പിഎംശ്രീ ധാരണാപത്രം റദ്ദാക്കുക എന്ന സിപിഐയുടെ ആവശ്യത്തിന് മുന്നില്‍ കീഴടങ്ങാന്‍ സിപിഎമ്മും സര്‍ക്കാരും. കരാര്‍ തത്കാലത്തേക്ക് മരവിപ്പിക്കാന്‍ നീക്കംതുടങ്ങി. സിപിഐയെ അനുയയിപ്പിക്കാനുള്ള അവസാനഘട്ട പരിശ്രമത്തിന്റെ ഭാഗമാണ് ഈ തീരുമാനം. പദ്ധതിയില്‍ ഇളവ് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തിന് കത്തയക്കും. കേന്ദ്രത്തില്‍നിന്ന് തീരുമാനം വരുന്നത് വരെ പദ്ധതി മരവിപ്പിച്ചേക്കും.മുഖ്യമന്ത്രി സിപിഐ നേതാക്കളെ വിളിച്ച് ഇത് സംബന്ധിച്ച് വിശദീകരിക്കും. ഇതോടെ ഇന്ന് ചേരുന്ന മന്ത്രിസഭാ യോഗത്തില്‍ സിപിഐ മന്ത്രിമാര്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
സിപിഎം ജനറല്‍ സെക്രട്ടറി എംഎ ബേബി ഇതിനോടകം സിപിഐ ജനറല്‍ സെക്രട്ടറി ഡി.രാജയെ വിളിച്ച് കാര്യങ്ങള്‍ ധരിപ്പിച്ചിട്ടുണ്ടെന്നാണ് വിവരം. തത്കാലം പദ്ധതി നടപ്പാക്കാതെ മരവിപ്പിക്കാമെന്ന നിര്‍ദേശമാണ് ബേബിയും മുന്നോട്ടുവെച്ചത്. ഇരുപാര്‍ട്ടികളുടെയും നേതൃതല യോഗങ്ങള്‍ തിരുവനന്തപുരത്ത് നടന്ന് വരികയാണ്.സാധാരണ രാവിലെ 10-ന് ചേരുന്ന മന്ത്രിസഭാ യോഗം ബുധനാഴ്ച മൂന്നരയിലേക്കു മാറ്റിയിരുന്നു. സമവായ നീക്കങ്ങളുടെ ഭാഗമായിട്ടാണ് ഈ മാറ്റമെന്നാണ് സൂചന.
