ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ അന്വേഷണം നിലച്ചെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭാ സുരേന്ദ്രന്‍. ഇക്കാര്യം കോടതിക്കും ബോധ്യമായെന്ന് അവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സംഭവം നടന്ന് മാസങ്ങള്‍ കഴിഞ്ഞിട്ടും തൊണ്ടി മുതല്‍ പോലും കണ്ടെത്താനായിട്ടില്ല. ഈ സാഹചര്യത്തില്‍ സിബിഐക്ക് അന്വേഷണം കൈമാറാന്‍ കോടതി മുന്‍കൈയെടുക്കണമെന്ന് ശോഭാ സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.അന്വേഷണം ശരിയായ ദിശയിലല്ല പോകുന്നത്. കേസില്‍ പിടിയിലായ പലരും പുറത്തിറങ്ങി. കേസില്‍ മുഖ്യമന്ത്രിക്ക് പങ്കുണ്ടോ എന്നുള്ളതാണ് ഇനി അറിയാനുള്ളത്. മുഖ്യമന്ത്രിയെ ചോദ്യം ചെയ്യാന്‍ അന്വേഷണ സംഘം തയാറാകണം. ശബരിമലയില്‍ ആചാരലംഘനം നടത്തിയപ്പോള്‍ കേരളത്തിന്റെ പൊതുസമൂഹം മാര്‍ക്സിസ്റ്റ് പാര്‍ട്ടിക്ക് തിരിച്ചടി നല്‍കിയിട്ടുണ്ട്. അത് കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ സിപിഎമ്മിന് മനസിലായതാണ്. വീണ്ടും ശബരിമലയില്‍ നടത്തിയ കൊള്ളയ്‌ക്കെതിരെ മറ്റൊരു തെരഞ്ഞെടുപ്പിലൂടെ പൊതുസമൂഹം മറുപടി നല്‍കും. ആഗോള അയ്യപ്പസംഗമത്തിന്റെ പേരില്‍ അഞ്ച് കോടി രൂപയോളം ചെലവായതായാണ് ദേവസ്വം കമ്മീഷണര്‍ പറയുന്നത്. എന്നാല്‍ ഏകദേശം 7 കോടിയോളം രൂപ ചെലവായിട്ടുണ്ടെന്നാണ് പുറത്തുവരുന്ന വിവരം. അയ്യപ്പന്റെ പേരില്‍ വന്‍ തട്ടിപ്പാണ് പുറത്തുവരുന്നത്. എല്ലാ മാനദണ്ഡങ്ങളും കാറ്റില്‍ പറത്തിയാണ് അയ്യപ്പ സംഗമം നടത്തിയത്. അയ്യപ്പ സംഗമത്തില്‍ പങ്കെടുക്കാനെത്തിയ മുഖ്യമന്ത്രിക്ക് ഒരു രാത്രി ചെലവഴിക്കാന്‍ കോടികളാണ് പൊടിപൊടിച്ചത്. ഇതിന് അഖിലേന്ത്യ നേതാവായ എം. എ. ബേബി പൊതുസമൂഹത്തോട് മറുപടി പറയണം.
ശബരിമല സ്വര്‍ണ്ണക്കൊള്ള:അന്വേഷണം നിലച്ചു,ഇനി സിബിഐ വരണം-ശോഭാസുരേന്ദ്രന്‍
