പഹല്‍ഗാം ഭീകരാക്രമണത്തെക്കുറിച്ച് പ്രതികരിച്ച് ആർ എസ് എസ് മേധാവി മോഹൻ ഭാഗവത്

ന്യൂഡൽഹി: 26- പേരുടെ ജീവനെടുത്ത ജമ്മു കശ്മീരിലെ പഹല്‍ഗാം ഭീകരാക്രമണത്തില്‍ പ്രതികരണവുമായി ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്. ഇന്ത്യയുടെ മതവും അതിന്റെ മൂല്യങ്ങളുടെ പ്രധാന ഭാഗവുമാണ് അഹിംസ, എന്നാല്‍ അതുപോലെ തന്നെ അടിച്ചമര്‍ത്തുന്നവരേയും ഗുണ്ടകളേയും ഒരു പാഠം പഠിപ്പിക്കലും അതിന്റെ ഭാഗമാണെന്ന് ഓര്‍ക്കണമെന്നും മോഹന്‍ ഭാഗവത് പറഞ്ഞു.

‘ഹിന്ദു മാനിഫെസ്റ്റോ’ എന്ന പുസ്തകത്തിന്റെ പ്രകാശനച്ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.’നമ്മള്‍ ഒരിക്കലും നമ്മുടെ അയല്‍ക്കാരെ ഉപദ്രവിക്കുകയോ അനാദരിക്കുകയോ ചെയ്യില്ല. എന്നാല്‍ ആരെങ്കിലും തിന്മ ചെയ്യാന്‍ തന്നെ ഇറങ്ങിത്തിരിച്ചാല്‍ എന്താണ് പ്രതിവിധി? ജനങ്ങളെ സംരക്ഷിക്കുക എന്നത് രാജാവിന്റെ കടമയാണ്. അദ്ദേഹം ആ കടമ നിര്‍വഹിക്കും. ഗീത അഹിംസ പഠിപ്പിക്കുന്നു, അഹിംസയുടെ വഴിയിലൂടെ നിലയ്ക്ക് നിര്‍ത്താന്‍ കഴിയാത്തവരെയാണ് അര്‍ജുനന് നേരിടേണ്ടി വന്നത്’, ഭാഗവത് വ്യക്തമാക്കി.

അഹിംസ നമ്മുടെ മാര്‍ഗം, നമ്മുടെ മൂല്യം അതാണ്. എന്നാല്‍ ചിലര്‍ എത്ര ശ്രമിച്ചാലും മാറില്ല, അവര്‍ ലോകത്തിന് ബുദ്ധിമുട്ടുണ്ടാക്കിക്കൊണ്ടേയിരിക്കും, അപ്പോള്‍ എന്തു ചെയ്യും?… അഹിംസ നമ്മുടെ ധര്‍മ്മമാണ്. ഗുണ്ടകളെ ഒരു പാഠം പഠിപ്പിക്കുന്നതും നമ്മുടെ ധര്‍മ്മമാണ്. നമ്മുടെ മാതൃക കണ്ട് ചിലര്‍ മാറും, പക്ഷേ മറ്റുള്ളവര്‍ മാറില്ല… നിങ്ങള്‍ എന്ത് ചെയ്താലും ലോകത്ത് കുഴപ്പങ്ങള്‍ സൃഷ്ടിച്ചാലും അവര്‍ മാറില്ല. അപ്പോള്‍ നിങ്ങള്‍ എന്തു ചെയ്യുമെന്നും ആര്‍ആസ്എസ് മേധാവി മോഹന്‍ ഭാഗവത് ചോദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *