സങ്കീർണ ജോലികള്‍ എളുപ്പമാക്കാൻ പുതിയ രണ്ട് നിര്‍മിതബുദ്ധി മോഡലുകള്‍ അവതരിപ്പിച്ച് ഓപ്പണ്‍ എഐ. വെബ് സെര്‍ച്ചിങ്, ചിത്രങ്ങള്‍ നിര്‍മിക്കല്‍, ഫയല്‍ വിശകലനം എന്നിവയ്ക്കുള്ള ടൂളുകളെ സംയോജിപ്പിക്കാനും ഉപയോഗിക്കാനും കഴിയുന്ന ആദ്യ എ ഐ റീസണിങ് മോഡലുകളാണ് ഇവയെന്ന് ഓപണ്‍ എഐ അവകാശപ്പെടുന്നു.പുതിയ മോഡലുകള്‍ ഒ3, ഒ4 (o3, o4) എന്നിവയാണ്.o3 മോഡല്‍ ചിത്രങ്ങള്‍, ചാര്‍ട്ടുകള്‍, ഡയഗ്രമുകള്‍ എന്നിവ വിശകലനം ചെയ്യുന്നതില്‍ മികവ് പുലര്‍ത്തും.
കോഡിങ്, ഗണിതം, ശാസ്ത്രം തുടങ്ങിയ മേഖലകളില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നതാണ് ഇതെന്നും ഓപ്പണ്‍ എഐ അവകാശപ്പെടുന്നു. ഇതുവരെയുള്ളതില്‍ വച്ച് ഏറ്റവും യുക്തിസഹമായ മോഡലാണിത്. ഉത്തരങ്ങള്‍ പെട്ടെന്ന് വ്യക്തമല്ലാത്ത പല തലങ്ങളിലുള്ള ചോദ്യങ്ങള്‍ പരിഹരിക്കുന്നതിന് അനുയോജ്യമാണെന്നും കമ്പനി അവകാശപ്പെട്ടു.
സങ്കീര്‍ണമായ, പല തലങ്ങളിലുള്ള ആവശ്യങ്ങള്‍ കൂടുതല്‍ ഫലപ്രദമായ രീതിയിൽ കൈകാര്യം ചെയ്യാൻ ഇവയ്ക്ക് കഴിയും. കൃത്യമായ ഫോര്‍മാറ്റില്‍ വിശദമായ പ്രതികരണങ്ങള്‍ സൃഷ്ടിക്കുന്നതിന് ഈ ഉപകരണങ്ങള്‍ എപ്പോള്‍, എങ്ങനെ ഉപയോഗിക്കണമെന്ന് തീരുമാനിക്കാന്‍ എഐ മോഡലുകള്‍ക്ക് പരിശീലനം നല്‍കിയിട്ടുണ്ടെന്നും ഓപ്പണ്‍ എഐ അറിയിച്ചു.