ഭീകരവിരുദ്ധ പ്രവർത്തനങ്ങളിലെ സഹകരണം ഉൾപ്പെടെയുള്ള പ്രധാന സുരക്ഷാ വിഷയങ്ങളിൽ താലിബാൻ യുക്തിരഹിതമായ നിലപാട് സ്വീകരിക്കുന്നതായി പാക്കിസ്ഥാൻ. ഇതോടെ, പാക്കിസ്ഥാനും അഫ്ഗാനിസ്ഥാനും തമ്മിലുള്ള സമാധാന ചർച്ചകൾ വഴിമുട്ടിയതായി പാക്ക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അതിർത്തി കടന്നുള്ള ഭീകരവാദത്തിന്റെ പേരിലാണ് പാക്കിസ്ഥാൻ അഫ്ഗാന്റെ അതിർത്തി പ്രദേശങ്ങളിൽ വ്യോമാക്രമണം നടത്തിയത്. പാക്കിസ്ഥാനും അഫ്ഗാനിസ്ഥാനുമായുള്ള രണ്ടാം വട്ട ചർച്ചകൾ തുർക്കിയിൽ നടക്കുകയാണ്. ഭീകരവാദത്തെ തടയാൻ കഴിഞ്ഞില്ലെങ്കിൽ യുദ്ധമെന്ന മാർഗം മുന്നിലുണ്ടെന്ന് പാക്കിസ്ഥാൻ വീണ്ടും മുന്നറിയിപ്പു നൽകിയിട്ടുണ്ട്.
അതിർത്തി തർക്കങ്ങൾ സംബന്ധിച്ച് തുർക്കിയിൽ നടക്കുന്ന സമാധാന ചർച്ചയിൽ തീരുമാനത്തിലെത്തിയില്ലെങ്കിൽ അഫ്ഗാനിസ്ഥാനുമായി തുറന്ന യുദ്ധത്തിലേക്കു നീങ്ങുമെന്ന ഭീഷണിയുമായി പാക്ക് പ്രതിരോധ മന്ത്രി ഖ്വാജ മുഹമ്മദ് ആസിഫ് വീണ്ടും രംഗത്തെത്തി. ഇന്നോ നാളെയോ ചർച്ചകളുടെ ഫലം അറിയാമെന്നും കൂട്ടിച്ചേർത്തു. പാക്കിസ്ഥാനും അഫ്ഗാനിസ്ഥാനും തമ്മിലുള്ള സംഘർഷം വളരെ വേഗത്തിൽ പരിഹരിക്കാൻ കഴിയുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇന്നലെ പറഞ്ഞിരുന്നു. പാക്ക് പ്രധാനമന്ത്രി ഷെഹബാസ് ഷരീഫും സൈനിക മേധാനി അസിം മുനീറും ‘വലിയ മനുഷ്യരാണെന്നും’ ട്രംപ് പ്രകീർത്തിച്ചു. സംഘർഷം അവസാനിപ്പിക്കാൻ ആവശ്യമായ കാര്യങ്ങൾ യുഎസ് ചെയ്യുമെന്നും മാധ്യമങ്ങളോട് ട്രംപ് വ്യക്തമാക്കി.
