ട്രംപ്ന്റെ തള്ളലിന് മോദിയുടെ ചുട്ട മറുപടി

രാഷ്ട്രീയത്തിൽ അൽഭുതങ്ങൾ പ്രവർത്തിക്കാൻ തനിക്ക് മാത്രമേ കഴിയൂ എന്ന് വിശ്വസിക്കുന്ന ഒരാളാണ് ഡൊണാൾഡ് ട്രംപ്. അടുത്തിടെ ഇന്ത്യയും പാകിസ്താനും തമ്മിലുള്ള സൈനിക സംഘർഷത്തെക്കുറിച്ച് അദ്ദേഹം നടത്തിയ പ്രസ്താവനകൾ കേട്ടാൽ, ലോകം ഇതുവരെ അറിഞ്ഞ ചരിത്രമൊക്കെ വെറും നുണയാണെന്ന് തോന്നിപ്പോകും. ഇന്ത്യയും പാകിസ്താനും തമ്മിൽ ഒരു മഹായുദ്ധം നടക്കാൻ പോകുകയായിരുന്നു എന്നും, താൻ ഒറ്റയ്ക്ക് ഇടപെട്ടാണ് കോടിക്കണക്കിന് ആളുകളുടെ ജീവൻ രക്ഷിച്ചതെന്നുമാണ് ട്രംപിന്റെ പുതിയ അവകാശവാദം. സത്യത്തിൽ, വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളേക്കാൾ ഉപരിയായി, ലോകസമാധാനത്തിനുള്ള നോബൽ സമ്മാനം എങ്ങനെയെങ്കിലും തന്റെ പോക്കറ്റിലാക്കുക എന്ന വലിയ ലക്ഷ്യമാണ് ഈ ‘അതിമാനുഷിക’ തള്ളലുകൾക്ക് പിന്നിലെന്ന് ആർക്കും വേഗത്തിൽ മനസ്സിലാക്കാവുന്നതേയുള്ളൂ.

ഈ കഥയിലെ ഏറ്റവും രസകരമായ ഭാഗം ട്രംപ് എണ്ണമിട്ടു പറയുന്ന വിമാനങ്ങളുടെ കണക്കാണ്. സംഘർഷത്തിനിടയിൽ 11 യുദ്ധവിമാനങ്ങൾ വെടിവെച്ചിട്ടുവെന്നാണ് അദ്ദേഹം പച്ചയ്ക്ക് തട്ടിവിടുന്നത്. 2019-ൽ ബാലാക്കോട്ട് സംഭവത്തിന് ശേഷം ഇന്ത്യയുടെ ഒരു വിമാനം നഷ്ടപ്പെടുകയും പാകിസ്താന്റെ ഒരു വിമാനം വെടിവെച്ചിടുകയും ചെയ്തത് ലോകം മുഴുവൻ കണ്ടതാണ്. ആകെ രണ്ട് വിമാനങ്ങളുടെ കാര്യം മാത്രം ചർച്ചയായ ഒരു യുദ്ധത്തിൽ, ബാക്കി ഒൻപത് വിമാനങ്ങൾ ട്രംപ് എവിടെ നിന്ന് കണ്ടെത്തി എന്നത് വലിയൊരു രഹസ്യമാണ്. മിക്കവാറും ട്രപ് അമേരിക്കയിലെ തന്റെ ഗോൾഫ് കോർട്ടിലിരുന്ന് ആകാശത്തേക്ക് നോക്കിയപ്പോൾ കണ്ട കാക്കക്കൂട്ടങ്ങളെ യുദ്ധവിമാനങ്ങളായി തെറ്റിദ്ധരിച്ചതാകാം. അല്ലെങ്കിൽ, തന്റെ ഇടപെടലിന്റെ ആക്കം കൂട്ടാൻ യുദ്ധത്തിന്റെ ഭീകരത ഒന്ന് ‘മസാല’ ചേർത്ത് പറയുന്നതാകാനും സാധ്യതയുണ്ട്. 11 വിമാനങ്ങൾ വീണിട്ടും ഇന്ത്യയോ പാകിസ്താനോ അറിഞ്ഞില്ല, പക്ഷേ ട്രംപ് മാത്രം അറിഞ്ഞു എന്ന് പറയുന്നത് നയതന്ത്ര ലോകത്തെ ഏറ്റവും വലിയ തമാശയാണ്.

യുദ്ധം നിർത്തിയ രീതിയെക്കുറിച്ച് ട്രംപ് പറയുന്ന ന്യായങ്ങൾ കേട്ടാൽ ചിരിക്കാത്തവർ ചുരുക്കമായിരിക്കും. നയതന്ത്ര ചർച്ചകളിലൂടെയോ സമാധാന ഉടമ്പടികളിലൂടെയോ അല്ല, മറിച്ച് കേവലം ഒരു ‘ടാക്സ് ഭീഷണി’യിലൂടെയാണ് താൻ കാര്യങ്ങൾ പരിഹരിച്ചതെന്നാണ് അദ്ദേഹം പറയുന്നത്. നിങ്ങൾ യുദ്ധം നിർത്തിയില്ലെങ്കിൽ 200 ശതമാനം നികുതി ചുമത്തുമെന്ന് താൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും പാക് പ്രധാനമന്ത്രിയെയും വിളിച്ച് ഭീഷണിപ്പെടുത്തിയത്രേ. ആണവായുധം കയ്യിലുള്ള രണ്ട് രാജ്യങ്ങൾ അതിർത്തിയിൽ യുദ്ധസജ്ജരായി നിൽക്കുമ്പോൾ, ട്രംപ് അവിടെ ഇരുന്നു ടാക്സ് കാൽക്കുലേറ്റർ അടിക്കുകയായിരുന്നു എന്ന് വിശ്വസിക്കാൻ നോബൽ കമ്മിറ്റിയെപ്പോലും കിട്ടില്ല.
നിങ്ങൾ ഒന്ന് നോക്കു. ‘200% ടാക്സ് അടിക്കുമെന്ന് ഞാൻ പറഞ്ഞു, അതോടെ അവർ പേടിച്ച് പിന്മാറി’ എന്നാണ് ട്രംപ് അവകാശപ്പെടുന്നത്.
എന്താണ് ഇതിന്റെ പൊരുൾ? രണ്ട് രാജ്യങ്ങൾ യുദ്ധസജ്ജരായി നിൽക്കുമ്പോൾ, അവരെ പിന്തിരിപ്പിക്കാൻ ട്രംപ് ഉപയോഗിച്ച ആയുധം നികുതിയാണത്രേ! ആലോചിച്ചു നോക്കൂ, ആണവായുധം കയ്യിലുള്ള രണ്ട് രാജ്യങ്ങൾ വെടിയുണ്ടകൾ പായിക്കുമ്പോൾ ട്രംപ് അവിടെ ഇരുന്നു കറി തുണിത്തരങ്ങൾക്കും മറ്റുംവ ടാക്സ് കൂട്ടുന്നതിനെക്കുറിച്ച് സംസാരിക്കുന്നു.

ഇത് ലോകനേതാക്കൾ തമ്മിലുള്ള ചർച്ചയല്ല, പകരം ഒരു റിയൽ എസ്റ്റേറ്റ് ബിസിനസ്സുകാരൻ വാടകക്കാരെ പേടിപ്പിക്കുന്നത് പോലെയാണ് ട്രംപ് ഇതിനെ അവതരിപ്പിക്കുന്നത്. ഇന്ത്യയെപ്പോലൊരു വൻശക്തി രാജ്യം ഒരു നികുതി ഭീഷണി കേട്ട് പിന്നോട്ട് പോയി എന്ന് വിശ്വസിക്കുന്നത് ഇന്ത്യയുടെ ആത്മവീര്യത്തെയും പരമാധികാരത്തെയും അപമാനിക്കുന്നതിന് തുല്യമാണ്.
ഇതൊന്നും പോരാഞ്ഞ്, താൻ രണ്ടരക്കോടി ജീവൻ രക്ഷിച്ച രക്ഷകനാണെന്നും പാക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് തന്നെ വിളിച്ച് അഭിനന്ദിച്ചുവെന്നും ട്രംപ് അവകാശപ്പെടുന്നു. സത്യത്തിൽ അതിർത്തിയിലെ വെടിനിർത്തലും സമാധാന നടപടികളും ഇരുരാജ്യങ്ങളിലെയും സൈനിക തലവന്മാരും സർക്കാരും നേരിട്ട് സംസാരിച്ച് തീരുമാനിച്ചതാണ്. ഇതിനിടയിൽ ഒരു ഫോൺ കോളിലൂടെ താൻ ലോകം രക്ഷിച്ചു എന്ന് ട്രംപ് പറയുന്നത് വെറും വ്യാമോഹം മാത്രമാണ്. പണ്ട് കശ്മീർ വിഷയത്തിൽ മോദി സഹായം തേടി എന്ന് കള്ളം പറഞ്ഞ അതേ ട്രംപിനെയാണ് നമുക്ക് ഇവിടെയും കാണാൻ സാധിക്കുന്നത്. സമാധാനത്തിന്റെ മൊത്തക്കച്ചവടക്കാരനായി ചമയാൻ ഇല്ലാത്ത നന്ദിവാക്കുകൾ സ്വയം മെനഞ്ഞുണ്ടാക്കുന്ന ട്രംപിന്റെ ശൈലി ആഗോള രാഷ്ട്രീയത്തിൽ അദ്ദേഹത്തിന്റെ വിശ്വാസ്യത വീണ്ടും ചോദ്യം ചെയ്യുന്നു.

Leave a Reply

Your email address will not be published. Required fields are marked *