തുടങ്ങിയപ്പോൾ അമേരിക്കയും യൂറോപ്പും ഒരേപോലെ ഇന്ത്യയെ ഭീഷണിപ്പെടുത്തിയിരുന്നു— “റഷ്യയിൽ നിന്ന് എണ്ണ വാങ്ങരുത്” എന്ന്. പക്ഷേ മോദി സർക്കാർ എന്താണ് ചെയ്തത്? അമേരിക്കയുടെ മുഖത്ത് നോക്കി പറഞ്ഞു, “എന്റെ നാട്ടിലെ ജനങ്ങൾക്ക് കുറഞ്ഞ വിലയ്ക്ക് എണ്ണ വേണം, അത് ഞങ്ങൾ വാങ്ങും” എന്ന്. ലോകത്തെ ഏറ്റവും വലിയ ശക്തിയോട് ഇങ്ങനെ പറയാൻ ഒരു ചങ്കൂറ്റം വേണം. എന്നിട്ടാണ് മുഖ്യമന്ത്രി പറയുന്നത് നമ്മൾ അമേരിക്കയ്ക്ക് പേടിച്ചു എന്ന്! ഇത് കേൾക്കുമ്പോൾ ആർക്കാണ് ചിരി വരാത്തത്?
പിന്നെ സ്വകാര്യ കമ്പനികളെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ വേവലാതി. ഒരു ഇന്ത്യൻ കമ്പനി വിദേശത്ത് പോയി വലിയ നേട്ടങ്ങൾ കൊയ്യുമ്പോൾ അത് രാജ്യത്തിന്റെ അഭിമാനമാണ്. അതിനെ കുറ്റപ്പെടുത്തുന്നത് എന്ത് തരം മനോഭാവമാണ്? വികസനം എന്ന് കേട്ടാൽ ഉടനെ ‘കോർപ്പറേറ്റ്’ എന്ന് വിളിച്ച് ആക്ഷേപിക്കുന്നത് പഴയ കാലത്തെ വിപ്ലവ പ്രസംഗങ്ങളിൽ മാത്രമേ നടക്കൂ.
കേരളത്തിലെ വൈദ്യുതി പ്രതിസന്ധിയും സാമ്പത്തിക തകർച്ചയും മറച്ചുപിടിക്കാൻ കേന്ദ്രത്തിന് മേൽ കുതിര കയറുകയാണ് മുഖ്യമന്ത്രി. പശ്ചിമേഷ്യയിൽ യുദ്ധം നടക്കുമ്പോഴും ലോകം മുഴുവൻ ഇന്ധനത്തിന് വേണ്ടി നെട്ടോട്ടം ഓടുമ്പോഴും, ഇന്ത്യയിൽ വലിയ കുഴപ്പമില്ലാതെ കാര്യങ്ങൾ മുന്നോട്ട് പോകുന്നത് മോദി സർക്കാരിന്റെ കരുത്തുറ്റ വിദേശനയം കൊണ്ടാണ്.
പഴയ കാലത്തെ കുറ്റപ്പെടുത്തി സമയം കളയാതെ, സോളാർ മേഖലയിലും മറ്റ് പുതുക്കാവുന്ന ഊർജ്ജ പദ്ധതികളിലും കേന്ദ്രം കൊണ്ടുവരുന്ന വിപ്ലവകരമായ മാറ്റങ്ങൾ ഒന്ന് പഠിക്കാൻ മുഖ്യമന്ത്രി തയ്യാറാകണം. വെറുതെ ‘അമേരിക്കൻ ഭീതി’ വിതറി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നത് ഇനി നടപ്പില്ല. കാരണം ഇത് പുതിയ ഇന്ത്യയാണ്!
മുഖ്യമന്ത്രിയുടെ മറ്റൊരു പ്രധാന ആരോപണം, യുദ്ധസാഹചര്യം മുൻകൂട്ടി കണ്ട് കേന്ദ്ര സർക്കാർ കരുതൽ ശേഖരം വർദ്ധിപ്പിച്ചില്ല എന്നാണ്. എന്നാൽ യാഥാർത്ഥ്യം എന്താണ്? രാജ്യം നേരിട്ടേക്കാവുന്ന ഏതൊരു അടിയന്തര സാഹചര്യത്തെയും നേരിടാൻ, വിശാഖപട്ടണം, മംഗലാപുരം, പാടൂർ എന്നിവിടങ്ങളിൽ കൂറ്റൻ ഭൂഗർഭ എണ്ണ ശേഖരണ ശാലകൾ മോദി സർക്കാർ ഇതിനകം നിർമ്മിച്ചു കഴിഞ്ഞു. ലക്ഷക്കണക്കിന് ടൺ എണ്ണയാണ് ഇവിടെ കരുതി വെച്ചിരിക്കുന്നത്. ഇതൊന്നും അറിയാതെയാണോ അതോ അറിഞ്ഞുകൊണ്ട് കേന്ദ്രത്തെ കുറ്റപ്പെടുത്തുകയാണോ മുഖ്യമന്ത്രി ചെയ്യുന്നത്?
പിണറായിയുടെ വായാടിപ്പിച്ച് മോദി
