നിങ്ങൾ ഓരു കാര്യം അറിഞ്ഞോ? നമ്മുടെ തിരുവിതാംകൂർ ദേവസ്വം ബോർഡിന് പെട്ടെന്നൊരു ‘ദിവ്യജ്ഞാനം’ ലഭിച്ചിരിക്കുകയാണ്. ശബരിമലയിൽ നടന്ന സ്വർണ്ണക്കൊള്ളയും, കാണിക്ക വെട്ടിപ്പും, സ്പോൺസർഷിപ്പ് അഴിമതിയും ഒക്കെ കാരണം ബോർഡിന് ഉണ്ടായ ആ ഒരു വലിയ ‘നാണക്കേട്’ ഉണ്ടല്ലോ, അതങ്ങോട്ട് കഴുകി വെളുപ്പിക്കാൻ പോവുകയാണ്. ഇതിനായി അവർ പുതിയൊരു ‘മാസ്റ്റർ പ്ലാൻ’ ഇറക്കിയിട്ടുണ്ട്.
ലളിതമായി പറഞ്ഞാൽ ഇതാണ് സംഭവം: മുൻ പ്രസിഡന്റുമാർ വരെ പ്രതിപ്പട്ടികയിൽ കേറി നിരങ്ങി നിൽക്കുന്ന സാഹചര്യത്തിൽ, ജനങ്ങൾ ഇതൊക്കെ മറക്കാൻ പുതിയ എന്തെങ്കിലും സംഭവം ഇറക്കണ്ടേ? അതിനാണ് ഈ പുതിയ ‘സുതാര്യത’ നാടകം! ശബരിമലയിലെ സ്പോൺസർഷിപ്പുകളിൽ ഇനി മുതൽ സുതാര്യത ഉറപ്പാക്കുമത്രേ, കൂടെ തീർത്ഥാടനത്തിന് മാത്രമായി ഒരു പ്രത്യേക ബജറ്റും. കേൾക്കുമ്പോൾ ഭയങ്കര പ്രൊഫഷണൽ ആണെന്ന് തോന്നും, പക്ഷേ ഇതിന്റെ ഉള്ളുകളി ഭക്തർക്ക് കൃത്യമായി മനസ്സിലാകുന്നുണ്ട്.ഇതിനെ നമുക്ക് “ഓപ്പറേഷൻ വൈറ്റ്‌വാഷ്” എന്ന് വിളിക്കാം.
!ആദ്യം തന്നെ ഈ ‘സ്പോൺസർഷിപ്പ് സുതാര്യതയെ’ കുറിച്ച് പറയാം.
ഇത്രയും കാലം അവിടെ നടന്നത് എന്തായിരുന്നു എന്ന് നമുക്കറിയാം. ഉണ്ണികൃഷ്ണൻ പോറ്റിയുടെയും മറ്റും കാലത്ത് സ്പോൺസർഷിപ്പ് എന്ന് പറഞ്ഞു വന്നതൊക്കെ എങ്ങോട്ടാണ് പോയതെന്ന് ആർക്കും അറിയില്ല. ഇപ്പോൾ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ സാർ പറയുന്നു, “ഇനി ഇടനിലക്കാർ ഉണ്ടാവില്ല, ഞങ്ങൾ ലിസ്റ്റ് ഇടും, നിങ്ങൾ കാശ് തന്നാൽ മതി” എന്ന്. അതായത്, അഴിമതി ഇനി ഡിജിറ്റലായും ഒഫീഷ്യലായും നടത്താം എന്നാണോ ഇതിന്റെ അർത്ഥം? ഇത്രയും കാലം അൺ-പ്രൊഫഷണലായി ചെയ്തത് കൊണ്ടാണല്ലോ എല്ലാവരും അകത്തായത്, ഇനി മുതൽ അത് സിസ്റ്റമാറ്റിക്കായി ചെയ്യും എന്ന് ചുരുക്കം. ഭക്തർക്ക് ഇതിലൊക്കെ വലിയ വിശ്വാസമാണല്ലോ! ശബരിമലയിലെ സ്വർണ്ണം കാണാതായപ്പോൾ “അത് ഉരുകിപ്പോയി” എന്ന് ശാസ്ത്രീയമായി വിശദീകരിച്ചവരാണ് ഇപ്പോൾ സുതാര്യതയെക്കുറിച്ച് ക്ലാസ് എടുക്കുന്നത്. ഇതിലും വലിയ തമാശ വേറെ എവിടെ കിട്ടും?
അടുത്ത ഐറ്റം ‘പ്രത്യേക ബജറ്റ്’ ആണ്. ശബരിമലയ്ക്ക് മാത്രമായി ഒരു ബജറ്റ്! കേൾക്കുമ്പോൾ എന്തോ വലിയ വികസനം വരാൻ പോകുന്നു എന്ന് തോന്നും. പക്ഷേ സത്യം എന്താണ്? കേരളത്തിന്റെ ഖജനാവ് കാലിയായിരിക്കുമ്പോൾ, അയ്യപ്പന്റെ കാണിക്കപ്പണം എങ്ങനെയൊക്കെ വകമാറ്റാം എന്ന് പ്ലാൻ ചെയ്യാൻ ഒരു ബജറ്റ് ഉണ്ടെങ്കിൽ എളുപ്പമായിരിക്കുമല്ലോ.
വരുമാനത്തിലെ ചോർച്ച തടയാനാണത്രേ ഈ ബജറ്റ്. പണ്ട് കാണിക്ക എണ്ണുമ്പോൾ സിസിടിവി ഓഫ് ആയതും, സ്വർണ്ണത്തിൽ ചെമ്പ് കലർന്നതും ഒക്കെ ഈ ബജറ്റിൽ ഉൾപ്പെടുത്തുമോ ആവോ? പിണറായി സർക്കാരിന്റെ ‘നവോത്ഥാന’ പരീക്ഷണങ്ങൾ ശബരിമലയിൽ പാളിപ്പോയതാണ്, അതുകൊണ്ട് ഇപ്പോൾ സാമ്പത്തികമായി എങ്ങനെയൊക്കെ ശബരിമലയെ പിഴിയാം എന്നതിലാണ് ഗവേഷണം.
ഇനി ടെണ്ടർ നടപടികളിലെ ആ ‘വിപ്ലവം’ ഒന്ന് നോക്കാം. ലേലത്തിൽ പഴയ കുത്തകക്കാരെ മാറ്റി പുതിയ സിസ്റ്റം കൊണ്ടുവരുമത്രേ. സുതാര്യത ഉറപ്പാക്കാനാണെന്ന് പുറമെ പറയുമ്പോഴും, ഉള്ളിലിരുപ്പ് വേറെയാണ്. പഴയ ആൾക്കാരെ മാറ്റി സർക്കാരിനും ബോർഡിനും വേണ്ടപ്പെട്ട പുതിയ ആൾക്കാർക്ക് വഴി തുറന്നു കൊടുക്കാനുള്ള തന്ത്രപരമായ നീക്കമാണിത്. ലേല തുക കൂട്ടിയാൽ അതിന്റെ ഭാരം മൊത്തം ചുമക്കേണ്ടി വരുന്നത് പാവം അയ്യപ്പഭക്തന്മാരാണ്. ഒരു ചായയ്ക്കും മറ്റും പൊള്ളുന്ന വില വാങ്ങുന്ന കടക്കാരെ നിയന്ത്രിക്കാനല്ല ഈ മാറ്റം, മറിച്ച് ബോർഡിന് കിട്ടുന്ന വിഹിതം എങ്ങനെ കൂട്ടാം എന്ന് മാത്രമാണ് ഇവരുടെ ചിന്ത.
മറ്റൊരു വലിയ തമാശ ശുചിത്വമാണ്. തൂത്തുവാരലിന് അപ്പുറം ശുചിത്വം വേണമെന്നാണ് ജയകുമാർ സാർ പറയുന്നത്.
അയ്യപ്പന്റെ കാശ് തൂത്തുവാരി കൊണ്ടുപോകുന്ന കാര്യത്തിൽ കാണിക്കുന്ന ആവേശം വൃത്തിയാക്കുന്ന കാര്യത്തിൽ ഇവർ കാണിക്കുമോ? പമ്പയിലെ അഴുക്കും സന്നിധാനത്തെ അസൗകര്യങ്ങളും മാറ്റാൻ ഇതുവരെ സാധിക്കാത്തവർ ഇപ്പോൾ ശുചിത്വത്തെക്കുറിച്ച് സംസാരിക്കുന്നത് കേൾക്കുമ്പോൾ പണ്ട് ശബരിമലയിൽ ‘അശുദ്ധി’ ഉണ്ടാക്കാൻ നടന്നവരെ കൂടി ഒന്ന് ഓർത്തുപോകുകയാണ്.
ഒരു കാര്യം കൂടെ, അഡ്വാൻസ് കൊടുക്കുന്നത് നിർത്താൻ പോവുകയാണത്രേ! പണ്ട് ഓരോ കാര്യത്തിനും വാരിക്കോരി അഡ്വാൻസ് കൊടുത്തു ശീലിച്ചവർക്ക് ഇത് കേൾക്കുമ്പോൾ നെഞ്ചുവേദന എടുക്കുന്നുണ്ടാകും.
പ്രൊഫഷണൽ ആകാൻ പോവുകയാണത്രേ! ഈ പ്രൊഫഷണലിസം ഭക്തർക്ക് നൽകുന്ന സൗകര്യങ്ങളിൽ കൂടി കാണിക്കണം. വെറും ബജറ്റ് പ്രസംഗം കൊണ്ട് സ്വർണ്ണക്കവർച്ചയുടെ കറ മായുകയില്ല. എത്ര തന്നെ പുതിയ നാടകങ്ങൾ ഇറക്കിയാലും ആളുകൾക്ക് എല്ലാം മനസ്സിലാകുന്നുണ്ട്. അയ്യപ്പൻ എല്ലാം കാണുന്നുണ്ടെന്ന് പറയുന്നത് വെറുതെയല്ല. സർക്കാരും ബോർഡും ചേർന്ന് നടത്തുന്ന ഈ ‘കോർപ്പറേറ്റ് കളി’ ശബരിമലയുടെ പവിത്രത തകർക്കാനേ ഉപകരിക്കൂ.
നാടകം തുടരട്ടെ, പക്ഷേ കാണികൾ എല്ലാം കാണുന്നുണ്ടെന്നും, സമയം വരുമ്പോൾ അയ്യപ്പൻ തന്നെ ഇതിനെല്ലാം മറുപടി നൽകുമെന്നും ഓർക്കുന്നത് നന്ന്!
ശബരിമലയിൽ നടന്ന സ്വർണ്ണക്കൊള്ളയും വെട്ടിപ്പും ഒക്കെ നാണക്കേടായപ്പോൾ, അത് മായ്ച്ചു കളയാൻ ദേവസ്വം ബോർഡ് ഇറക്കിയ പുതിയ നാടകത്തെക്കുറിച്ച് നമ്മൾ പറഞ്ഞു. പക്ഷേ, ഇതിന്റെയൊക്കെ പിന്നിൽ പ്രവർത്തിക്കുന്ന യഥാർത്ഥ ‘ബുദ്ധി കേന്ദ്രം’ നമ്മുടെ മുഖ്യമന്ത്രി പിണറായി വിജയനും അദ്ദേഹത്തിന്റെ അണികളുമാണെന്ന് പറയാതെ വയ്യ. സത്യത്തിൽ, ഭക്തരുടെ കണ്ണിൽ പൊടിയിടാൻ ഇങ്ങനെയൊരു നാടകം കളിക്കാൻ നിങ്ങൾക്ക് എങ്ങനെ സാധിക്കുന്നു.പണ്ട് ശബരിമലയിൽ ‘നവോത്ഥാനം’ കൊണ്ടുവരാൻ പോലീസിനെ ഉപയോഗിച്ച് ഭക്തരെ തല്ലിച്ചതച്ച പിണറായി സർക്കാരിന്റെ മുഖം ആരും മറന്നിട്ടില്ല. ആ പരീക്ഷണങ്ങൾ അമ്പേ പാളിപ്പോയപ്പോൾ, ഇപ്പോൾ ശബരിമലയെ ഒരു ‘ലാഭകരമായ ബിസിനസ്’ ആയി കാണാനാണ് സർക്കാർ ശ്രമിക്കുന്നത്.
ഖജനാവ് കാലിയായപ്പോൾ അയ്യപ്പന്റെ കാണിക്കപ്പണത്തിൽ കണ്ണുവെച്ച് നടത്തുന്ന ഈ ‘ബജറ്റ്’ നാടകം ആരെ പറ്റിക്കാനാണ്?
കുത്തക ഒഴിവാക്കുമെന്ന പേരിൽ കൊണ്ടുവരുന്ന പുതിയ ടെണ്ടർ രീതികൾ സത്യത്തിൽ ആർക്കുവേണ്ടിയാണ്? പഴയ കരാറുകാരെ മാറ്റി സ്വന്തം പാർട്ടിക്കാരെയും വേണ്ടപ്പെട്ടവരെയും ശബരിമലയിലെ കച്ചവടങ്ങൾ ഏൽപ്പിക്കാനുള്ള ഒരു ‘സ്ലോട്ട്’ ഉണ്ടാക്കുകയല്ലേ നിങ്ങൾ ചെയ്യുന്നത്? സുതാര്യത എന്ന് പറയുന്നത് വെറും പുറംമോടി മാത്രമാണ്.
മുൻ ദേവസ്വം ബോർഡ് പ്രസിഡന്റുമാർ സ്വർണ്ണക്കൊള്ളയിൽ പ്രതികളായിട്ടും അവർക്കെതിരെ ശക്തമായ നടപടിയെടുക്കാൻ പിണറായി സർക്കാർ മടിക്കുന്നത് എന്തുകൊണ്ടാണ്? സ്വന്തം പാർട്ടിക്കാരെയും ഇടത് സഹയാത്രികരെയും സംരക്ഷിക്കാൻ വേണ്ടി ഇപ്പോൾ ബോർഡിനെക്കൊണ്ട് ഇങ്ങനെയൊരു ‘വെളുപ്പിക്കൽ’ പ്രഖ്യാപനം നടത്തിക്കുകയാണ് പിണറായി സർക്കാർ.ഇത് ആർക്കാണ് മനസ്സിൽ ആവാത്തത്.
ശബരിമലയെ ഒരു വിനോദസഞ്ചാര കേന്ദ്രമായി മാത്രം കാണുന്ന ഈ സർക്കാർ, അവിടുത്തെ ആചാരങ്ങളെയും വിശ്വാസങ്ങളെയും എന്നും പുച്ഛത്തോടെയാണ് കണ്ടിട്ടുള്ളത്. ഇപ്പോൾ ‘പ്രൊഫഷണലിസം’ എന്ന് പറയുന്ന ഈ മാറ്റങ്ങൾ ഭക്തർക്ക് വേണ്ടിയല്ല, മറിച്ച് ശബരിമലയിലെ പണം എങ്ങനെ വകമാറ്റാം എന്നതിന് നിയമപരമായ വഴി കണ്ടെത്താനാണ്.
മുഖ്യമന്ത്രീ, ഭക്തരുടെ പ്രതിഷേധം ആഞ്ഞടിച്ചപ്പോൾ നിങ്ങൾ പുറകോട്ട് പോയ ചരിത്രം മറക്കരുത്. സ്പോൺസർഷിപ്പിന്റെ പേരിൽ ലിസ്റ്റ് ഇട്ടാലും ബജറ്റ് അവതരിപ്പിച്ചാലും അയ്യപ്പന്റെ പണം കവരുന്നവരോട് ഭക്തർ ഒരിക്കലും ക്ഷമിക്കില്ല. നിങ്ങൾക്ക് നാണമുണ്ടോ അധികാരത്തിലിരുന്ന് ഒരു പുണ്യസങ്കേതത്തെ ഇങ്ങനെ കച്ചവടച്ചരക്കാക്കാൻ?ദേവസ്വം ബോർഡിന്റെ പുതിയ പരിഷ്കാരങ്ങൾ കേട്ടാൽ തോന്നും ഇവർ നാളെ മുതൽ ശബരിമലയെ ഒരു മൾട്ടി നാഷണൽ കമ്പനി ആക്കി മാറ്റുമെന്ന്! സത്യത്തിൽ, ഇത്രയും കാലം അവിടെ നടന്ന ‘അൺ-പ്രൊഫഷണൽ’ കള്ളത്തരങ്ങൾ ഇനി മുതൽ നല്ല ‘സിസ്റ്റമാറ്റിക്’ ആയി ചെയ്യാനുള്ള ഒരു ട്രെയിനിങ് പ്രോഗ്രാം അല്ലേ ഈ പുതിയ ബജറ്റും സ്പോൺസർഷിപ്പും?ബോർഡ് പറയുന്നു ഇനി മുതൽ അഡ്വാൻസ് കൊടുക്കില്ലെന്ന്.
പണ്ട് വാരിക്കോരി അഡ്വാൻസ് വാങ്ങി മുങ്ങിയവർ ഇപ്പോൾ എവിടെയാണെന്ന് ബോർഡിന് വല്ല നിശ്ചയവുമുണ്ടോ? അഴിമതി ഇത്രയും കാലം ‘ലോക്കൽ’ ആയി ചെയ്തത് കൊണ്ടാണ് പിടിക്കപ്പെട്ടത്, ഇനി അത് ‘ഗ്ലോബൽ’ നിലവാരത്തിൽ ചെയ്യാൻ ഒരുങ്ങുകയാണോ ഈ പ്രൊഫഷണലിസം കൊണ്ട് ഉദ്ദേശിക്കുന്നത്?
സ്വർണ്ണക്കവർച്ചയിൽ മുൻ പ്രസിഡന്റുമാർ വരെ പ്രതികളായി നിൽക്കുമ്പോൾ, ആ നാണക്കേട് മാറ്റാൻ സ്പോൺസർഷിപ്പ് ലിസ്റ്റ് ഇടുന്നത് എന്തിനാണ്? ഭക്തർ തരുന്ന സ്വർണ്ണം ‘ഉരുകിപ്പോയി’ എന്ന് പറയുന്ന ഇവർ, ഇനി സ്പോൺസർമാർ തരുന്ന സാധനങ്ങൾ ‘ആവിയായിപ്പോയി’ എന്ന് പറയില്ലെന്ന് എന്താണ് ഉറപ്പ്?
