ദോഹ:90 മീറ്റർ എന്ന സ്വപ്ന ദൂരം പിന്നിട്ടിട്ടും ദോഹ ഡയമണ്ട് ലീഗിൽ ഇന്ത്യയുടെ നീരജ് ചോപ്ര രണ്ടാമത്. മൂന്നാം ശ്രമത്തിൽ 90.23 മീറ്റർ ദൂരം താണ്ടി റെക്കോർഡിട്ട നീരജിനെ മറികടന്നു ജർമൻ താരം ജൂലിയൻ വെബ്ബർ. അവസാന ശ്രമത്തിൽ 91.06 മീറ്റർ ദൂരം താണ്ടി ജൂലിയൻ വെബ്ബർ ഒന്നാമത് എത്തുകയായിരുന്നു. ദോഹ ഡമയമണ്ട് ലീഗില്‍ ചരിത്രമെഴുതാനായെങ്കിലും രണ്ടാം സ്ഥാനമാണ് ഇന്ത്യൻ കായിക താരം നീരജ് ചോപ്രയ്ക്ക് നേടാനായത്.
കരിയറിൽ ആദ്യമായി 90 മീറ്റർ ദൂരം താണ്ടിയാണ് നീരജ് ചരിത്രമെഴുതിയത്. ആദ്യ അവസരത്തിൽ 88.4 മീറ്റർ ദൂരം ജാവലിൻ പായിച്ച നീരജ് മൂന്നാം ശ്രമത്തിലാണ് 90.23 മീറ്റർ എന്ന ദൂരം പിന്നിട്ടത്. നീരജ് ചോപ്ര ജാവലിനിൽ കുറിച്ച ഏറ്റവും മികച്ച ദൂരമാണ് ഇത്. ഇന്ത്യയുടെ തന്നെ കിഷോർ ജെന നിലവിൽ എട്ടാം സ്ഥാനത്താനുള്ളത്. 89.06 മീറ്റർ ദൂരം മൂന്നാം ശ്രമത്തിൽ പിന്നിട്ട ജൂലിയൻ അവസാന ശ്രമത്തിൽ 91.06 മീറ്റർ എന്ന ദൂരത്തിലെത്തി. ഇതോടെ നീരജ് ചോപ്ര ദോഹ ഡയമണ്ട് ലീഗിൽ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയായിരുന്നു.