ശരീരഭാരവും കുറക്കാൻ നിരവധി മാർഗങ്ങൾ തേടുന്നവരാണ് ഭൂരിഭാഗം ആളുകളും. സാമൂഹികമാധ്യമങ്ങളിൽ ഇതിനായി നിരവധി ഡയറ്റുകളും വർക്ഔട്ടുകളും പലരും പരിചയപ്പെടുത്താറുണ്ട്. ആരോഗ്യകരമായ ഭക്ഷണശീലവും കൃത്യമായി വ്യായാമം ചെയ്യുന്നതും ശരീരഭാരം കുറയ്ക്കുന്നതിനുള്ള സുപരിചിത മാർഗങ്ങളാണ്. അതേസമയം, അത്താഴത്തിന് ശേഷമുള്ള ഈ മൂന്ന് ശീലങ്ങൾ നിങ്ങളുടെ ശരീരഭാരം കുറയ്ക്കാൻ സഹായിക്കുമെന്നാണ് വിദഗ്ധരുടെ അഭിപ്രായപ്പെടുന്നു.
അത്താഴത്തിന് ശേഷം നടക്കുക
അത്താഴത്തിന് ശേഷം കുറച്ചുനേരം നടക്കുന്നത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു. ഇത് കൂടുതൽ കലോറി ചെലവഴിക്കാനും മെറ്റബോളിക് പ്രവർത്തനങ്ങൾ കൂട്ടാനും സാധ്യതയുണ്ട്. ഭക്ഷണത്തിന് ശേഷം നടക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയരുന്നത് തടയുമെന്ന് നേരത്തെ ഇന്റർനാഷണൽ ജേണൽ ഓഫ് ജനറൽ മെഡിസിനിൽ പ്രസിദ്ധീകരിച്ച ഒരു പഠനത്തിലും പറഞ്ഞിരുന്നു. ഭക്ഷണത്തിന് ശേഷം 30 മുതൽ 60 മിനിറ്റിനുള്ളിൽ ഗ്ലൂക്കോസ് അതിന്റെ ഏറ്റവും കൂടിയ നിലയിലെത്തും. അതിനാൽ, അതിനുമുമ്പ് തന്നെ നടത്തം തുടങ്ങേണ്ടത് അനിവാര്യമാണ്.
ഹെർബൽ ടീ
അത്താഴത്തിന് ശേഷം ഹെർബൽ ടീയോ ഗ്രീൻ ടീയോ കുടിക്കുന്നത് ആരോഗ്യത്തിന് നല്ലതാണ്. ഇത്തരം പാനീയങ്ങൾ മെറ്റബോളിക് പ്രവർത്തനങ്ങൾ കൂട്ടുകയും ദഹനം മെച്ചപ്പെടുത്തുകയും ചെയ്യുന്നു. കൂടാതെ അത്താഴത്തിന് ശേഷം ഗ്രീൻ ടീ കുടിക്കുന്നത് നമ്മൾ ഉറങ്ങുമ്പോൾ കലോറി ചെലവഴിക്കാൻ ശരീരത്തെ സഹായിക്കുന്നു. ഇവയ്ക്ക് പുറമെ, കലോറി കുറഞ്ഞ നാരങ്ങ ചേർത്ത ചെറുചൂടുവെള്ളം, സ്മൂത്തി എന്നിവയും പരിഗണിക്കാവുന്നതാണ്.
എട്ട് മണിക്കൂർ ഉറക്കം
ഉറക്കവും ശരീരഭാരത്തിന്റെ കാര്യത്തിൽ സ്വാധീനം ചെലുത്തുന്നുവെന്നാണ് വിദഗ്ധർ വ്യക്തമാക്കുന്നത്. നമ്മുടെ ആരോഗ്യം നിലനിർത്തുന്നതിലും ശരീരഭാരം കുറയ്ക്കുന്നതിലും ഉറക്കം നിർണായക പങ്കുവഹിക്കുന്നു. ഉറക്കക്കുറവ് തുടരുന്നതോടെ ആളുകൾ അമിതമായി ഭക്ഷണം കഴിക്കാനുള്ള പ്രവണത കാണിക്കുന്നു. ആവശ്യത്തിന് ഉറക്കമില്ലാതെ വരുന്നതോടെ ഹോർമോണുകളും ശരീരഭാരം കുറയ്ക്കാനുള്ള നമ്മുടെ ശ്രമങ്ങളെ പ്രതിരോധിക്കുന്നു.കൂടാതെ, ഉറങ്ങേണ്ട സമയം കഴിഞ്ഞും ഉണർന്നിരിക്കുന്നത് രാത്രി വൈകി ലഘുഭക്ഷണം കഴിക്കാൻ പ്രേരിപ്പിക്കുന്ന ശീലമാണ്. ഇത് ആത്യന്തികമായി ശരീരഭാരം കൂട്ടുകയും ചെയ്യുന്നു. സ്ഥിരമായി അഞ്ച് മണിക്കൂറിൽ താഴെ മാത്രം ഉറങ്ങുന്ന സ്ത്രീകളിൽ ഏഴോ അതിൽ അധികമോ ഉറങ്ങുന്നവരേക്കാൾ അമിതഭാരമുണ്ടാകുമെന്നാണ് വിദഗ്ധർ പറയുന്നത്. അതായത്, ദീർഘനാൾ നീണ്ടുനിൽക്കുന്ന ഫലത്തിനായി ആരോഗ്യകരമായ ശീലങ്ങൾ വളർത്തിയെടുക്കേണ്ടത് വളരെ അനിവാര്യമാണ്.