ശബരിമല സ്വർ‌ണക്കൊള്ള: എസ്ഐടി കാലാവധി ഒരു മാസം കൂടി നീട്ടി ഹൈക്കോടതി; ഇടക്കാല റിപ്പോർട്ട് സമർപ്പിച്ചു…

ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് എഫ്ഐആർ അടക്കമുള്ള രേഖകൾക്കായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് (ഇ.ഡി) മജിസ്ട്രേട്ട് കോടതിയെ സമീപിക്കാമെന്ന് ഹൈക്കോടതി. ഇ.ഡിയുടെ അന്വേഷണം തങ്ങൾ തടസപ്പെടുത്തിയിട്ടില്ലെന്ന് വ്യക്തമാക്കിക്കൊണ്ട് അപേക്ഷ പരിഗണിക്കാൻ റാന്നി മജിസ്ട്രേട്ട് കോടതിക്കും ഹൈക്കോടതി നിർദേശം നൽകി. സ്വർണക്കൊള്ളയിൽ അന്വേഷണം നടത്തുന്ന പ്രത്യേക അന്വേഷണ സംഘത്തിന്റെ കാലാവധി ഒരു മാസം കൂടി നീട്ടി നൽകാനും ജസ്റ്റിസുമാരായ എ.രാജാ വിജയരാഘവൻ, കെ.വി.ജയകുമാർ എന്നിവരടങ്ങളുന്ന ദേവസ്വം ബെ‍‍ഞ്ച് തീരുമാനിച്ചു. സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് എസ്ഐടി മൂന്നാമത്തെ ഇടക്കാല അന്വേഷണ റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചു. മുൻ ദേവസ്വം ബോർഡ് പ്രസിഡന്റുമാരായ എ.പത്മകുമാർ, എൻ.വാസു തുടങ്ങി ദേവസ്വം ബോർഡ് ഉദ്യോഗസ്ഥരടക്കം ആറു പേർ നിലവിൽ റിമാൻഡിലാണ്. ഇതുവരെയുള്ള അന്വേഷണ വിവരങ്ങൾ എസ്ഐടി കോടതിയെ ധരിപ്പിച്ചു. നേരത്തെ ഏഴ് ആഴ്ചയ്ക്കുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാനായിരുന്നു കോടതി നിർദേശം. എന്നാൽ അന്വേഷണം വിപുലമാവുകയും മുൻ ദേവസ്വം ബോർഡ് പ്രസിഡന്റുമാരടക്കം അറസ്റ്റിലാവുകയും ചെയ്തതോടെ കൂടുതൽ ഉന്നതതല ഇടപെടലുകൾ ഉണ്ടോ എന്നും എസ്ഐടി പരിശോധിക്കുന്നുണ്ട്. ഇതിന്റെ കൂടി അടിസ്ഥാനത്തിലാണ് ഒരു മാസത്തെ സമയം കൂടി നീട്ടി നൽകിയിരിക്കുന്നത്. ഇന്നു സമർപ്പിച്ച ഇടക്കാല റിപ്പോർട്ടിന്റെ അടിസ്ഥാനത്തില്‍ കോടതി പുറപ്പെടുവിച്ച ഉത്തരവിന്റെ പകർപ്പ് പുറത്തു വന്നിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *