പുരുഷന്മാരെ ഗർഭനിരോധനത്തിന് സഹായിക്കുന്ന YCT-529 എന്ന ഗുളിക പ്രാരംഭഘട്ടത്തിലെ ക്ലിനിക്കൽ ട്രയലുകളിൽ ഫലപ്രദമാണെന്ന് തെളിഞ്ഞു. കമ്മ്യൂണിക്കേഷൻസ് മെഡിസിൻ എന്ന ജേണലിൽ ഇതുസംബന്ധിച്ച പഠനം പ്രസിദ്ധീകരിച്ചിട്ടുണ്ട്.ബീജ ഉത്പാദനത്തിൽ പ്രധാന പങ്കുവഹിക്കുന്ന ഒരു പ്രോട്ടീനെ തടയുകയാണ് മരുന്നിന്റെ പ്രധാനലക്ഷ്യം. ബീജങ്ങളുടെ വളർച്ചയിലെ പ്രധാനഘടകമായ റെറ്റിനോയിക് ആസിഡ് എന്ന ഒരിനം വിറ്റാമിൻ എയുടെ പ്രവർത്തനത്തെ തടസ്സപ്പെടുത്തുകയാണ് ഗുളിക ചെയ്യുന്നത്. ക്ലിനിക്കൽ ട്രയലുകൾ നടത്തുന്ന ബയോഫാർമസ്യൂട്ടിക്കൽ കമ്പനിയായ യുവർചോയ്സ് തെറാപ്യൂട്ടിക്സും ന്യൂയോർക്കിലെ കൊളംബിയ സർവകലാശാലയും ചേർന്നാണ് ഈ ഗുളിക വികസിപ്പിച്ചത്.ആരോഗ്യവാന്മാരായ പതിനാറ് പുരുഷന്മാരിലാണ് ക്ലിനിക്കൽ ട്രയൽ നടത്തിയത്.
ഗുളികകളുടെ സിംഗിൾ ഡോസാണ് നൽകിയത്. തുടർന്ന് ഇവരിലെ ഹൃദയമിടിപ്പ്, മാനസികാവസ്ഥ, ലൈംഗികാസക്തി, ഹോർമോൺ നില തുടങ്ങിയവ നിരീക്ഷിക്കുകയും ചെയ്തു. ശേഷമാണ് ട്രയലിൽ പങ്കാളികളായവരിൽ ആർക്കും വലിയ രീതിയിലുള്ള പാർശ്വഫലങ്ങൾ പ്രകടമായില്ലെന്നും ടെസ്റ്റോസ്റ്റിറോണിനെയോ മറ്റ് പ്രത്യുത്പാദന ഹോർമോണുകളെയോ ബാധിച്ചിട്ടില്ലെന്നും കണ്ടെത്തിയത്. നിലവിൽ വിശാലാടിസ്ഥാനത്തിലുള്ള പഠനങ്ങൾക്ക് മുന്നോടിയായുള്ള ഗുളികയുടെ ആദ്യഘട്ട പരീക്ഷണമാണ് വിജയകരമായി പൂർത്തിയായത്.