ഇന്ന് രാവിലെ ചായയും കുടിച്ച് പത്രമെടുത്ത മലയാളി ശരിക്കും ഒന്ന് ഞെട്ടിയിട്ടുണ്ടാകും. കണ്ണുതള്ളിക്കുന്ന വാർത്തകളാണ് ഒന്നാം പേജിൽ നിറഞ്ഞുനിൽക്കുന്നത്.പത്തു വർഷം മുൻപത്തെ വാർത്തകൾ! “നാളെ മുതൽ ലോഡ് ഷെഡിംഗ്”, “കെ.എസ്.ആർ.ടി.സി പൂട്ടുന്നു”, “ട്രഷറി പൂട്ടാൻ പോകുന്നു”… ഇതൊക്കെ കണ്ടപ്പോൾ ജനങ്ങൾ കരുതിയത് ‘എല്ലാം ശരിയാക്കും’ എന്ന് പറഞ്ഞ് വന്ന ഭരണത്തിൽ ഒടുവിൽ എല്ലാം കുളമായോ എന്നാണ്. എന്നാൽ സംഗതി അതല്ല, ഇതൊരു ഒന്നൊന്നര ‘പി.ആർ’ കളിയാണ്. പത്തു വർഷം മുൻപത്തെ പഴയ പത്രക്കട്ടിംഗുകൾ തപ്പിപ്പിടിച്ച് കോടിക്കണക്കിന് രൂപയുടെ സർക്കാർ പരസ്യമായി നൽകിയിരിക്കുകയാണ് പിണറായി വിജയന്റെ പി.ആർ.ഡി വകുപ്പ്. ജനങ്ങളുടെ നികുതിപ്പണം എടുത്ത് പഴയ ചപ്പുചവറുകൾ വിൽക്കാൻ ഇറങ്ങിയിരിക്കുന്ന ഈ നാടകം ആരെ പറ്റിക്കാന് ആണ് എന്ന് ജനങ്ങൾക്ക് നന്നായിട് അറിയാം.
യഥാർത്ഥത്തിൽ ഈ പരസ്യത്തിലൂടെ പിണറായി സർക്കാർ കേരളത്തിലെ ജനങ്ങളെ പച്ചയ്ക്ക് പരിഹസിക്കുകയാണ്. 2012-ലെ തീയതി വെച്ച് പഴയ വാർത്തകൾ നിരത്തിയിട്ട് തൊട്ടടുത്ത പേജിൽ “ഇപ്പോൾ എല്ലാം സുരക്ഷിതമാണ്” എന്ന് എഴുതിവെക്കാൻ നാണം ഇല്ലേ നിങ്ങൾക്ക് അന്നത്തെക്കാൾ വലിയ പുണ്യാളന്മാരാണ് തങ്ങളെന്ന് വരുത്തിത്തീർക്കാൻ നോക്കുന്നവർ ചില കാര്യങ്ങൾ സൗകര്യപൂർവ്വം മറന്നുപോകുന്നു. അന്ന് ലോഡ് ഷെഡിംഗ് ഉണ്ടായിരുന്നെങ്കിൽ ഇന്ന് കെ.എസ്.ഇ.ബി എത്ര പതിനായിരം കോടി രൂപയുടെ കടത്തിലാണ്? വൈദ്യുതി ചാർജ് എത്ര തവണയാണ് നിങ്ങൾ കൂട്ടി ജനങ്ങളെ പിഴിഞ്ഞത്? സ്മാർട്ട് മീറ്ററിന്റെ പേരിൽ വീണ്ടും പാവങ്ങളെ പറ്റിക്കാൻ നോക്കുന്നവരല്ലേ ഈ ‘വെളിച്ച വിപ്ലവത്തെ’ കുറിച്ച് പറയുന്നത്? കെ.എസ്.ആർ.ടി.സി ലാഭത്തിലാണെന്ന് പരസ്യത്തിൽ അടിച്ചുവിടുമ്പോൾ, പാവം ജീവനക്കാർ ശമ്പളത്തിന് വേണ്ടി കോടതി കയറുന്നതും പെൻഷൻകാർ മരുന്നിന് കാശില്ലാതെ അലയുന്നതും ഏത് ലാഭത്തിന്റെ കണക്കിലാണ് നിങ്ങൾ ഉൾപ്പെടുത്തുന്നത്?
ഏറ്റവും വലിയ തമാശ ഈ ‘സർഗാത്മക’ പരസ്യത്തിന് ചെലവാക്കിയ കോടിക്കണക്കിന് രൂപയാണ്. കേരളത്തിലെ മിക്കവാറും എല്ലാ പത്രങ്ങളിലും രണ്ട് പേജ് നിറയെ ഈ പരസ്യം വന്നിട്ടുണ്ട്. ക്ഷേമ പെൻഷൻ മാസങ്ങളായി കുടിശ്ശികയാണ്, മാവേലി സ്റ്റോറിൽ സാധനങ്ങളില്ല, സർക്കാർ ആശുപത്രികളിൽ മരുന്നില്ല, റോഡിലെ കുഴിയടക്കാൻ പോലും പണമില്ല എന്ന് പറയുമ്പോഴാണ് മുഖ്യമന്ത്രിയുടെ മുഖം മിനുക്കാൻ വേണ്ടി ഖജനാവിലെ പണം വാരിക്കോരി എറിയുന്നത്. ഒരു രാഷ്ട്രീയ പാർട്ടിക്ക് അവരുടെ നേട്ടങ്ങൾ പറയാൻ പാർട്ടിയുടെ പണം ഉപയോഗിക്കാം, അതിൽ ആർക്കും പരാതിയുമില്ല. പക്ഷേ, ജനങ്ങളുടെ വിയർപ്പിന്റെ പണം എടുത്ത് രാഷ്ട്രീയ എതിരാളികളെ താറടിക്കാൻ സർക്കാർ വകുപ്പിനെ ദുരുപയോഗം ചെയ്യുന്നത് അഴിമതിയല്ലെങ്കിൽ പിന്നെന്താണ്? സർക്കാരുകൾക്ക് ഒരു തുടർച്ചയുണ്ട് എന്ന ജനാധിപത്യ മര്യാദ പോലും കാറ്റിൽ പറത്തിയാണ് ഈ ‘പി.ആർ’ നാടകം അരങ്ങേറുന്നത്.
ഇതൊരു പി.ആർ ഭരണമാണ്. ഗ്രൗണ്ടിൽ കാര്യങ്ങൾ ഒന്നും നടക്കുന്നില്ലെങ്കിലും പത്രങ്ങളിലും ചാനലുകളിലും ‘എല്ലാം ശരിയായി’ എന്ന് വരുത്തിത്തീർക്കാനാണ് ഇവരുടെ ശ്രമം. ദേശീയപാത വികസനം പൂർണ്ണതയിലേക്ക് എന്ന് പറയുമ്പോൾ അതിന്റെ ക്രെഡിറ്റ് മുഴുവൻ തങ്ങളുടേതാണെന്ന് വരുത്താൻ നോക്കുന്നവർ കേന്ദ്ര വിഹിതത്തെയും സ്ഥലമേറ്റെടുക്കാൻ കഷ്ടപ്പെട്ടവരെയും പടിക്കുപുറത്ത് നിർത്തുകയാണ്. കരുവന്നൂർ ബാങ്കിൽ പണം പോയ പാവങ്ങളുടെ കരച്ചിലോ, മാസപ്പടി വിവാദമോ, പിൻവാതിൽ നിയമനങ്ങളോ, എ.ഐ ക്യാമറ അഴിമതിയോ ഒന്നും ഈ രണ്ട് പേജ് പരസ്യം കൊണ്ട് മാഞ്ഞുപോകില്ല.
ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ നോക്കുന്ന പി.ആർ.ഡി വകുപ്പിനോട് ഒരു വാക്ക്, പഴയ തീയതി വച്ച് പരസ്യം അടിക്കുമ്പോൾ “അഴിമതിയിൽ മുങ്ങിയ കേരളം”, “കടക്കെണിയിലായ സംസ്ഥാനം” എന്ന ഇന്നത്തെ യാഥാർത്ഥ്യം കൂടി ഉൾപ്പെടുത്താൻ മറക്കരുത്. പിണറായി വിജയൻ എത്ര കോടി മുടക്കി പരസ്യം കൊടുത്താലും ജനങ്ങൾ അനുഭവിക്കുന്ന ദുരിതം അവർക്കറിയാം. ഖജനാവ് മുടിപ്പിക്കുന്ന ഈ പി.ആർ കളി നിർത്തിയിട്ട് വല്ല കാര്യക്ഷമമായ ഭരണവും കാഴ്ചവെക്കാൻ നോക്കുന്നതാകും ഈ നാടിന് നല്ലത്. മലയാളിക്ക് ഓർമ്മശക്തി കുറവാണെന്ന് കരുതുന്നവർക്ക് കാലം മറുപടി നൽകുക തന്നെ ചെയ്യും.
സർക്കാരിന്റെ നേട്ടങ്ങൾ പറയുന്ന പരസ്യത്തിൽ എന്തേ കരുവന്നൂർ ബാങ്കിലെ പാവപ്പെട്ടവരുടെ കണ്ണീരിനെക്കുറിച്ച് ഒന്നും പറയാത്തത്? പാർട്ടി നേതാക്കൾ കൊള്ളയടിച്ച പണം തിരിച്ചു കിട്ടാതെ മരിച്ചുപോയ പാവങ്ങളുടെ ശാപം ഈ സർക്കാരിനുണ്ട്. മാസപ്പടി വിവാദത്തിലും എ.ഐ ക്യാമറ അഴിമതിയിലും മുങ്ങിനിൽക്കുന്നവർക്ക് പഴയ പത്രക്കട്ടിംഗ് കാണിച്ച് ജനങ്ങളെ പറ്റിക്കാം എന്നത് വെറും വ്യാമോഹം മാത്രമാണ്.
പിണറായിയുടെ കള്ളത്തരം പൊള്ളിച്ചടുക്കി ജനങ്ങൾ
