ദില്ലി ചെങ്കോട്ടയ്ക്കു സമീപം നടന്ന കാർ സ്ഫോടനം ഭീകരവാദികളുടെ ആക്രമണംതന്നെയെന്നു പ്രഖ്യാപിച്ച് കേന്ദ്രസർക്കാർ.സ്ഫോടനമുണ്ടായി രണ്ടുദിവസമായിട്ടും സ്ഫോടനത്തെ ആക്രമണമെന്നോ ഭീകരാക്രമണമെന്നോ വിശേഷിപ്പിക്കാത്ത കേന്ദ്രസർക്കാർ ആദ്യമായാണ് ഐ20 കാർ പൊട്ടിത്തെറിച്ചുണ്ടായ സംഭവം ഭീകരാക്രമണംതന്നെയാണെന്നു സ്ഥിരീകരിക്കുന്നത്.പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ വസതിയിൽ വിളിച്ചുചേർത്ത സുരക്ഷാ കാര്യങ്ങൾക്കായുള്ള മന്ത്രിസഭാസമിതിയുടെ (സിസിഎസ്) അടിയന്തര യോഗത്തിൽ പാസാക്കിയ പ്രമേയത്തിലാണ് സ്ഫോടനം രാജ്യവിരുദ്ധ ശക്തികൾ നടത്തിയ ആക്രമണമാണെന്നതിൽ വ്യക്തത വരുത്തിയത്.സ്ഫോടനത്തെത്തുടർന്നുള്ള സുരക്ഷാ സ്ഥിതിഗതികൾ അവലോകനം ചെയ്യുന്നതിനായി ചേർന്ന യോഗത്തിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ, റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്, മറ്റ് ഉന്നത ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.മന്ത്രിസഭായോഗം ചേർന്നതിനുശേഷം കേന്ദ്ര പ്രസ് ഇൻഫർമേഷൻ ബ്യൂറോയിലൂടെ പുറത്തുവിട്ട പ്രസ്താവനയിൽ സുരക്ഷാ കാര്യങ്ങൾക്കായുള്ള മന്ത്രിസഭാ സമിതി യോഗത്തിൽ പാസാക്കിയ പ്രമേയങ്ങളെക്കുറിച്ചു വ്യക്തമാക്കിയിട്ടുണ്ട്.
ഡൽഹിയിലേത് ഭീകരാക്രമണം; പ്രമേയം പാസാക്കി കേന്ദ്ര മന്ത്രിസഭാ സമിതി
