ചില്ലറക്കാരൻ അല്ല പാഷൻ ഫ്രൂട്ട്, എന്നാൽ കരുതലോടെ കഴിക്കണം

കേരളത്തിൽ സുലഭമായി കാണപ്പെടുന്ന നാരുകളാൽ സമ്പന്നമായ ഒരു പഴവർഗ്ഗമാണ് പാഷൻ ഫ്രൂട്ട്. മഞ്ഞ പർപ്പിൾ എന്നീ നിറങ്ങളിൽ കാണപ്പെടുന്ന പാഷൻ ഫ്രൂട്ട് രോഗപ്രതിരോധശേഷി പ്രദാനം ചെയ്യുന്നു .100 ഗ്രാം ഫ്രൂട്ടിൽ 10.4 ഗ്രാം നാരുകൾ ഉണ്ട്. ഇതു ദഹനത്തിനു സഹായിച്ച് കുടലിന്റെ ആരോഗ്യം സംരക്ഷിക്കുന്നു. മലബന്ധം ഒഴിവാക്കുന്നു. കൊളസ്ട്രോൾ കുറച്ച് ഹൃദയത്തെ സംരക്ഷിക്കുന്നു. ശരീരത്തിലെ രക്തയോട്ടം മെച്ചപ്പെടുത്തുകയും കോശ സമ്മർദ്ദം കുറയ്ക്കുകയും ചെയ്യുന്നതും ആന്റി ഫംഗൽ ഗുണങ്ങളുള്ളതുമായ ഒരു ഡൈമെറിക് പ്രോട്ടീൻ പാഷൻ ഫ്രൂട്ടിലുണ്ട്. കുറഞ്ഞ ഗ്ലൈസീമിക് സൂചികയുള്ള പഴമായതിനാൽ ഇതു പ്രമേഹരോഗികൾക്കും ഉപയോഗിക്കാം. ഇൻസുലിൻ സംവേദന ക്ഷമത മെച്ചപ്പെടുത്താൻ കഴിയുന്ന പിസിയാറ്റനോൾ എന്ന ഒരു സംയുക്തം പാഷൻ ഫ്രൂട്ടിലുണ്ട്. വൈറ്റമിൻ സി, വൈറ്റമിൻ എ, കരോട്ടിൻ, പൊട്ടാസ്യം, കാത്സ്യം, സോഡിയം, ഇരുമ്പ് എന്നിവയാൽ സമ്പുഷ്ടമാണിത്.

പാഷൻ ഫ്രൂട്ടിൽ മഗ്നീഷ്യം ധാരാളമായിട്ടുണ്ട്. അതു മാനസിക സമ്മർദവും ഉത്കണ്ഠയും കുറയ്ക്കുന്നു. പാഷൻ ഫ്രൂട്ട് പതിവായി കഴിക്കുന്നതു വൈറ്റമിൻ എയുടെ ആവശ്യമായ അളവ് ഉറപ്പാക്കുകയും അങ്ങനെ അന്ധതയ്ക്കുള്ള സാധ്യത കുറയ്ക്കുകയും ചെയ്യുന്നു എന്നു പറയാം. ചർമത്തെ ചെറുപ്പമാക്കി നിലനിർത്തുന്നതിനും സഹായിക്കുന്നു. എന്നാൽ ചില വ്യക്തികൾക്ക് പാഷൻ ഫ്രൂട്ട് അലർജി ഉണ്ടാക്കാം (ലാറ്റക്സ് അലർജി ഉള്ളവർക്ക്). ഇതിൽ ധാരാളമായി ഓക്സലേറ്ററുകൾ ഉണ്ട്. ഇത് വൃക്ക രോഗസാധ്യതയുള്ളവരിൽ വൃക്കയിൽ കല്ലുണ്ടാകാനിടയാക്കാം. പാഷൻ ഫ്രൂട്ടിന്റെ തൊലി കഴിക്കരുത്. ഇതിൽ സയനൈഡിന്റെ അംശമുള്ള സയനോജനിക് ഗ്ലൈക്കോസൈഡുകൾ ചെറിയ അളവിൽ അടങ്ങിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *