സംസ്ഥാന സര്‍ക്കാരിന്റെ സ്വപ്നപദ്ധതിയായ സില്‍വര്‍ലൈന്‍ നടപ്പാകില്ലെന്ന് സൂചന നൽകി മുഖ്യമന്ത്രി. കെ-റെയില്‍ പദ്ധതിയില്‍ ഇനി പ്രതീക്ഷവെച്ചിട്ട് കാര്യമില്ലെന്നാണ് തോന്നുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. അതിനര്‍ഥം പദ്ധതി ആകെ ഉപേക്ഷിക്കുന്നു എന്നല്ല, വേറെ വഴിനോക്കേണ്ടിവരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കണ്ണൂര്‍ പ്രസ് ക്ലബ് സംഘടിപ്പിച്ച ‘മീറ്റ് ദി ലീഡര്‍’ പരിപാടിയില്‍ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം സൂചിപ്പിച്ചത്.
കേന്ദ്രം അനുമതി നൽകുന്നില്ല എന്നാണ് ഇതിനു കാരണമായി പിണറായി പറഞ്ഞത്. 2020 ഏപ്രിൽ 15-നാണ് 63,941 കോടി പദ്ധതിച്ചെലവ് കണക്കാക്കിയുള്ള സിൽവർലൈൻ പാതയുടെ ഡിപിആർ കെ-റെയിൽ ബോർഡ് അംഗീകരിച്ചത്. ജൂണിൽ കേന്ദ്രസർക്കാരിനു സമർപ്പിച്ചത്. പ്രതീക്ഷയില്ലെന്ന് മുഖ്യമന്ത്രിതന്നെ പറയുന്നതോടെ സംസ്ഥാന സര്‍ക്കാരിന്റെ സ്വപ്നപദ്ധതിയായ അര്‍ധ അതിവേഗ റെയില്‍വേ (സില്‍വര്‍ലൈന്‍) നടപ്പാകില്ലെന്നാണ് സൂചന.
കെ-റെയില്‍ പദ്ധതിയില്‍ ഇനി പ്രതീക്ഷവെച്ചിട്ട് കാര്യമില്ലെന്ന് പിണറായി: ഏറെ കൊട്ടിഘോഷിച്ച പദ്ധതി നടക്കില്ലെന്ന് ഒടുവിൽ കുറ്റസമ്മതം.
