ശബരിമല: സ്വർണ്ണം മാത്രമല്ല, രേഖകളും കൊള്ളയടിക്കപ്പെട്ടു.

ശബരിമല ക്ഷേത്രത്തിൽനിന്ന് സ്വർണ്ണം കൊള്ളചെയ്യപ്പെട്ടതിന് പുറകേ, തിരുവിതാംകൂർ ദേവസ്വം ബോർഡ് ആസ്ഥാനത്തുനിന്ന് ശബരിമല സംബന്ധിച്ച രേഖകളും ‘കൊള്ള’യടിക്കപ്പെട്ടു. ശബരിമല യുവതീ പ്രവേശന വിഷയത്തിൽ പുതിയ വഴിത്തിരിവുകൾ ഉണ്ടായിക്കൊണ്ടിരിക്കെ ഇതുസംബന്ധിച്ച ഫയലുകളെല്ലാം ദേവസ്വം ബോർഡ് ആസ്ഥാനത്തുനിന്ന് കാണാതായി. ഫയലുകൾ മാത്രമല്ല, ഈ കേസ് സംബന്ധിച്ച ഒരു രേഖയും ബോർഡ് ആസ്ഥാനത്തില്ല. എന്തുസംഭവിച്ചുവെന്ന് വിശദീകരിക്കാൻ ഉദ്യോഗസ്ഥർക്കോ രേഖകളുടെ ചുമതല വഹിക്കുന്നവർക്കും വിശദീകരണമില്ല.
ശബരിമലയിൽ യുവതീ പ്രേേവശന വിഷയത്തിൽ ബോർഡ് നിലപാടു മാറ്റി സുപ്രീം കോടതിയിൽ സത്യവാങ്മൂലം കൊടുക്കാൻ നിശ്ചയിച്ച പശ്ചാത്തലത്തിൽ അത് തയാറാക്കാൻ മുൻകാല നടപടി രേഖകൾ തിരയുമ്പോഴാണ് അതുമായി ബന്ധപ്പെട്ട ഒരു രേഖയും ബോർഡ് ആസ്ഥാനത്തില്ല എന്ന് മനസ്സിലാകുന്നത്.ഞെട്ടിപ്പിക്കുന്നതാണ് ഈ സംഭവം. ആര്, എന്താവശ്യത്തിന് ഇത് മാറ്റി, അല്ലെങ്കിൽ നശിപ്പിച്ചു എന്നത് ദുരൂഹമാണ്.
2007ൽ വി.എസ്. അച്യുതാനനന്ദൻ മുഖ്യമന്ത്രിയായിരിക്കെ എൽഡിഎഫ് സർക്കാർ യുവതീ പ്രവേശനം ആകാമെന്ന നിലപാട് കോടതിയെ അറിയിക്കുകയായിരുന്നു. 2016 ആദ്യം, യുവതീ പ്രവേശനം പാടില്ലെന്ന് ഉമ്മൻ ചാണ്ടിയുടെ നേതൃത്വത്തിലുള്ള യുഡിഎഫ് സർക്കാർ കോടതിയിൽ പറഞ്ഞു. 2016 ഡിസംബറിൽ ഈ നിലപാട് തിരുത്തി യുവതീ പ്രവേശനമാകാമെന്ന് പിണറായി വിജയന്റെ നേതൃത്വത്തിൽ എൽഡിഎഫ് സർക്കാർ പുതിയ സത്യവാങ്മൂലം നൽകി. ഈ നിലപാടുതിരുത്തുന്നതിന് മുന്നോടിയായാണ് ദേവസ്വം ബോർഡ് യുവതീ പ്രവേശനത്തെ എതിർക്കുന്ന, തുടർന്നുവരുന്ന ആചാര അനുഷ്ഠാനങ്ങൾ തുടരണമെന്ന നിലപാടെടുത്തത്. ഈ നിലപാട് കോടതിയെ അറിയിക്കേണ്ടതുണ്ട്. അതിനിടെയാണ് രേഖകൾ ഒന്നടങ്കം കാണാതായത്.
വിവിധ കോടതികളിൽ ഈ കേസ് നടത്തിയ അഭിഭാഷകരിൽനിന്ന് രേഖകൾ കണ്ടുപിടിക്കാനുള്ള ശ്രമത്തിലാണ് ദേവസ്വം ബോർഡ്. എന്നാൽ രേഖകളുടെ പകർപ്പല്ലാതെ ഒറിജിനൽ ലഭിക്കില്ലെന്നതാണ് സ്ഥിതി

Leave a Reply

Your email address will not be published. Required fields are marked *