പുതിയ ചുവടുറപ്പിച്ച് റഷ്യയും ഉത്തരകൊറിയയും

ഉത്തരകൊറിയയും റഷ്യയും പരസ്പരമുള്ള തങ്ങളുടെ ആദ്യ റോഡ് ലിങ്ക് നിർമ്മാണം ആരംഭിച്ചതായി ഇരു രാജ്യങ്ങളും പ്രഖ്യാപിച്ചതായുള്ള റിപ്പോർട്ടുകൾ പുറത്ത്. അതിർത്തിയിലെ ഒരു നദിക്ക് കുറുകെയുള്ള പാലം നിർമ്മാണം ഇരു രാജ്യങ്ങളും തമ്മിൽ വളർന്ന് വരുന്ന ബന്ധത്തിന്റെ ഏറ്റവും പുതിയ ചിത്രമാണ്. പാലത്തിന് ഒരു കിലോമീറ്റർ (0.6 മൈൽ) നീളമുണ്ടാകുമെന്നും നിർമ്മാണത്തിന് ഒന്നര വർഷമെടുക്കുമെന്നും റിപ്പോർട്ടുകൾ പറയുന്നു.

അതിർത്തി കടന്നുള്ള ജനങ്ങളുടെ യാത്ര, ടൂറിസം, ചരക്കുകളുടെ വിതരണം എന്നിവ ഈ പാലം വർദ്ധിപ്പിക്കുമെന്ന് ഉത്തരകൊറിയയുടെ കൊറിയൻ സെൻട്രൽ ന്യൂസ് ഏജൻസി പറഞ്ഞു. യുക്രെയ്‌നിനെതിരായ റഷ്യയുടെ യുദ്ധത്തെ പിന്തുണയ്ക്കുന്നതിനായി ഉത്തരകൊറിയ വെടിക്കോപ്പുകളും സൈനികരെയും നൽകുന്നതോടെ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധങ്ങളും വിനിമയ പരിപാടികളും സമീപ വർഷങ്ങളിൽ അഭിവൃദ്ധി പ്രാപിച്ചുവരികയാണ്.

ഉത്തരകൊറിയയെയും റഷ്യയെയും ബന്ധിപ്പിക്കുന്ന ഒരു റെയിൽവേ പാലവും വ്യോമ സേവനവും ഇതിനകം തന്നെ നിലവിലുണ്ട്, 2024 ജൂണിൽ, റഷ്യയുമായും ചൈനയുമായും ഉത്തരകൊറിയയുടെ അതിർത്തികളിലൂടെ ഒഴുകുന്ന ടുമെൻ നദിക്ക് കുറുകെ വാഹനങ്ങൾക്കായി ഒരു പാലം നിർമ്മിക്കാൻ ഇരു രാജ്യങ്ങളും തീരുമാനിച്ചിരുന്നു. അതിന് ശേഷം മെയ് ഒന്നിന് ഉത്തരകൊറിയയും റഷ്യയും ഒരേസമയം അതിർത്തി നഗരങ്ങളിൽ പാലത്തിന്റെ നിർമ്മാണത്തിനായി തറക്കല്ലിടൽ ചടങ്ങ് നടത്തിയതായി ഇരു രാജ്യങ്ങളുടെയും അറിയിക്കുകയായിരുന്നു.

കഴിഞ്ഞ വർഷം യുക്രെയ്ൻ സൈന്യം പിടിച്ചെടുത്ത കുർസ്ക് മേഖലയുടെ ചില ഭാഗങ്ങൾ തിരിച്ചുപിടിക്കാൻ സഹായിക്കുന്നതിനായി റഷ്യയിലേക്ക് യുദ്ധ സൈനികരെ അയച്ചതായി ഉത്തരകൊറിയ ആദ്യമായി നേരത്തെ സ്ഥിരീകരിച്ചിരുന്നു. റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ ഉത്തരകൊറിയയ്ക്ക് അതിന് നന്ദി പറയുകയും റഷ്യയ്ക്കായി ഉത്തരകൊറിയൻ സൈനികരുടെ ത്യാഗങ്ങൾ മറക്കില്ലെന്ന് വാഗ്ദാനം ചെയ്യുകയും ഒക്കെ ചെയ്യുകയുമുണ്ടായി.

ഏപ്രിൽ 30ന് നിയമസഭാംഗങ്ങളുമായി പങ്കിട്ട ദക്ഷിണകൊറിയൻ സർക്കാർ ഇന്റലിജൻസ് വിലയിരുത്തൽ പ്രകാരം, ഉത്തരകൊറിയ ഏകദേശം 15,000 സൈനികരെ റഷ്യയിലേക്ക് അയച്ചിട്ടുണ്ട്, അവരിൽ 4,700 പേർ കൊല്ലപ്പെടുകയോ പരിക്കേൽക്കുകയോ ചെയ്തിട്ടുണ്ട്. ഉത്തരകൊറിയയുടെ പരമ്പരാഗത ആയുധങ്ങൾ വിതരണം ചെയ്യുന്നതിന് പകരമായി, റഷ്യ അവർക്ക് വ്യോമ പ്രതിരോധ മിസൈലുകൾ, ഇലക്ട്രോണിക് യുദ്ധ ഉപകരണങ്ങൾ, ഡ്രോണുകൾ, ചാര ഉപഗ്രഹ വിക്ഷേപണത്തിനുള്ള സാങ്കേതികവിദ്യ എന്നിവ നൽകിയിട്ടുണ്ടെന്നും ദക്ഷിണകൊറിയ പറയുന്നുണ്ട്.

കഴിഞ്ഞ വർഷം ഒക്ടോബർ 24 ന് ഇരു രാജ്യങ്ങളും ഒരു വിപുലമായ തന്ത്രപരമായ പങ്കാളിത്ത ഉടമ്പടിയിൽ ഒപ്പുവച്ചു. സായുധ ആക്രമണം ഉണ്ടായാൽ “ലഭ്യമായ എല്ലാ മാർഗങ്ങളിലൂടെയും” സൈനിക സഹായം നൽകാൻ ഇരു കക്ഷികളെയും ബാധ്യസ്ഥരാക്കുന്നതാണ് കരാർ. ഇത്തരത്തിൽ വിപുലീകരിക്കുന്ന ഈ വമ്പൻ രാജ്യങ്ങൾ തമ്മിലുള്ള ബന്ധം പല ശത്രുരാജ്യങ്ങൾക്കുമൊരു വെല്ലുവിളിയാകുമെന്നതിൽ സംശയമൊന്നുമില്ല..!

Leave a Reply

Your email address will not be published. Required fields are marked *