ലൈംഗിക പീഡനക്കേസിൽ ഒളിവിൽ കഴിയുന്ന രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എയുടെ ഫ്ലാറ്റിലെ പരിശോധന അന്വേഷണ സംഘം പൂർത്തിയാക്കി മടങ്ങി. ഫ്ലാറ്റിൽ നിന്ന് നിർണ്ണായക വിവരങ്ങൾ ശേഖരിച്ച സംഘം, തിങ്കളാഴ്ച വീണ്ടും സ്ഥലത്തെത്തി കെയർടേക്കറിൽ നിന്ന് കൂടുതൽ വിവരങ്ങൾ തേടും.
രാഹുൽ മാങ്കൂട്ടത്തിൽ അവസാനമായി ഫ്ലാറ്റിൽ എത്തിയതുൾപ്പെടെയുള്ള ദൃശ്യങ്ങൾ അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. ഇതിനിടെ, രാഹുലിൻ്റെ പേഴ്സണൽ സ്റ്റാഫ് അംഗമായ ഫസലിനെ ഇന്ന് ചോദ്യം ചെയ്യുകയും ചെയ്തു. ഇദ്ദേഹത്തിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലും പോലീസ് തുടർ പരിശോധനകൾ നടത്തും.
എന്നാൽ, പരിശോധനയിൽ രാഹുലിൻ്റെ ഫോണുകൾ കണ്ടെത്താൻ അന്വേഷണ സംഘത്തിന് സാധിച്ചിട്ടില്ല. എം.എൽ.എയെ കണ്ടെത്താനായി പാലക്കാട് പോലീസ് നഗരത്തിൽ പരിശോധന കർശനമാക്കിയിട്ടുണ്ട്. വ്യാഴാഴ്ച വൈകീട്ട് കണ്ണാടിയിൽ നിന്ന് രാഹുൽ ഒളിവിൽ പോയതു മുതലുള്ള ദൃശ്യങ്ങൾക്കായി നഗരത്തിലെ ഒൻപത് സ്ഥലങ്ങളിലെ സി.സി.ടി.വി. ക്യാമറകൾ പോലീസ് പരിശോധിക്കുന്നുണ്ട്. പ്രത്യേക അന്വേഷണ സംഘത്തിൻ്റെ (എസ്.ഐ.ടി.) ആവശ്യപ്രകാരം സ്പെഷൽ ബ്രാഞ്ച് ആണ് നിലവിൽ ഈ സി.സി.ടി.വി. പരിശോധനകൾ നടത്തുന്നത്.
