യുക്രെയ്ൻ തലസ്ഥാന നഗരിയിൽ റഷ്യൻ ഡ്രോൺ മിസൈൽ ആക്രമണം. കീവിൽ 27 ഇടങ്ങളിലായിരുന്നു ആക്രമണം. 6 വയസ്സുകാരനുൾപ്പെടെ 16 പേർ ആണ് ആക്രമണങ്ങളിൽ കൊല്ലപ്പെട്ടത് . 16 കുട്ടികളടക്കം 155 പേർക്ക് പരുക്കേറ്റു.അതേസമയം കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയവരെ പുറത്തെടുക്കാൻ ശ്രമം നടക്കുകയാണ്. പാർപ്പിട സമുച്ചയങ്ങളും സ്കൂളുകളും ആശുപത്രികളും ആണ് ആക്രമങ്ങളിൽ തകർന്നത്.റഷ്യ 309 ഡ്രോണുകളും 8 ക്രൂയിസ് മിസൈലുകളും തൊടുത്തുവിട്ടതായി യുക്രെയ്ൻ വ്യോമസേന അറിയിച്ചു.
ഓഗസ്റ്റ് 8നകം വെടിനിർത്തൽ പ്രഖ്യാപിക്കാൻ വ്ലാഡിമിർ പുട്ടിൻ തയാറായില്ലെങ്കിൽ കടുത്ത നിലപാട് സ്വീകരിക്കും. മോസ്കോ കടുത്ത ഉപരോധങ്ങൾ നേരിടേണ്ടി വരുമെന്നാണ് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ മുന്നറിയിപ്പ്.ഇത് നിലനിൽക്കെയാണ് വീണ്ടും ആക്രമണം ഉണ്ടായത്.ഇതിനിടെ, യുക്രെയ്നിലെ അഴിമതി വിരുദ്ധ ഏജൻസികളുടെ സ്വതന്ത്രാധികാരം വെട്ടിച്ചുരുക്കാനുള്ള പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കിയുടെ ശ്രമത്തിനെതിരെയുള്ള ജനകീയ പ്രതിഷേധം ഫലം കണ്ടു. ഏജൻസികളുടെ സ്വാതന്ത്ര്യം പുനഃസ്ഥാപിച്ചുകൊണ്ടുള്ള പുതിയ ബില്ലിന് പാർലമെന്റ് അംഗീകാരം നൽകി.