ശബരിമല സ്വര്‍ണക്കൊള്ള അന്വേഷണം നിര്‍ത്തുന്നത് എല്‍ഡിഎഫ്-യുഡിഎഫ് നേതാക്കളെ രക്ഷിക്കാന്‍: കെ. സുരേന്ദ്രന്‍

ശബരിമലയിലെ സ്വര്‍ണക്കൊള്ള അന്വേഷണം സ്‌പെഷല്‍ ഇന്‍വെസ്റ്റിഗേഷന്‍ സംഘം ഏതാണ്ട് അവസാനിപ്പിച്ച മട്ടാണെന്ന് ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. അന്വേഷണം മുന്നോട്ടുപോയാല്‍ എല്‍ഡിഎഫിലെയും യുഡിഎഫിലെയും പല പ്രമുഖരായ നേതാക്കളും കുടുങ്ങുമെന്നതിനാലാണ് അവസാനിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് മാരാര്‍ജി ഭവനില്‍ ശബരിമല സംരക്ഷണ ജ്യോതി തെളിയിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.സ്വര്‍ണക്കൊള്ളയില്‍ നേരിട്ടു പങ്കാളികളായ ഉന്നത രാഷ്‌ട്രീയ നേതാക്കളെ അറസ്റ്റ് ചെയ്യാന്‍ എസ്‌ഐടിക്ക് താത്പര്യമില്ലന്ന് സുരേന്ദ്രന്‍ പറഞ്ഞു. കഴിഞ്ഞ ദിവസം ഹൈക്കോടതി എസ്‌ഐടിയെ രൂക്ഷമായാണ് വിമര്‍ശിച്ചത്. അന്വേഷണത്തില്‍ കോടതിക്ക് തൃപ്തിയില്ലാത്തതിനാലാണത്. ശങ്കരദാസിനെ അറസ്റ്റ് ചെയ്യാത്തത് മകന്‍ ഐപിഎസുകാരനായതിനാലാണോ എന്നാണ് കോടതി ചോദിച്ചത്. സാമാന്യ ജനത്തിനും ഈ സംശയമാണുള്ളത്. ദേവസ്വം ബോര്‍ഡ് അംഗമായിരുന്ന കോണ്‍ഗ്രസ് നേതാവ് അജയ് തറയില്‍ വാജിവാഹനത്തെക്കുറിച്ചു പറയുന്നത് വിചിത്രമായ വാദങ്ങളാണ്. അജയ് തറയിലിനും അടൂര്‍ പ്രകാശിനും കടകംപള്ളി സുരേന്ദ്രനുമെല്ലാം സ്വര്‍ണക്കൊള്ളയിലുള്ള പങ്കിലേക്ക് അന്വേഷണം വ്യാപിപ്പിക്കേണ്ടതുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *