മുതിര കാണാൻ ഇത്തിരിപ്പോന്നതാണെങ്കിലും പോഷക ഗുണം വമ്പൻ തന്നെ. മുതിര പ്രധാനമായും ഉപയോഗിക്കുന്നത് കുതിരകൾക്കുള്ള ആഹാരമായാണ്. അത്കൊണ്ട് തന്നെ ഇംഗ്ലീഷിൽ ഇതിനെ ഹോഴ്സ് ഗ്രാം എന്ന് വിളിക്കുന്നു. ഇതിന്റെ പോഷകഗുണം കൊണ്ടുതന്നെയാണ് പഴമക്കാർ മുതിര കഴിച്ചാൽ കുതിരയുടെ ശക്തി കിട്ടുമെന്ന് പറയുന്നത്.പ്രോട്ടീൻന്റെ കലവറയാണ് മുതിര. നാരുകളാൽ സമൃദ്ധം. അതുകൊണ്ട് നമ്മുടെ ഭക്ഷണ ക്രമത്തിൽ ഇവ ഉൾപ്പെടുത്തേണ്ടത് വളരെ അത്യന്താപേക്ഷിതമാണ്.
കൊങ്കണി പാചകത്തിൽ മുതിര വളരെ സാധാരണമാണ്. ‘കുളിത്തു” എന്നാണ് കൊങ്കണിയിൽ മുതിരയെ വിളിക്കുക. മുതിര വേവിച്ചു ഇടിച്ചക്കയോ കൂർക്കയോ ചേർത്ത് തേങ്ങ അരച്ചുണ്ടാക്കുന്ന കോദ്ദൽ എന്ന കറിയാണ് എല്ലാർക്കും പ്രിയങ്കരമായത്. കൂടാതെ വെറുതെ മുതിര മാത്രം അല്പം അധികം ചാറോടു കൂടി തിളപ്പിച്ചതിൽ വെളുത്തുള്ളിയും വറ്റൽ മുളകും മൂപ്പിച്ച് താളിച്ചെടുക്കുന്ന ‘സർശി ‘ എന്ന കറി ഉണ്ടാക്കാൻ എളുപ്പം ആണെന്ന് മാത്രമല്ല രുചികരവുമാണെന്ന് പറയുന്നു. മുതിര ഉഴുന്നിനൊപ്പം പ്രത്യേക അനുപാതത്തിൽ അരച്ചുണ്ടാക്കുന്ന ഇഡ്ഡലി കൊങ്കണികളുടെ ഒരു വിശേഷ വിഭവമാണ്.
ഇന്ന് പരിചയപ്പെടുത്തുന്നത് മുതിര കൊണ്ടുള്ള “ഖടി” ആണ്. പഞ്ചാബികളുടെ ഖടിയുമായി പേരിൽ മാത്രമേ സാമ്യമുള്ളൂ. പണ്ട് കാലത്ത് കന്നുകാലികൾക്ക് കൊടുക്കാനായി മുതിര അല്പം കൂടിയ അളവിൽ പാകം ചെയ്യേണ്ടതായി വരുമല്ലോ അപ്പോൾ ഈ മുതിര വെന്ത നല്ല കുറുകിയ വെള്ളം അല്ലെങ്കിൽ ചാറു മാറ്റി വെയ്ക്കും ഇതാണ് മുതിര ഖടി ഉണ്ടാക്കാനെടുക്കുക. ഇതിൽ വെള്ളരിക്ക കഷ്ണങ്ങൾ കൂടെ ചേർക്കും ചോറിനു ഒഴിച്ച് കറിയായിട്ടാണ് ഇത് വിളമ്പുക. മാറ്റിയെടുത്ത മുതിര കൊണ്ട് ‘ ഉപ്പേരി’ കൂടെ ഉണ്ടാക്കിയാൽ ഒരു വെടിക്ക് രണ്ട് പക്ഷി എന്നപോലെ എളുപ്പത്തിൽ ഒരു കൂട്ട് കറിയുമായി.