ഇന്ത്യൻ കോർപറേറ്റ് ലോകത്തെ 100 വലിയ അൺലിസ്റ്റഡ് കമ്പനികളുടെ ഏറ്റവും പുതിയ റാങ്കിംഗ് പുറത്തുവന്നു. 2025-ലെ വാർഷിക വരുമാന കണക്കുകൾ അടിസ്ഥാനമാക്കിയാണ് 100 അൺലിസ്റ്റഡ് കമ്പനികളുടെ പട്ടിക തയ്യാറാക്കിയത്. ഇതിൽ മൂന്നാം സ്ഥാനത്ത് ഒരു മലയാളി കമ്പനിയും സ്ഥാനംപിടിച്ചിട്ടുണ്ടെന്നതും ശ്രദ്ധേയം.ശതകോടീശ്വര വ്യവസായി മുകേഷ് അംബാനിയുടെ നേതൃത്വത്തിലുള്ള റിലയൻസ് ഇൻഡസ്ട്രീസിന്റെ റീട്ടെയിൽ സെക്ടറിലെ ഉപകമ്പനിയായ റിലയൻസ് റീട്ടെയിൽ ആണ് വരുമാനത്തിന്റെ കണക്കിൽ ഇന്ത്യയിലുള്ള ഏറ്റവും വലിയ അൺലിസ്റ്റഡ് കമ്പനി. പ്രമുഖ ഓൺലൈൻ ഷോപ്പിങ് പ്ലാറ്റ്ഫോമായ ഫ്ലിപ്കാർട്ട് ആണ് രണ്ടാം സ്ഥാനത്ത്. മലയാളിയായ എം.പി അഹമ്മദ് നേതൃത്വം നൽകുന്ന മലബാർ ഗോൾഡ് ആണ് മൂന്നാമത്തെ വലിയ ഇന്ത്യൻ അൺലിസ്റ്റഡ് കമ്പനി.
