മോസ്കോ: യുക്രെയ്നിൽ ഈസ്റ്റർ ദിനത്തോടനുബന്ധിച്ച് വെടിനിർത്തൽ പ്രഖ്യാപിച്ച് റഷ്യ. ഇതുസംബന്ധിച്ച് റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ സൈന്യത്തിന് നിർദേശം നൽകിയതായാണ് രാജ്യാന്തര വാർത്ത ഏജൻസികളുടെ റിപ്പോർട്ട്. ശനിയാഴ്ച വൈകിട്ട് ആറുമണി മുതൽ തിങ്കളാഴ്ച പുലർച്ചെ (റഷ്യൻ പ്രാദേശിക സമയം) വരെയാണ് വെടിനിർത്തലെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
മനുഷ്യത്വപരമായ പരിഗണനകളുടെ അടിസ്ഥാനത്തിലാണ് ഈസ്റ്റർ ദിനത്തിൽ വെടിനിർത്തൽ പ്രഖ്യാപിക്കുന്നതെന്ന് റഷ്യൻ സൈനികമേധാവി വലേറി ഗെരസിമോവിനോട് പുട്ടിൻ പറഞ്ഞെന്നാണ് റിപ്പോർട്ട്. ‘ ഞങ്ങൾ മുന്നോട്ടുവച്ച മാതൃക യുക്രെയ്ൻ പിന്തുടരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
എന്നാൽ ശത്രുവിന്റെ ഭാഗത്തുനിന്ന് പ്രകോപനമോ വെടിനിർത്തൽ ലംഘനമോ ഉണ്ടായാൽ പ്രതിരോധിക്കാനും സൈന്യം തയാറാണ്’–പുട്ടിൻ അറിയിച്ചു. അതേസമയം, യുക്രെയ്ൻ വെടിനിർത്തലിനോട് പ്രതികരിച്ചിട്ടില്ല.