സദാചാര ഗുണ്ടായിസം; കണ്ണൂരിൽ യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതികൾക്കെതിരെ ആത്മഹത്യ പ്രേരണ കുറ്റം ചുമത്തി പോലീസ്

കണ്ണൂരിൽ സദാചാര ഗുണ്ടായിസത്തിന്റെ പേരിൽ യുവതി ജീവനൊടുക്കിയ സംഭവത്തിൽ പ്രതികൾക്കെതിരെ കുറ്റം ചുമത്തി പോലീസ് .യുവതിയുടെ ആത്മഹത്യാ കുറിപ്പ് കണ്ടെത്തിയെന്ന് കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ നിതിൻ രാജ് പറഞ്ഞു.തുടർന്നാണ് റസീന യുടെ ബന്ധു അടക്കമുള്ള പ്രതികൾക്കെതിരെ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തിയത്.സുഹൃത്തുമായി സംസാരിച്ചു നിൽക്കുകയായിരുന്ന യുവതിയെ ഒരു സംഘം ഭീഷണി പ്പെടുത്തിയെന്നാണ് ആത്മഹത്യ കുറിപ്പിലുള്ളത്. റസീനയുടെയും സുഹൃത്തിന്റെയും കയ്യിൽ നിന്നും പിടിച്ചു വാങ്ങിയ മൊബൈൽ ഫോണുകൾ പ്രതികളുടെ പക്കൽ നിന്നും കണ്ടെടുത്തിട്ടുണ്ട്.

റസീന മൻസിലിൽ റസീന യാണ് വീടിനുള്ളിൽ തൂങ്ങിമരിച്ചത്.നാൽപ്പതു വയസ്സായിരുന്നു.ചൊവ്വാഴ്ചയായിരുന്നു സംഭവം.സംഭവത്തില്‍ പറമ്പായി സ്വദേശികളായ എംസി മന്‍സിലില്‍ വി സി മുബഷീര്‍, കണിയാന്റെ വളപ്പില്‍ കെ എ ഫൈസല്‍, കൂടത്താന്‍കണ്ടി ഹൗസില്‍ വി കെ റഫ്‌നാസ് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇവരെ കോടതിയില്‍ ഹാജരാക്കിയ ശേഷം റിമാന്‍ഡ് ചെയ്തു.

റസീനയുടെ ആത്മഹത്യാക്കുറിപ്പില്‍ നിന്നുമാണ് മൂന്ന് പ്രതികളിലേക്ക് എത്തിയത്. തന്റെ മരണവുമായി ആണ്‍ സുഹൃത്തിന് യാതൊരു ബന്ധവുമില്ല എന്നും പെണ്‍കുട്ടിയുടെ ആത്മഹത്യാക്കുറിപ്പില്‍ വ്യക്തമാക്കിയിട്ടുണ്ട്.പ്രതികള്‍ എസ്ഡിപിഐ ഓഫീസില്‍ ആണ്‍സുഹൃത്തിനെയെത്തിച്ച് ചോദ്യം ചെയ്തതായും അഞ്ച് മണിക്കൂറാണ് പ്രതികള്‍ ആണ്‍ സുഹൃത്തിനെ ചോദ്യം ചെയ്തതെന്നും പൊലീസ് പറഞ്ഞു.

കഴിഞ്ഞ ഞായറാഴ്ച വൈകുന്നേരം യുവതി കായലോട് അച്ചങ്കര പള്ളിക്ക് സമീപം കാറിനരികില്‍ ആണ്‍സുഹൃത്തിനോട് സംസാരിച്ചു നില്‍ക്കുന്നത് ഇവര്‍ ചോദ്യം ചെയ്തിരുന്നു. ശേഷം യുവതിയെ വീട്ടിലേക്ക് തിരിച്ചയച്ച ശേഷം മയ്യില്‍ സ്വദേശിയായ ആണ്‍ സുഹൃത്തിനെ അഞ്ച് മണിക്കൂറോളം കൂട്ടവിചാരണ നടത്തി മൊബൈല്‍ ഫോണും ടാബും പിടിച്ചെടുത്തിരുന്നു. പിന്നീട് ഇരുവരുടെയും ബന്ധുക്കളെ വിളിച്ച് വരുത്തി. രാത്രി വൈകിയാണ് യുവാവിനെ ബന്ധുക്കള്‍ക്കൊപ്പം വിട്ടയച്ചത്. അപ്പോഴും യുവാവിന്റെ കൈയ്യില്‍ നിന്ന് പിടിച്ചെടുത്ത ടാബും മൊബൈല്‍ ഫോണും വിട്ടുനല്‍കാന്‍ സംഘം തയ്യാറായിരുന്നില്ല.ഇതാണ് പോലീസ് പിന്നീട് പ്രതികളിൽ നിന്നും കണ്ടെടുത്തത്.

Leave a Reply

Your email address will not be published. Required fields are marked *