സംസ്ഥാനത്ത് രണ്ട് നിപ കേസുകളുമായി ബന്ധപ്പെട്ട് മൂന്ന് ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശം നല്‍കി ആരോഗ്യമന്ത്രി മന്ത്രി വീണാ ജോര്‍ജ്. കോഴിക്കോട്, മലപ്പുറം, പാലക്കാട് ജില്ലകള്‍ക്കാണ് ജാഗ്രതാ നിര്‍ദേശം. പാലക്കാട്, മലപ്പുറം ജില്ലകളിലുള്ളവര്‍ക്കാണ് നിപ സ്ഥിരീകരിച്ചത്.
മലപ്പുറം, കോഴിക്കോട് മെഡിക്കല്‍ കോളേജുകളില്‍ നടത്തിയ പരിശോധനയില്‍ ഇരുവര്‍ക്കും നിപ സ്ഥിരീകരിച്ചിരുന്നു.പാലക്കാട്ടെ 6 വാർഡുകൾ ജില്ലാഭരണകൂടം കണ്ടെയിൻമെന്റ് സോണുകളാക്കി പ്രഖ്യാപിച്ചു
. തച്ഛനാട്ടുകര ഗ്രാമപഞ്ചായത്തിലെ 7,8,9, 11 വാർഡുകളും കരിമ്പുഴ പഞ്ചായത്തിലെ 17, 18 വാർഡുകളുമാണ് കണ്ടെയിൻമെന്റ് സോണായി പ്രഖ്യാപിച്ചത്. ഈ പ്രദേശങ്ങളിലെ വ്യാപാര സ്ഥാപനങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, മറ്റു സ്ഥാപനങ്ങൾ എന്നിവ തുറന്നു പ്രവർത്തിക്കാൻ പാടുള്ളതല്ല എന്ന് അറിയിപ്പുണ്ട്.
പാലക്കാട് തച്ചനാട്ടുകര സ്വദേശിക്ക് പിന്നാലെയാണ് കോഴിക്കോട് മസ്തിഷ്‌ക മരണം സംഭവിച്ച പെണ്‍കുട്ടിക്കും രോഗം സ്ഥിരീകരിച്ചത്. മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം ചെയ്ത മലപ്പുറം മങ്കട സ്വദേശിനിക്കാണ് പ്രാഥമിക പരിശോധനയിൽ നിപ സ്ഥിരീകരിച്ചത്. സ്ഥിരീകരണത്തിനായി സാമ്പിൾ പുണെ വൈറോളജി ലാബിലേക്ക് അയച്ചിരിക്കുകയാണ്.