സുവർണ ക്ഷേത്രത്തിൽ സിഖ് തീവ്രവാദികളെ ഒഴിപ്പിക്കാൻ നടത്തിയ ‘ഓപ്പറേഷൻ ബ്ലൂസ്റ്റാർ’ തെറ്റായിരുന്നെന്ന പി. ചിദംബരത്തിന്റെ പ്രസ്താവനയിൽ അതൃപ്തിയുമായി കോൺഗ്രസ് നേതൃത്വം. പാർട്ടിനേതൃത്വത്തെ തുടർച്ചയായി പ്രതിസന്ധിയിലാക്കുന്ന പ്രസ്താവന ആയതിനാലാണ് നേതൃത്വത്തിന് അതൃപ്തി. അതേസമയം, ചിദംബരത്തെ പിന്തുണച്ചും കോൺഗ്രസിനെ വിമർശിച്ചും രംഗത്തെത്തി യിരിക്കുകയാണ് ബിജെപി.
ഓപ്പറേഷൻ ബ്ലൂസ്റ്റാർ ദേശീയാവശ്യമായിരുന്നില്ലെന്നും ഇന്ദിരാഗാന്ധിയുടെ രാഷ്ട്രീയ ദൃഷ്‌കൃത്യമായിരുന്നെന്നുമുള്ള ശരിയായ ചരിത്രം രേഖപ്പെടുത്തണമെന്നും ബിജെപി വക്താവ് ആർ.പി. സിങ് പറഞ്ഞു. സത്യം പറഞ്ഞതിന് ചിദംബരത്തിനെതിരേ കോൺഗ്രസ് നടപടിയെടുക്കുമോയെന്നും ചോദിച്ചു. അതേസമയം, തുടർച്ചയായി ചിദംബരം കോൺഗ്രസിനെ പ്രതിരോധത്തിലാക്കുന്ന അഭിപ്രായം പറയുന്നതിൽ ഉന്നത നേതൃത്വം കടുത്ത അതൃപ്തിയിലാണ്.
2008-ലെ മുംബൈ ഭീകരാക്രമണത്തിനുശേഷം പാകിസ്താനെതിരേ തിരിച്ചടിക്കാൻ തനിക്ക് തോന്നിയിരുന്നെന്നും എന്നാൽ, വിദേശകാര്യമന്ത്രാലയത്തിന്റെ സമ്മർദംകാരണം നടന്നില്ലെന്നും ചിദംബരം ഈയിടെ വെളിപ്പെടുത്തിയിരുന്നു. ബിജെപിയെ പോലെ ശക്തവും സംഘടിതവുമായ മറ്റൊരു പാർട്ടിയില്ലെന്നും ഇന്ത്യസഖ്യം നിലവിലുണ്ടോ എന്നുപോലും തനിക്കറിയില്ലെന്നുമുള്ള ചിദംബരത്തിന്റെ പ്രസ്താവനയും പാർട്ടി നേതൃത്വത്തെ ആശങ്കയിലാക്കിയിരുന്നു.
