വിജയക്കുതിപ്പിൽ മോഹന്‍ലാല്‍ ചിത്രങ്ങള്‍;50 ദിവസം കൊണ്ട്1.2 കോടി ടിക്കറ്റുകള്‍ വിറ്റഴിഞ്ഞു

ഒരു ഇടവേളയ്ക്ക് ശേഷം തിയറ്ററുകളിൽ രണ്ട് മോഹന്‍ലാല്‍ ചിത്രങ്ങളാണ് അടുപ്പിച്ച് എത്തി വൻ വിജയമായത്. മാര്‍ച്ച് 27 ന് എമ്പുരാനും ഏപ്രില്‍ 25 ന് തുടരും എന്നീ സിനിമകളാണ് തിയറ്ററുകളില്‍ എത്തിയത്. പുറത്തുവരുന്ന കണക്കുകള്‍ പ്രകാരം അവസാന 50 ദിനങ്ങളില്‍ കേരളത്തില്‍ നിന്ന് മാത്രം ഈ രണ്ട് മോഹന്‍ലാല്‍ ചിത്രങ്ങള്‍ ചേര്‍ന്ന് വിറ്റത് 1.2 കോടി ടിക്കറ്റുകള്‍ ആണ്! ഇതിലൂടെ 190 കോടിക്ക് അടുത്ത് കളക്ഷനാണ് നേടിയത്.

പ്രീ റിലീസ് ഹൈപ്പില്‍ എമ്പുരാന്‍ തുടരുമിനേക്കാള്‍ പല മടങ്ങ് മുകളില്‍ ആയിരുന്നെങ്കിലും പ്രേക്ഷകാഭിപ്രായങ്ങളില്‍ വിജയഗാഥ തീർത്തത് തുടരും ആയിരുന്നു. പ്രീ റിലീസ് ഹൈപ്പ് കാരണം കുതിച്ചുകയറിലെ അഡ്വാന്‍സ് ബുക്കിംഗ് കാരണം എമ്പുരാന്‍ ഓപണിംഗ് അടക്കം മലയാള സിനിമയിലെ ബോക്സ് ഓഫീസ് റെക്കോര്‍ഡുകളില്‍ ഒട്ടുമിക്കതും സ്വന്തമാക്കി. ഹൈപ്പ് ബോധപൂര്‍വ്വം കുറച്ചുകൊണ്ടാണ് തുടരും അണിയറക്കാര്‍ ചിത്രം തിയറ്ററുകളിലേക്ക് എത്തിച്ചത്. എന്നാല്‍ ആദ്യ ഷോകള്‍ക്കിപ്പുറം ചിത്രത്തിന് പോസിറ്റീവ് അഭിപ്രായങ്ങള്‍ മാത്രം വരാന്‍ തുടങ്ങിയതോടെ തിയറ്ററുകള്‍ നിറഞ്ഞു.

ഒരു മലയാള ചിത്രത്തിന് സമീപകാലത്ത് ഏറ്റവുമധികം അഡീഷണല്‍ ഷോസ് ചാര്‍ട്ട് ചെയ്യപ്പെട്ടത് ഈ ചിത്രത്തിനായാണ്. കേരളത്തില്‍ നിന്ന് മാത്രം 100 കോടി നേടുന്ന ആദ്യ ചിത്രമായും തുടരും മാറി. ഈ നേട്ടത്തിന് ശേഷവും മികച്ച ഒക്കുപ്പന്‍സിയോടെയാണ് തിയറ്ററുകളില്‍ ചിത്രം തുടരുന്നത്. ചിത്രത്തില്‍ ഷണ്മുഖം എന്ന ടാക്സി ഡ്രൈവറായാണ് മോഹന്‍ലാല്‍ എത്തുന്നത്. ബിനു പപ്പു, ഫർഹാൻ ഫാസിൽ, മണിയൻപിള്ള രാജു എന്നിവര്‍ക്കൊപ്പം നിരവധി പുതുമുഖങ്ങളും ചിത്രത്തില്‍ അഭിനയിക്കുന്നു. കുടുംബപ്രേക്ഷകരെ ഏറെ ആകര്‍ഷിച്ച മോഹന്‍ലാല്‍- ശോഭന കൂട്ടുകെട്ടും ചിത്രത്തിന്റെ വിജയത്തിന് കാരണമായി . സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്യുന്ന ഹൃദയപൂര്‍വ്വമാണ് മോഹന്‍ലാലിന്‍റെ വരാനിരിക്കുന്ന ചിത്രം.

Leave a Reply

Your email address will not be published. Required fields are marked *