ഒന്ന് കണ്ണ് തുറന്ന് കാണൂ ഖാർഗെ ജി!മോദി കൊടുത്ത ചുട്ട മറുപടികാരണം ഇതാ

കഴിഞ്ഞ ദിവസം കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ ജി സോഷ്യൽ മീഡിയയിൽ ഒരു വലിയ കുറിപ്പിട്ടു. പശ്ചിമേഷ്യയിൽ യുദ്ധം നടക്കുമ്പോൾ നമ്മുടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഒന്നും ചെയ്യുന്നില്ല എന്നാണ് അദ്ദേഹത്തിന്റെ പരാതി. ഇത് കേട്ടപ്പോൾ എനിക്ക് തോന്നിയത്, ഖാർഗെ ജി ഇപ്പോഴും ആ പഴയ 2014-ന് മുമ്പുള്ള കാലത്താണോ ജീവിക്കുന്നത് എന്നാണ്?
ലോകം മുഴുവൻ ഒരു പ്രതിസന്ധിയിൽ നിൽക്കുമ്പോൾ, ഇന്ത്യയുടെ കരുത്തൻ പ്രധാനമന്ത്രിയെ വെറുതെ വിമർശിക്കാൻ വേണ്ടി മാത്രം ഓരോന്ന് വിളിച്ചു പറയുന്ന ഖാർഗെ ജിക്ക് എന്താണ് പറ്റിയത്? നമുക്ക് അദ്ദേഹത്തിന്റെ ആ ‘വിചിത്രമായ’ വാദങ്ങൾ ഒന്ന് പരിശോധിക്കാം.
ആദ്യം അദ്ദേഹം പറയുന്നത് ഒരു ഇറാനിയൻ കപ്പൽ ആക്രമിക്കപ്പെട്ടപ്പോൾ മോദിജി എന്തുകൊണ്ട് മിണ്ടിയില്ല എന്നാണ്. ഖാർഗെ ജി, ഇതൊരു ആഗോള യുദ്ധത്തിന്റെ സാഹചര്യമാണ്. അവിടെ വെറുതെ മൈക്കും എടുത്ത് പ്രസ്താവന ഇറക്കി പ്രശ്നം വഷളാക്കുകയല്ല വേണ്ടത്. നയതന്ത്രം എന്നാൽ പക്വതയാണ്. ഇന്ത്യ ഇന്ന് ലോകരാജ്യങ്ങൾക്കിടയിൽ സമാധാനം ഉണ്ടാക്കാൻ ശ്രമിക്കുമ്പോൾ, താങ്കൾ ഇവിടെ ഇരുന്ന് വെറുതെ ഓരോന്ന് പറഞ്ഞു പേടിപ്പിക്കുകയാണ്. സ്വന്തം രാജ്യത്തിന്റെ നയതന്ത്രത്തെ വിശ്വസിക്കാൻ താങ്കൾക്ക് കഴിയില്ലേ?
എങ്ങനെ പ്രതികരിക്കണം എന്നതിനൊക്കെ ഒരു രീതിയുണ്ട്. സമാധാനത്തിന്റെ പക്ഷത്ത് നിൽക്കുന്ന ഇന്ത്യ, ലോകരാഷ്ട്രങ്ങൾക്കിടയിൽ ഒരു മധ്യസ്ഥന്റെ റോളിലാണ് ഇന്ന് നിൽക്കുന്നത്. അത് മനസ്സിലാക്കാനുള്ള പക്വത ഖാർഗെ ജിക്ക് ഇല്ലെങ്കിൽ അത് മോദിയുടെ കുഴപ്പമല്ല. സ്വന്തം മുറ്റത്തെ അക്രമം കാണുന്നില്ലെന്ന് പരിഹസിക്കുന്നവർ, മോദി സർക്കാർ വന്ന ശേഷം ഇന്ത്യയുടെ അതിർത്തികളിൽ പാകിസ്ഥാൻ കാണിച്ചിരുന്ന ആ പഴയ ‘കളികൾ’ എവിടെ പോയി എന്ന് കൂടി ഒന്ന് ചിന്തിക്കുന്നത് നന്നായിരിക്കും.രണ്ടാമതായി, ഹോർമുസ് കടലിടുക്കിൽ കുടുങ്ങിയ 1100-ഓളം നാവികരുടെ സുരക്ഷയെക്കുറിച്ച് താങ്കൾ ആശങ്കപ്പെടുന്നു. എന്നാൽ ഖാർഗെ ജി, നിങ്ങൾ കഴിഞ്ഞ കുറച്ചു വർഷത്തെ ചരിത്രം മറന്നുപോയോ? ഉക്രെയ്നിലെ യുദ്ധഭൂമിയിൽ വെടിയുണ്ടകൾക്കിടയിലൂടെ നമ്മുടെ വിദ്യാർത്ഥികളെ തിരിച്ചെത്തിച്ച ‘ഓപ്പറേഷൻ ഗംഗ’യും, സുഡാനിലെ ആഭ്യന്തര കലാപത്തിനിടയിൽ നിന്ന് ജനങ്ങളെ രക്ഷിച്ച ‘ഓപ്പറേഷൻ കാവേരിയും’ മോദി സർക്കാരിന്റെ ഇച്ഛാശക്തിയുടെ അടയാളങ്ങളാണ്. യമനിൽ യുദ്ധം നടന്നപ്പോൾ സൗദി അറേബ്യയോട് യുദ്ധം നിർത്താൻ ആവശ്യപ്പെട്ട് ഇന്ത്യക്കാരെ രക്ഷിച്ച ചരിത്രമുണ്ട് ഈ സർക്കാരിന്. ഓരോ ഇന്ത്യക്കാരന്റെയും സുരക്ഷ മോദിയുടെ ഉറപ്പാണ്. അത് പ്രസംഗത്തിലല്ല, പ്രവൃത്തിയിലാണ് ലോകം കണ്ടത്. പശ്ചിമേഷ്യയിലെ ഒരു കോടിയിലധികം ഇന്ത്യക്കാർക്ക് ഇന്ന് ആത്മവിശ്വാസമുണ്ട്, തങ്ങളെ കാക്കാൻ ഡൽഹിയിൽ ഒരു കരുത്തനായ കാവൽക്കാരനുണ്ടെന്ന്.
ഹോർമുസ് കടലിടുക്കിൽ 1100 നാവികർ കുടുങ്ങിക്കിടക്കുന്നു എന്ന് പറഞ്ഞ് ഖാർഗെ മുതലക്കണ്ണീർ ഒഴുക്കുകയാണ്. ഖാർഗെ ജി, നിങ്ങൾ ഇതൊക്കെ പറയുമ്പോൾ ജനങ്ങൾ ചിരിക്കുകയാണ്. കാരണം, ലോകത്തിന്റെ ഏത് മൂലയിൽ ഒരു മലയാളി അല്ലെങ്കിൽ ഒരു ഇന്ത്യക്കാരൻ കുടുങ്ങിയാലും അവരെ വിമാനം വിട്ട് കൊണ്ടുവരുന്ന ഒരു പതിവ് ഈ പത്ത് വർഷത്തിനിടെ മോദി സർക്കാർ ഉണ്ടാക്കിയിട്ടുണ്ട്.
മൂന്നാമത്തെ തമാശ ഇന്ധന വിലയെ കുറിച്ചാണ്. രാജ്യത്ത് വെറും 25 ദിവസത്തെ ഇന്ധനം മാത്രമേയുള്ളൂ എന്ന് പറഞ്ഞ് ഖാർഗെ നാട്ടുകാരെ പേടിപ്പിക്കുകയാണ്. 25 ദിവസമോ? ഖാർഗെ ജി, പണ്ട് നിങ്ങളുടെ കാലത്ത് പഞ്ചസാരയ്ക്കും മണ്ണെണ്ണയ്ക്കും ക്യൂ നിന്നതുപോലെ ഇന്നും ജനങ്ങൾ നിൽക്കുമെന്നാണോ നിങ്ങൾ വിചാരിക്കുന്നത്? റഷ്യയിൽ നിന്ന് എണ്ണ വാങ്ങരുത് എന്ന് ലോക രാജ്യങ്ങൾ ഭീഷണിപ്പെടുത്തിയിട്ടും, “എന്റെ നാട്ടിലെ ജനങ്ങൾക്ക് കുറഞ്ഞ വിലയ്ക്ക് എണ്ണ കൊടുക്കും” എന്ന് പറഞ്ഞ് നെഞ്ചുവിരിച്ചു നിന്ന മോദിയെ കുറിച്ചാണ് നിങ്ങൾ ഈ പറയുന്നത്. ലോകം മുഴുവൻ എണ്ണയ്ക്ക് തീവിലയാകുമ്പോഴും ഇന്ത്യയിൽ അത് പിടിച്ചുനിർത്തുന്നത് നയതന്ത്രത്തിന്റെ മിടുക്കാണ്. അതല്ലാതെ 25 ദിവസത്തെ സ്റ്റോക്ക് എന്ന് പറഞ്ഞ് വാട്സാപ്പ് ഫോർവേഡ് മെസേജ് പോലെ വിഡ്ഢിത്തം വിളിച്ചു പറയുകയല്ല വേണ്ടത്.
നാലാമതായി, ഇന്ത്യയുടെ വിദേശനയം തകർന്നുപോലും! ഖാർഗെ ജിക്ക് വിദേശനയം എന്ന് വെച്ചാൽ എന്താണെന്ന് അറിയാമോ? പണ്ട് വിദേശത്ത് പോയി കൈകൂപ്പി നിന്നിരുന്ന ഒരു ഇന്ത്യയുണ്ടായിരുന്നു. ഇന്ന് ലോകത്തെ ഏത് പ്രശ്നമുണ്ടായാലും അമേരിക്കയും റഷ്യയും ആദ്യം വിളിക്കുന്നത് ഡൽഹിയിലേക്കാണ്. ജി-20 ഉച്ചകോടി ഇന്ത്യയിൽ നടന്നപ്പോൾ ലോകം ഭാരതത്തിന് മുന്നിൽ വണങ്ങിയത് ഖാർഗെ ജി കണ്ടില്ലേ? അതോ അന്ന് ഉറക്കമായിരുന്നോ? ഭാരതത്തിന്റെ നയതന്ത്ര കരുത്ത് ഇന്ന് ഹിമാലയത്തേക്കാൾ ഉയരത്തിലാണ്. അത് കാണാൻ പറ്റാത്തത് നിങ്ങളുടെ കണ്ണിലെ രാഷ്ട്രീയ തിമിരം കൊണ്ടാണ്.

Leave a Reply

Your email address will not be published. Required fields are marked *