പെര്‍പ്ലെക്സിറ്റി എഐ ചാറ്റ്ബോട്ട് ഇനി വാട്സാപ്പിലും. പെര്‍പ്ലെക്സിറ്റി എഐ സിഇഒ അരവിന്ദ് ശ്രീനിവാസ് ഒരു ലിങ്ക്ഡ്ഇന്‍ പോസ്റ്റിലാണ് ഇക്കാര്യം അറിയിച്ചത്. വാട്സാപ്പ് വഴി പെര്‍പ്ലെക്സിറ്റി ഉപയോഗിക്കാന്‍ ഇഷ്ടമാണോ എന്ന് അരവിന്ദ് ദിവസങ്ങള്‍ക്ക് മുമ്പ് ഉപഭോക്താക്കളോട് ചോദിച്ചിരുന്നു. ‘askplexbot’ എന്ന പേരില്‍ ടെലഗ്രാമില്‍ നേരത്തെ തന്നെ പെര്‍പ്ലെക്സിറ്റി ചാറ്റ്ബോട്ട് ലഭ്യമാണ്. പെര്‍പ്ലെക്സിറ്റിക്ക് മുമ്പ് ഓപ്പണ്‍ എഐയുടെ ചാറ്റ് ജിപിടിയും മെറ്റ എഐയും വാട്സാപ്പില്‍ ലഭ്യമാണ്.
ജനപ്രിയമായ മെസേജിങ് ആപ്ലിക്കേഷനാണ് വാട്സാപ്പ്. ചാറ്റിനിടയില്‍ വിവരങ്ങള്‍ തിരയാനും മറ്റുമായി വാട്സാപ്പിന് പുറത്ത് പോവാതെ തന്നെ ഈ ചാറ്റ് ബോട്ടുകള്‍ വഴി വിവരങ്ങള്‍ അന്വേഷിച്ചറിയാന്‍ സാധിക്കും. വാട്സാപ്പിലെ പെര്‍പ്ലെക്സിറ്റി ചാറ്റ്ബോട്ട് ഉപയോഗിക്കാന്‍ പ്രത്യേകം അക്കൗണ്ടോ ലോഗിനോ വേണ്ടതില്ല. ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാനും, വിവരങ്ങള്‍ തിരയാനും, ഉള്ളടക്കങ്ങളുടെ സംഗ്രഹം തയ്യാറാക്കാനും, ചിത്രങ്ങള്‍ നിര്‍മിക്കാനും പെര്‍പ്ലെക്സിറ്റി ചാറ്റ്ബോട്ട് ഉപയോഗിക്കാം.
പെര്‍പ്ലെക്സിറ്റി എഐ വാട്സാപ്പില്‍ ഉപയോഗിക്കുന്നതിന് ആദ്യം +1(833)4363285 എന്ന നമ്പര്‍ ഫോണില്‍ സേവ് ചെയ്യുക. ഇതിന് ശേഷം വാട്സാപ്പിന്റെ സ്മാര്‍ട്ഫോണ്‍, പിസി, മാക്ക്, വാട്സാപ്പ് വെബ് വേര്‍ഷനുകളില്‍ ചാറ്റ്ബോട്ട് ഉപയോഗിക്കാനാവും. വാട്സാപ്പിലെ പെര്‍പ്ലെക്സിറ്റിയില്‍ വോയ്സ് മോഡ്, മീമുകള്‍, വീഡിയോകള്‍, ഫാക്ട് ചെക്ക്, അസിസ്റ്റന്റ് സൗകര്യങ്ങള്‍ ലഭ്യമാകുമെന്നും അരവിന്ദ് ശ്രീനിവാസ് സ്ഥിരീകരിച്ചിട്ടുണ്ട്.