ഇന്ത്യൻ സൂപ്പർ ലീഗ് 2025 സീസണിന്റെ ആവേശകരമായ ഫൈനലിൽ ബെംഗളൂരുവിനെ കീഴടക്കി മോഹൻ ബഗാൻ
ഇന്ത്യൻ സൂപ്പർ ലീഗ് 2025 സീസണിന്റെ ആവേശകരമായ ഫൈനലിൽ ബെംഗളൂരുവിനെ കീഴടക്കി മോഹൻ ബഗാൻ. എക്സ്ട്രാടൈമിലേക്ക് നീണ്ട മത്സരത്തിൽ ഒന്നിനെതിരേ രണ്ടുഗോളുകൾക്ക് ജയിച്ചാണ് ബഗാൻ ഇന്ത്യൻ സൂപ്പർ ലീഗ് കിരീടത്തിൽ മുത്തമിട്ടത്.
മുഴുവൻ സമയം അവസാനിച്ചപ്പോൾ ഇരുടീമുകളും ഓരോഗോൾ വീതം നേടി സമനിലയിലായിരുന്നു. എന്നാൽ 96-ാം മിനിറ്റിൽ വലകുലുക്കി മക്ലാരൻ ബഗാനെ ചരിത്രത്തിലേക്ക് നയിച്ചു. ജയത്തോടെ ലീഗ് വിന്നേഴ്‌സ് ഷീൽഡിനൊപ്പം ഐഎസ്എൽ കപ്പും മോഹൻ ബഗാൻ സ്വന്തമാക്കി.
എക്സ്ട്രാം ആരംഭിച്ച് ആറാം മിനിറ്റിൽ മോഹൻ ബഗാൻ മുന്നിലെത്തി. പെനാൽറ്റി ബോക്സിനുള്ളിൽ നിന്നുള്ള തകർപ്പൻ ഷോട്ടിലൂടെ ജെയ്മി മക്ലാരൻ വലകുലുക്കി. തിരിച്ചടിക്കാൻ ബെംഗളൂരു കിണഞ്ഞു ശ്രമിച്ചെങ്കിലും അവസാന നിമിഷം വരെ ബഗാൻ താരങ്ങൾ പ്രതിരോധകോട്ട കെട്ടി കിരീടം സംരക്ഷിച്ചു.
ലീഗിന്റെ ചരിത്രത്തിൽ ഇതുവരെ ഒരു ക്ലബ്ബും ലീഗ് വിന്നേഴ്‌സ് ഷീൽഡും ഐഎസ്എൽ കപ്പും ഒരുമിച്ചു നേടിയിട്ടില്ല. ഈ ചരിത്രനേട്ടമാണ് മോഹൻ ബഗാൻ സ്വന്തമാക്കിയത്.